ഇന്ത്യയ്ക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ന്യൂസിലൻഡിന് കൂറ്റൻ സ്കോർ. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ന്യൂസിലൻഡ് ഇന്ത്യയ്ക്ക് മുന്നിൽ 220 റൺസിന്റെ വിജയലക്ഷ്യമാണ് കുറിച്ചിരിക്കുന്നത്. അർധ സെഞ്ചുറി നേടിയ ടിം സെയ്ഫെർട്ടിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിലായിരുന്നു കിവികളുടെ കുതിപ്പ്. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് ആതിഥേയർ സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച കിവികൾക്ക് ഒപ്പണർമാരായ കോളിൻ മുൻറോയും ടിം സെയ്ഫെർട്ടും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 20 പന്തിൽ 34 റൺസെടുത്ത കോളിൻ മുൻറോ മടങ്ങിയെങ്കിലും ടിം സെയ്ഫെർട്ട് അർധ സെഞ്ചുറി തികച്ച് മുന്നേറി. 43 പന്തിൽ ആറ് സിക്സുകളുടെയും ഏഴ് ബൗണ്ടറികളുടെയും അകമ്പടിയോടെ 84 റൺസാണ് സെയ്ഫെർട്ട് അടിച്ചുകൂട്ടിയത്.
പിന്നാലെ എത്തിയ നായകൻ കെയ്ൺ വില്ല്യംസൺ 34 രൺസുമായി മികച്ച പിന്തുണ നൽകി. റോസ് ടെയ്‍ലർ 23 റൺസ് നേടി. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ താരങ്ങൾ വിക്കറ്റ് വീഴ്ത്തിയെങ്കിലും കിവിസ് താരങ്ങൾ നിരന്തരം ബൗണ്ടറികൾ കണ്ടെത്തിയതോടെ സ്കോർ അതിവേഗം ഉയരുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കോഹ്‌ലിക്ക് പകരം രോഹിത് ശർമ്മയാണ് ഇന്ത്യയെ നയിക്കുന്നത്. പാണ്ഡ്യ സഹോദരന്മാർ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയാണ് ഇന്ത്യ ന്യൂസിലൻഡിൽ കളിയ്ക്കുക. ടി20 പരമ്പരയും സ്വന്തമാക്കാൻ ഇന്ത്യ ഇറങ്ങുമ്പോൾ സ്വന്തം നാട്ടിൽ ആശ്വാസ പരമ്പര നേട്ടമാണ് ന്യൂസിലൻഡിന്റെ ലക്ഷ്യം.