കാന്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഒന്നിന് 14 റൺസ് എന്ന നിലയിൽ. ഒരു റൺ നേടിയ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നാല് റൺസുമായി മായങ്ക് അഗർവാളും ഒമ്പത് റൺസുമായി പുജാരയുമാണ് ക്രീസിൽ. 63 റൺസിനു മുന്നിലാണ് ഇന്ത്യ.
നേരത്തെ ന്യൂസീലൻഡിനെ 296ന് പുറത്താക്കി ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 49 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേലാണ് സന്ദർശകരെ തകർക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. മൂന്ന് വിക്കറ്റുമായി രവിചന്ദ്ര അശ്വിനും തിളങ്ങി. രവീന്ദ്ര ജഡേജയും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസ് എന്ന നിലയിലാണ് ന്യൂസീലൻഡ് മൂന്നാം ദിനം ആരംഭിച്ചത്. ആദ്യ സെഷനില്‍ തന്നെ ന്യൂസിലന്‍ഡിന്റെ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ത്ത് മത്സരത്തിലേക്ക് തിരിച്ചു വരാനുള്ള ഇന്ത്യയുടെ ശ്രമം ഒരുപാട് വൈകാതെ തന്നെ വിജയിച്ചു. സ്കോര്‍ 151 ല്‍ നില്കെ രവിചന്ദ്രന്‍ അശ്വിനാണ് കിവീസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത്. വിക്കറ്റിന് പിന്നില്‍ യുവതാരം ശ്രീകര്‍ ഭരത്തിന്റെ ഉജ്വല ക്യാച്ചും വിക്കറ്റിന്റെ തിളക്കം കൂട്ടി.
പിന്നീടെത്തിയ നായകന് കെയിന്‍ വില്യംസണിനെ കൂട്ടുപിടിച്ച് ലാഥം വീണ്ടും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി. എന്നാല്‍ രണ്ടാം ന്യൂബോള്‍ എടുത്തത് ഇന്ത്യയ്ക്ക് ഗുണകരമായി. ഉമേഷ് യാദവിന്റെ പന്തില്‍ വില്യംസണ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രണ്ടാം സെഷനില്‍ 68 റണ്‍സ് വിട്ടു നല്കി രണ്ട് വിക്കറ്റെടുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.
വില്യംസണിന് പിന്നാലെ എത്തിയത് പരിചയസമ്പന്നനായ റോസ് ടെയ്ലറായിരുന്നു. എന്നാല്‍ അക്സര്‍ പട്ടേലില്‍ ഇന്ത്യയ്ക്കായി വിക്കറ്റ് വേട്ട ആരംഭിച്ചു. റെയ്ലറിനെ 11 റണ്‍സിന് മടക്കിയായിരുന്നു തുടക്കം. അഞ്ചാമനായി ഇറങ്ങിയ ഹെന്റി നിക്കോളാസിനെ കേവലം രണ്ട് റണ്‍സിന് പുറത്തായി. വീണ്ടും അക്സര്‍ ഇന്ത്യയ്ക്ക് നിര്‍ണായക വിക്കറ്റ് സമ്മാനിച്ചു.
തുടക്കം മുതല്‍ ഇന്ത്യന്‍ ബോളര്‍മാരെ ചെറുത്ത് നിന്ന് ന്യൂസിലന്‍ഡിനായി പോരാടാന്‍ ടോം ലാഥത്തിനായിരുന്നു. പക്ഷെ അക്സറിന്റെ തന്ത്രം ലാഥത്തിന്റെ സെഞ്ചുറി നിഷേധിച്ചു. മുന്നോട്ടെത്തി ഷോട്ടിന് മുതിര്‍ന്ന ലാഥത്തിന് പിഴച്ചു. നിമിഷ നേരംകൊണ്ട് സ്റ്റമ്പ് ചെയ്യാന്‍ വിക്കറ്റ് കീപ്പര്‍ ഭരത്തിന് സാധിച്ചു. 282 പന്തില്‍ 10 ഫോറുകളുടെ അകമ്പടിയോടെയാണ് ലാഥം 95 റണ്‍സ് നേടിയത്.
പിന്നീട് രചിൻ രവീന്ദ്ര (13), ടോം ബ്ലണ്ടൽ (23) എന്നിവർ അല്പ നേരം പിടിച്ചു നിന്നെങ്കിലും ജഡേജയും അശ്വിനും വീഴ്ത്തി. അതിനുശേഷം എത്തിയ സൗത്തീ (5) സോമർവിൽ (6) എന്നിവരും കാര്യമായ സംഭാവന നൽകും മുൻപേ പുറത്തായി. അതോടെ ന്യൂസീലൻഡ് 296 റൺസിന് ഓൾ ഔട്ടായി. അജാസ് പട്ടേൽ അഞ്ചു റൺസുമായി പുറത്താകാതെ നിന്നു.
കന്നി ടെസ്റ്റില്‍ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെ (105) മികവിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 345 റണ്‍സ് ലീഡ് നേടിയത്. അയ്യര്‍ക്ക് പുറമെ ശുഭ്മാന്‍ ഗില്‍ (52), ജഡേജ (50), അശ്വിന് (38), രഹാനെ (35) എന്നിവരും ആതിഥേയര്‍ക്കായി തിളങ്ങി. അഞ്ച് വിക്കറ്റ് നേടിയ ടിം സൗത്തിയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്ത്. കെയില്‍ ജാമീസണ് മൂന്നും, അജാസ് പട്ടേല്‍ രണ്ടും വിക്കറ്റ് നേടി.