ഓക്‌ലൻഡിൽ നടന്ന ആദ്യ രണ്ട് ടി20 പരമ്പരകളിലും ആധികാരിക ജയം സ്വന്തമാക്കിയ ഇന്ത്യ തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമാക്കി നാളെ ഹാമിൾട്ടണിൽ ന്യൂസിലൻഡിനെതിരെ ഇറങ്ങും. ബാറ്റിങ്ങിലും ബോളിങ്ങിലും ആധിപത്യം തുടരാനായാൽ നാളെയും ഇന്ത്യൻ ജയം അനായാസമാകുമെന്നാണ് വിലയിരുത്തൽ. ജയിച്ചാൽ ന്യൂസിലൻഡ് മണ്ണിൽ ഇന്ത്യയുടെ ആദ്യ ടി20 പരമ്പ നേട്ടംകൂടിയാകും. പരമ്പര ജയത്തോടൊപ്പം ചരിത്രനേട്ടംകൂടി മുന്നിൽ കാണുന്ന കോഹ്‌ലിപ്പട ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യയ്ക്ക് ജയം സമ്മാനിച്ച് ടീമിൽ മാറ്റത്തിന് വിരാട് കോഹ്‌ലി മുതിർന്നേക്കില്ല.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യൻ ഇന്നിങ്സിൽ നിർണായക പങ്കു വഹിക്കുകയും ജയം ഉറപ്പാക്കുകയും ചെയ്ത കെ.എൽ.രാഹുലിലും ശ്രേയസ് അയ്യരിലും തന്നെയാണ് ഇന്ത്യൻ പ്രതീക്ഷകൾ. ഒപ്പം നായകൻ വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവർ കൂടി മികച്ച പിന്തുണ നൽകിയാൽ ഇന്ത്യയെ പിടിച്ചുകെട്ടുക ന്യൂസിലൻഡിന് അത്ര എളുപ്പമാകില്ല. സ്‌പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാൻ കഴിവുള്ള ശ്രേയസ് തന്നെയാകും മൂന്നാം മത്സരത്തിലേക്ക് എത്തുമ്പോഴും ആതിഥേയരുടെ പ്രധാന തലവേദന.

Also Read: ലക്ഷ്യം കന്നി പരമ്പര; ന്യൂസിലൻഡ് മണ്ണിൽ ചരിത്ര നേട്ടത്തിനരികെ ഇന്ത്യ

മധ്യനിരയിൽ മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ വിശ്വസ്തൻ. ഏത് സമ്മർദ്ദ ഘട്ടത്തിലും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റ് വീശാൻ സാധിക്കുന്ന, അനായാസം റൺസ് കണ്ടെത്താൻ സാധിക്കുന്ന മനീഷിനൊപ്പം ശിവം ദുബെയും ഫിനിഷറുടെ റോളിലെത്തും. ഓക്‌ലൻഡിൽ നടന്ന രണ്ടാം മത്സരത്തിൽ ശിവം ദുബെയുടെ സിക്സറിലൂടെയായിരുന്നു ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.

Also Read: ഐപിഎൽ 2020: ധോണിയും കോഹ്‌ലിയും രോഹിത്തും ഇനി ഒരു ടീമിൽ

ബോളർമാരുടെ പ്രകടനമാണ് കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയത്. കഴിഞ്ഞ മത്സരത്തിന് സമാനമായി ന്യൂസിലൻഡിനെ ചെറിയ സ്കോറിലൊതുക്കാൻ ബുംറ നയിക്കുന്ന ഇന്ത്യൻ സംഘത്തിനായാൽ ഇന്ത്യൻ ജയം അനായാസമാകും. മുഹമ്മദ് ഷമി, ഷാർദുൽ ഠാക്കൂർ എന്നിവരാണ് ടീമിലെ മറ്റ് പേസർമാർ. രവീന്ദ്ര ജഡേജയ്ക്കൊപ്പം ചാഹൽ തന്നെയായിരിക്കും
ഹാമിൾട്ടണിലും സ്‌പിന്നറാകുക.

Also Read: ധോണിയുടെ സീറ്റിൽ ഇപ്പോഴും ആരും ഇരിക്കാറില്ല; വികാരഭരിതനായി ചാഹൽ

സഞ്ജു സാംസൺ ഉൾപ്പടെയുള്ള മറ്റ് താരങ്ങളുടെ കാത്തിരിപ്പ് ഇനിയും തുടരാനുള്ള സാധ്യതയാണ് നിലവിലുള്ളത്. നാളെ പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്കായാൽ അവശേഷിക്കുന്ന മത്സരങ്ങളിൽ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കം. ഈ സാഹചര്യത്തിൽ സഞ്ജുവിനും അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: വിക്കറ്റ് കീപ്പറായി രാഹുലെത്തുന്നത് സഞ്ജുവിന്റെ സാധ്യതകൾക്ക് തിരിച്ചടിയോ?

മറുവശത്ത് ന്യൂസിലൻഡാകട്ടെ പരമ്പരയിൽ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്. റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന മധ്യനിരയാണ് ന്യൂസിലൻഡിന്റെ പ്രധാന തലവേദന. റോസ് ടെയ്‌ലർ മാത്രമാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങിയത്. ബോളർമാർ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും രാഹുലിനെയും ശ്രേയസിനെയും നേരിടാൻ പുതിയ ആയുധങ്ങളും അടവുകളും പുറത്തിറക്കേണ്ടി വരും കിവികൾക്ക്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook