/indian-express-malayalam/media/media_files/uploads/2021/11/india-vs-new-zealand-first-twenty-20-predicted-xi-and-preview-582494-FI.jpg)
ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തില്‍ Photo: Facebook/ Indian Cricket Team
ജയ്പൂര്: ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കിറങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നിലുള്ള പ്രധാന വെല്ലുവിളി ബാറ്റിങ് ഓര്‍ഡര്‍ തന്നെയാണ്. ഓപ്പണിങ് സ്ഥാനത്തിറങ്ങുന്ന അഞ്ച് താരങ്ങളാണ് ടീമിലുള്ളത്. മൂന്ന് മധ്യനിര ബാറ്റര്‍മാരും. ഓപ്പണിങ് ബാറ്റര്‍മാര്‍ പലരും മധ്യനിരയിലേക്ക് പിന്തള്ളപ്പെട്ടേക്കാം. പക്ഷെ, പുതിയ നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഏറ്റവും അനുയോജ്യമായ സ്ഥാനങ്ങളില്‍ താരങ്ങളെ ഇറക്കാനായിരിക്കും ഉദ്ദേശിക്കുക.
ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച വച്ച വെങ്കിടേഷ് അയ്യരായിരിക്കും ടീമില്‍ ഇടം നേടാന്‍ സാധ്യതയുള്ള യുവതാരം. ഇടം കൈയന്‍ ബാറ്ററായതുകൊണ്ട് മാത്രമല്ല അയ്യര്‍ ടീമിലെത്തുക. ബോളര്‍മാരെ ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കെല്‍പുള്ള താരമാണ് അയ്യര്‍. അയ്യരെത്തുമ്പോള്‍ കെഎല്‍ രാഹുല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കാം. സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവര്‍ ബാറ്റിങ് ഓര്‍ഡറില്‍ പിന്നാലെ എത്തിയേക്കും.
വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് റിഷഭ് പന്തിനെ തന്നെയായിരിക്കും ആദ്യ രണ്ട് കളികളില്‍ പരിഗണിക്കുക. ഇഷാന്‍ കിഷന് അവസരം ഒരുങ്ങുമോ എന്നതില്‍ വ്യക്തതയില്ല. സെയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ മിന്നും പ്രകടനം നടത്തി ടീമില്‍ ഇടം നേടിയ താരമാണ് റുതുരാജ് ഗെയ്ക്വാദ്. താരത്തെ ആദ്യ ഇലവെനില്‍ ഉള്‍പ്പെടുത്താനുള്ള താത്പര്യം എന്തായാലും ടീം മാനേജ്മെന്റിന് ഉണ്ടായിരിക്കും. പക്ഷെ ആദ്യ മത്സരത്തില്‍ തന്നെ താരത്തെ പരിഗണിക്കുമോ എന്നതില്‍ സംശയമാണ്.
ബാറ്റിങ് ഓര്‍ഡര്‍ പോലെ അത്ര അസാധാരണ പ്രശ്നം ബോളിങ് നിരയിലേക്ക് എത്തുമ്പോള്‍ ഇല്ലെന്ന് തന്നെ പറയാം. ട്വന്റി 20 ലോകകപ്പില്‍ തന്റെ പ്രാധാന്യം തെളിയിക്കാന്‍ മുതിര്‍ന്ന താരമായ രവിചന്ദ്രന്‍ അശ്വിന് സാധിച്ചിരുന്നു. അതിനാല്‍ അശ്വിന്‍ ടീമിലിടം കണ്ടത്തിയേക്കും. അക്സര്‍ പട്ടേലിന് മുകളില്‍ യുസുവേന്ദ്ര ചഹലിനെ പരിഗണിച്ചേക്കാം. മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താന്‍ ടീം തീരുമാനിച്ചില്ലെങ്കില്‍ രവീന്ദ്ര ജഡേജയ്ക്ക് വിശ്രമം അനുവദിക്കാനിടയുണ്ട്.
ജസ്പ്രിത് ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജിനും ഭുവനേശ്വര്‍ കുമാറിനും ഉത്തരവാദിത്വങ്ങള്‍ കൂടുതലാണ്. ഐപിഎല്ലില്‍ തിളങ്ങിയ ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരില്‍ ഒരാള്‍ ആദ്യ ഇലവനില്‍ ഇടം നേടിയേക്കും. മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരേയും ഉള്‍പ്പെടുത്തിയുള്ള ടീം ലൈന്‍ അപ്പാണ് ഇന്ത്യ ഇത്ര കാലവും പരീക്ഷിച്ചിരുന്നത്. ജയ്പൂരിലെ മൈതാനം വലുതായതുകൊണ്ട് തന്നെ ഇതിന് ഒരു മാറ്റം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
2013 ന് ശേഷം ഇതുവരെ ജയ്പൂരില്‍ ഒരു ട്വന്റി 20 മത്സരം അരങ്ങേറിയിട്ടില്ല. 2019 ഐപിഎല്‍ സീസണില്‍ ഏഴ് മത്സരങ്ങളാണ് നടന്നത്. ആറിലും ജയം രണ്ടാമത് ബാറ്റ് ചെയ്തവര്‍ക്കായിരുന്നു. അതിനാല്‍ തന്നെ ടോസ് ലഭിക്കുന്നവര്‍ ബോളിങ് തിരഞ്ഞെടുത്താല്‍ അത്ഭുതപ്പെടാനില്ല. ട്വന്റി 20യില്‍ ഇന്ത്യക്ക് മുകളില്‍ ന്യൂസിലന്‍ഡിന് വ്യക്തമായ ആധിപത്യമുണ്ട്. 15 മത്സരങ്ങളില്‍ ആറ് തവണ മാത്രമാണ് ഇന്ത്യക്ക് വിജയിക്കാനായത്.
Also Read: ഓരോ ഫോർമാറ്റിലും വ്യത്യസ്ത ടീമുകൾ ഉണ്ടാവില്ല; കളിക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകും: ദ്രാവിഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.