ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അമ്പയറിങ് പിഴവിനാണ് ഇന്ത്യ – ന്യൂസിലൻഡ് രണ്ടാം ടി20 മത്സരം സാക്ഷിയായത്. തേർഡ് അമ്പയർക്ക് തന്നെ പിഴവ് പറ്റിയത് ക്രിക്കറ്റ് ലോകത്ത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരിക്കുകയാണ്. കിവി ബാറ്റ്സ്മാൻ ഡാറിൽ മിച്ചലിന്റെ വിക്കറ്റാണ് വിവാദമായിരിക്കുന്നത്.

ന്യൂസിലൻഡ് ഇന്നിങ്സിലെ ആറാം ഓവറിലാണ് സംഭവം. ക്രുണാൽ പാണ്ഡ്യ എറിഞ്ഞ ആറാം ഓവറിലെ അവസാന പന്തിലാണ് എൽബിഡബ്ല്യുവിലൂടെ ഡാറിൽ മിച്ചൽ പുറത്താകുന്നത്. പന്ത് പാഡിൽ തട്ടിയതോടെ ഫീൾഡ് അമ്പയർ ഔട്ട് വിളിക്കുകയായിരുന്നു. എന്നാൽ നോൺ സ്ട്രൈക്ക് എൻഡിൽ ഉണ്ടായിരുന്ന നായകൻ കെയ്ൻ വില്യംസണും മിച്ചലും ഔട്ട്‌ അല്ല എന്ന് വാദിച്ച് റിവ്യൂ വിളിച്ചു.

ഡിആർഎസിൽ ഡാറിൽ മിച്ചലിന്റെ ബാറ്റിൽ തട്ടിയ ശേഷമാണ് പാഡിൽ പന്ത് എത്തുന്നത് വ്യക്തമായി. എന്നാൽ ഫീൾഡ് അമ്പയറുടെ തീരുമാനത്തിൽ മാറ്റം തേർഡ് അമ്പയർ ഷോൺ ഹെയ്ഗ് തയ്യാറാകാത്തതിനെ തുടർന്ന് മിച്ചൽ പുറത്തായി. ഇതാണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

മത്സരത്തിൽ ഏഴ് വിക്കറ്റിന് ഇന്ത്യ ആതിഥേയരെ കീഴ്പ്പെടുത്തിയിരുന്നു. ന്യൂസിലൻഡ് ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം 19-ാം ഓവറിൽ ഇന്ത്യ മറികടന്നു. ഫോറടിച്ചുകൊണ്ട് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ തുടങ്ങിവച്ച ഇന്നിങ്സ് ഫോറടിച്ച് ഋഷഭ് പന്ത് പൂർത്തിയാക്കി. ഓരോ മത്സരങ്ങൾ വീതം ജയിച്ച് ഇരു ടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പമെത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ