കാന്‍പൂര്‍: ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ മികച്ച തുടക്കം നേടിയ ന്യൂസിലന്‍ഡ് രണ്ടാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസ് നേടി. 57 ഓവറിലാണ് കിവീസ് 129 റൺസ് നേടിയത്.
75 റണ്‍സെടുത്ത വില്‍ യങ്ങും 50 റണ്‍സുമായി ടോം ലാഥവുമാണ് ക്രീസില്‍.
നേരത്തെ കൂറ്റന്‍ ഒന്നാം ഇന്നിങ്സ് സ്കോര്‍ ലക്ഷ്യമിട്ട് രണ്ടാം ദിനമിറങ്ങിയ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. ആദ്യ സെഷനില്‍ ആതിഥേയര്‍ക്ക് തന്നെ നാല് വിക്കറ്റ് നഷ്ടമായ ആതിഥേയര്‍ 345 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ടിം സൗത്തിയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.
രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ന്യൂസിലന്‍ഡ് തങ്ങളുടെ പദ്ധതി നടപ്പിലാക്കി. രവീന്ദ്ര ജഡേജയെ മടക്കി ടിം സൗത്തി 121 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തു. പിന്നീട് കാര്യമായ ചെറുത്തു നില്പ്പു നടത്താന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. എന്നാല്‍ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി നേടി ശ്രേയസ് അയ്യര്‍ തന്റെ മികവ് കാണിച്ചു.
171 പന്തില്‍ 105 റണ്‍സെടുത്ത അയ്യരിനെ മടക്കിയതും സൗത്തി തന്നെയായിരുന്നു. 13 ഫോറുകളും രണ്ട് സിക്സറുകളും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. വ്യദ്ധിമാന്‍ സാഹ (1), അക്സര്‍ പട്ടേല്‍ (3) എന്നവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 38 റണ്‍സ് നേടിയ അശ്വിനെ രണ്ടാം സെഷന്റെ തുടക്കത്തില്‍ തന്നെ അജാസ് പട്ടേല്‍ പുറത്താക്കി.
ആദ്യ ദിനം ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 13 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ നേരത്തെ പുറത്തായെങ്കിലും ശുഭ്മാന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും ചെര്‍ന്ന് ഇന്ത്യയെ ഭദ്രമായ നിലയിലെത്തിച്ചു. സ്കോര്‍ 82 ല്‍ നില്‍ക്കെയാണ് അര്‍ദ്ധ സെഞ്ചുറി നേട്ടത്തിന് പിന്നാലെ ഗില്ലിനെ കെയില്‍ ജാമിസണ് മടക്കിയത്.
പിന്നീടെത്തിയ അജിങ്ക്യ രഹാനെ കൂട്ടുപിടിച്ച് ഒരുപാട് ദൂരം പോകാന്‍ പൂജാരയ്ക്ക് കഴിഞ്ഞില്ല. 26 റണ്‍സെടുത്ത താരത്തെ ടിം സൗത്തിയാണ് പുറത്താക്കിയത്. മികച്ച തുടക്കം ലഭിച്ച രഹാനയെ ബൗള്‍ഡാക്കി ജാമിസണ് രണ്ടാം സെഷന് ന്യൂസിലന്‍ഡിന് അനുകൂലമാക്കി. 35 റണ്‍സെടുത്താണ് രഹാനെ പുറത്തായത്.
പക്ഷെ അയ്യരും ജഡേജയും ചേര്‍ന്ന് അപകടങ്ങള്‍ ഉണ്ടാകാതെ ആദ്യ ദിനം അവസാനിപ്പിക്കുകയായിരുന്നു. 136 പന്തുകള്‍ നേരിട്ട അയ്യര്‍ 75 റണ്‍സാണ് ഇതുവരെ നേടിയത്. ഏഴ് ഫോറുകളും രണ്ട് സിക്സറും അയ്യരുടെ ബാറ്റില്‍ നിന്ന് പിറന്നു. അനായസം കരുതലോടെയായിരുന്നു ജഡേജയുടെ ഇന്നിങ്സ്. 100 പന്തില്‍ നിന്നാണ് അര്‍ദ്ധ സെഞ്ചുറി നേടിയത്.