കാന്‍പൂര്‍: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിൽ ഒരു ദിനം കൂടി അവശേഷിക്കെ ന്യൂസിലൻഡിന് 284 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ 284 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡ് നാലാം ദിനം കളി അവസാനിക്കുമ്പോൾ 4-1 എന്ന നിലയിലാണ്. ടോം ലാതമും വില്യം സോമർവില്ലുമാണ് ക്രീസിൽ. രണ്ടു റൺസ് നേടിയ വിൽ യങ്ങാണ് പുറത്തായത്. അശ്വിൻ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.
ആദ്യ സെഷനിലെ ബാറ്റിങ് തകര്‍ച്ചയ്ക്ക് ശേഷം ശ്രേയസ് അയ്യര്‍ – വൃദ്ധിമാന്‍ സാഹ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് തുണയായത്. ഇവരുടെ മികവിൽ ഇന്ത്യ 234-7 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു.
ആദ്യ സെഷന്റെ തുടക്കത്തില്‍ ഇന്ത്യയ്ക്ക് ആധിപത്യം പുലര്‍ത്താനായിരുന്നു. അനായാസം ബൗണ്ടറികള്‍ കണ്ടെത്തി മായങ്ക് അഗര്‍വാളും ചേതേശ്വര്‍ പൂജാരയും സ്കോറിങ്ങിന് വേഗം കൂട്ടി. പക്ഷെ സ്കോര്‍ 32 ല്‍ നില്‍ക്കെ പൂജാരയെ മടക്കി കെയില്‍ ജാമിസണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. 22 റണ്‍സെടുത്താണ് പൂജാര പുറത്തായത്.
പിന്നാലെയെത്തിയ നായകന് അജിങ്ക്യ രഹാനെ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. നാല് റണ്‍സെടുത്ത രഹാനയെ അജാസ് പട്ടേലാണ് മടക്കിയത്. ഒരോവറില്‍ തന്നെ മായങ്കിനേയും രവീന്ദ്ര ജഡേജയേയും പുറത്താക്കി സൗത്തി ഇന്ത്യയുടെ ഔദ്യോഗിക ബാറ്റിങ് നിരയെ ഇല്ലാതാക്കി. ഇനി അവശേഷിക്കുന്നത് ശ്രേയസ് അയ്യര്‍ മാത്രമാണ്. അയ്യരുടേയും അശ്വിന്റേയും കൂട്ടുകെട്ടായിരിക്കും ഇന്ത്യയുടെ ലീഡില്‍ നിര്‍ണായകമാവുക.
52 റണ്‍സ് ആറാം വിക്കറ്റില്‍ ചേര്‍ത്തതിന് ശേഷമാണ് അശ്വിന് പുറത്തായത്. 32 റണ്‍സെടുത്ത അശ്വിനെ ജാമിസണ് ബൗള്‍ഡാക്കുകയായിരുന്നു. എന്നാല്‍ അശ്വിന് ശേഷം ക്രീസിലെത്തിയ വൃദ്ധിമാന്‍ സാഹയെ കൂട്ടുപിടിച്ച് ശ്രേയസ് അയ്യര്‍ ഇന്ത്യയെ മുന്നോട്ട് നയിച്ചു. ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ അയ്യര്‍ രണ്ടാം ഇന്നിങ്സില്‍ അര്‍ദ്ധ ശതകം പിന്നിടുകയും ചെയ്തു.
125 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയാണ് അയ്യര്‍ മടങ്ങിയത്. എട്ട് ഫോറുകളും ഒരു സിക്സും ഇന്നിങ്സില്‍ പിറന്നു. വൃദ്ധിമാന്‍ സാഹ 61 റൺസും അക്സര്‍ പട്ടേൽ 28 റൺസും നേടി പുറത്താകാതെ നിന്നു.
നേരത്തെ അക്സര്‍ പട്ടേലിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ മികവില്‍ ന്യൂസിലന്‍ഡിനെ ഒന്നാം ഇന്നിങ്സില്‍ 296 റണ്‍സിന് പുറത്താക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ടോം ലാഥം (95), വില്‍ യങ് (89) എന്നിവര്‍ മാത്രമാണ് കിവീസ് നിരയില്‍ തിളങ്ങിയത്. 345 റണ്‍സാണ് ആതിഥേയര്‍ ഒന്നാം ഇന്നിങ്സില്‍ നേടിയത്. ഇന്ത്യയ്ക്കായി ശ്രേയസ് അയ്യര്‍ സെഞ്ചുറി നേടി.