പുരുഷ ലോകകപ്പ് ഹോക്കിയില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങി ഇന്ത്യ പുറത്ത്. ക്രോസ് ഓവര്‍ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൌട്ടിലാണ് ഇന്ത്യ പരാജയപ്പെട്ടത്. നിശ്ചിത സമയത്ത് ഇരുടീമുകളും 3-3 സമനില പാലിച്ചതോടെ അധിക സമയത്തേക്ക് കടക്കുകയായിരുന്നു. എന്നാല്‍, അധിക സമയത്തും തുല്യരായി നിന്നതോടെ വീണ്ടും അധിക സമയം അനുവദിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ സ്‌കോര്‍ ചെയ്തതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൌട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 4-5നായിരുന്നു ഇന്ത്യയുടെ തോല്‍വി.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ന്യൂസീലന്‍ഡിനായി സീന്‍ ഫിന്‍ഡ്‌ലി രണ്ട് തവണയും നിക് വുഡ്‌സ്, ഹൈഡന്‍ ഫിലിപ്‌സ്, സാം ലെയ്ന്‍ എന്നിവരും ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കായി രാജ് കുമാര്‍ പാല്‍ രണ്ടു തവണയും ഹര്‍മന്‍പ്രീത് സിങ്, സുഖ്ജീത് സിങ് എന്നിവര്‍ക്കും മാത്രമാണ് ലക്ഷ്യം കാണാനായത്. ഷംഷെര്‍ സിങ്ങിന്റെ രണ്ട് കിക്കും പാഴായി.
നവംബറില്‍ അവസാനം ഏറ്റുമുട്ടിയ രണ്ട് കളിയിലും ഇന്ത്യക്കായിരുന്നു ജയം. ഇരുടീമും 44 മത്സരങ്ങളില്‍ ആകെ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യ 24ലും ന്യൂസിലന്‍ഡ് 15 കളിയിലും ജയിച്ചു. അഞ്ച് കളി മാത്രമേ സമനിലയില്‍ അവസാനിച്ചിട്ടുള്ളൂ.