India vs New Zealand T20 Live Cricket Score: ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ ടി20 പരമ്പര ആതിഥേയർക്ക്. അവസാന ടി20 മത്സരത്തിൽ പത്ത് റൺസിനാണ് ഇന്ത്യ ന്യൂസിലൻഡിനോട് പരാജയപ്പെട്ടത്. ന്യൂസിലൻഡ് ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 208 റൺസെടുക്കാനെ സാധിച്ചുള്ളു.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. അഞ്ച് റൺസെടുത്ത ശിഖർ ധവാനെ മടക്കി ന്യൂസിലൻഡ് ഇന്ത്യയെ ഞെട്ടിച്ചു. എന്നാൽ പിന്നാലെ എത്തിയ വിജയ് ശങ്കർ തകർത്തടിക്കുകയായിരുന്നു. 28 പന്തിൽ രണ്ട് സിക്സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 43 റൺസാണ് ശങ്കർ അടിച്ചെടുത്തത്.

വിജയ് ശങ്കർ പുറത്തായതിന് പിന്നാലെ എത്തിയ പന്ത് തകർപ്പൻ അടികളിലൂടെ സ്കോർ ചെയ്തെങ്കിലും ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. 12 പന്തിൽ 28 റൺസ് നേടി പന്ത് പുറത്തായി. ഹാർദിക് പാണ്ഡ്യ സമാന രീതിയിൽ ബാറ്റ് വീശി 11 പന്തിൽ 21 റൺസുമായി കളം വിട്ടു. ധോണിയ്ക്ക് രണ്ട് റൺസെടുക്കാനെ സാധിച്ചുള്ളു. അവസാന ഓവറുകളിൽ കാർത്തിക്കും ക്രുണാൽ പാണ്ഡ്യയും തകർത്തടിച്ചതോടെ ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കിയെങ്കിലും നാല് റൺസകലെ ഇന്ത്യയ്ക്ക് ജയം നഷ്ടമായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി ന്യൂസിലൻഡിന് വേണ്ടി ഓപ്പണർമാരായ ടിം സെയ്ഫെർട്ടും കോളിൻ മുൻറോയും ചേർന്ന് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുകകയായിരുന്നു. പിന്നാലെ എത്തിയവരും മികച്ച ബാറ്റിങ്ങിൽ തിളങ്ങിയപ്പോൾ ന്യൂസിലൻഡ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 212 റൺസെടുത്തു.

ആദ്യ ഓവറിൽ തന്നെ പതിനൊന്ന് റൺസ് അടിച്ചെടുത്ത ന്യൂസിലൻഡ് താരങ്ങൾ വരാനിരിക്കുന്ന മാരക പ്രഹരത്തിന്റെ മുന്നറിയിപ്പ് നൽകി. ഇന്ത്യൻ ബോളർമാരിൽ കുൽദീപ് യാദവ് ഒഴികെ ബാക്കി താരങ്ങളെല്ലാം അനായാസം റൺസ് വിട്ടുനൽകി. നാല് ഓവറിൽ 26 റൺസിന് രണ്ട് വിക്കറ്റും കുൽദീപ് വീഴ്ത്തി.

അർധ സെഞ്ചുറിയിലേയ്ക്ക് കുതിയ്ക്കുകയായിരുന്ന സെയ്ഫെർട്ടിനെ പുറത്താക്കി കുൽദീപ് യാദവാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ വിക്കറ്റ് വീഴ്ത്തിയത്. 25 പന്തിൽ മൂന്ന് വീതം സിക്സും ഫോറും പായിച്ച് 43 റൺസാണ് സെയ്ഫെർട്ട് നേടിയത്. താരം പുറത്തായെങ്കിലും നായകൻ കെയ്ൻ വില്ല്യംസണൊപ്പം ചേർന്ന് കോളിൻ മുൻറോ സ്കോർബോർഡ് ചലിപ്പിച്ചു.

പിന്നാലെ അർധ സെഞ്ചുറി തികച്ച കോളിൻ മുൻറോയെയും കുൽദീപ് പുറത്താക്കി. 40 പന്തിൽ 72 റൺസ് നേടിയ ശേഷമാണ് മുൻറോ ക്രീസ് വിട്ടത്. അഞ്ച് വീതം സിക്സും ഫോറും അടങ്ങുന്നതായിരുന്നു മുൻറോയുടെ ഇന്നിങ്സ്. ഖലീൽ അഹമ്മദ് കെയിൻ വില്ല്യംസിനെ പുറത്താക്കിയെങ്കിലും ന്യൂസിലൻഡിന്റെ സ്കോറിങ് പുരോഗമിച്ചു. അവസാന ഓവറുകളിൽ ഗ്രാൻഡ്ഹോമും ഡാറിൽ മിച്ചലും തകർത്തടിച്ചതോടെ കിവികൾ അനായാസം 200 കടന്നു.

ഓരോ മത്സരങ്ങൾ വീതം ഇരു ടീമുകളും ജയിച്ച് നിൽക്കുന്ന പരമ്പരയുടെ വിജയികളെ നിർണയിക്കുന്ന മത്സരമാണ് ഇന്നത്തേത്. ആദ്യ മത്സരത്തിൽ ന്യൂസിലൻഡും രണ്ടാം മത്സരത്തിൽ ഇന്ത്യയും ജയിച്ചിരുന്നു.

ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സ്‍പിന്നർ യുസ്‌വേന്ദ്ര ചാഹലിന് പകരം കുൽദീപ് യാദവ് ടീമിലേയ്ക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ശിഖർ ധവാനും നായകൻ രോഹിത് ശർമ്മയും ഇന്നിങ്സ് ഓപ്പൺ ചെയ്യും. ഋഷഭ് പന്ത് മൂന്നാം നമ്പരിലും വിജയ് ശങ്കർ നാലാമനായും ബാറ്റ് വീശാനൊരുങ്ങുമ്പോൾ ഫിനിഷിങ്ങിന്റെ ഉത്തരവാദിത്വം ധോണിക്കും കാർത്തിക്കിനുമാകും.

ഓൾറൗണ്ടർമാരായി പാണ്ഡ്യ സഹോദരന്മാർ മൂന്നാം മത്സരത്തിലും കളിക്കും. ബോളിങ്ങിൽ ഇന്ന് സ്‍പിന്നർമാരിൽ നറുക്ക് വീണത് കുൽദീപ് യാദവിനാണ്. ഭുവനേശ്വർ കുമാറും ഖലീൽ അഹമ്മദും ചേരുന്നതോടെ ടീം സജ്ജമാകും.

ആദ്യ മത്സരത്തിലേറ്റ 80 റൺസിന്റെ നാണംകെട്ട തോൽവിക്ക് അതേ ടീമിനെ ഇറക്കി 7 വിക്കറ്റിന്റെ ജയം നേടിയാണ് രണ്ടാം ടി20യിൽ ഇന്ത്യ മറുപടി നൽകിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ