ഓക്‌ലൻഡ്: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോൽവി. 22 റൺസിനാണ് ആതിഥേയർ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ന്യൂസിലൻഡ് ഉയർത്തിയ 274 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 251 റൺസിന് പുറത്താകുകയായിരുന്നു. തകർന്നടിഞ്ഞ ബാറ്റിങ് നിരയിൽ ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയും നവ്ദീപ് സൈനിയും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വിജയത്തിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചില്ല.

ഒരിക്കൽ കൂടി ഇന്ത്യൻ ഓപ്പണിങ് നിര പരാജയപ്പെടുന്ന കാഴ്ചയായിരുന്നു ഓക്‌ലൻഡിൽ. മൂന്ന് റൺസുമായി മായങ്ക് അഗർവാളും 24 റൺസുമായി പൃഥ്വി ഷായും മടങ്ങി. നായകൻ വിരാട് കോഹ്‌ലിയുടെ ഇന്നിങ്സ് നീണ്ടത് 15 റൺസ് മാത്രം. നാലമനായി ഇറങ്ങിയ ശ്രേയസ് അയ്യർ ഒരിക്കൽ കൂടി ക്രീസിൽ നിലയുറപ്പിച്ച് കളിച്ചു. കൃത്യമായ ഇടവേളകളിൽ ബൗണ്ടറിയും കണ്ടെത്തിയ താരം ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കി. എന്നാൽ രാഹുൽ നാല് റൺസിനും കേദാർ ജാദവ് ഒമ്പത് റൺസിനും പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

അർധസെഞ്ചുറിക്ക് പിന്നാലെ ശ്രേയസും പുറത്ത്. 57 പന്തിൽ ഒരു സിക്സും ഏഴ് ഫോറും അടക്കം 52 റൺസെടുത്ത താരത്തെ ബെന്നറ്റ് ലഥാമിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ഇതോടെ ബാറ്റിങ് ഉത്തരവാദിത്വം ജഡേജയുടെ കൈകളിലായി. തകർപ്പനടികളുമായി ഷാർദുൽ ഠാക്കൂറും കളം നിറഞ്ഞെങ്കിലും ക്രീസിൽ നിലയുറപ്പിക്കാനായില്ല. ഇതോടെ നവ്‌ദീപ് സൈനി ക്രീസിലെത്തി.

ജഡേജയും സൈനിയും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് മുന്നേറിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ വീണ്ടും സജീവമായി. എന്നാൽ 45-ാം ഓവറിൽ സൈനി പുറത്തായി. പിന്നാലെ ചാഹലിന്റെ റൺഔട്ടും ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചു. നീഷാമിന്റെ പന്തിൽ ഗ്രാൻഡ്ഹോമിന് ജഡേജ ക്യാച്ച് നൽകിയതോടെ ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു.

മാർട്ടിൻ ഗുപ്റ്റിലും ഹെൻറി നിക്കോൾസും തുടങ്ങി വച്ച ഇന്നിങ്സ് വാലറ്റത്ത് റോസ് ടെയ്‌ലർ അവസാനിപ്പിച്ചപ്പോൾ ഇന്ത്യയ്ക്കെതിരെ ന്യൂസലൻഡ് 274 റൺസിന്റെ വിജയലക്ഷ്യമാണ് കിവികൾ ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തിയത്. മാർട്ടിൻ ഗുപ്റ്റിലും ടെയ്‌ലറും അർധസെഞ്ചുറി തികച്ച മത്സരത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് കിവികൾ 273 റൺസെന്ന സ്കോറിലെത്തിയത്.

ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്രീസിൽ നിലയുറപ്പിച്ച ഓപ്പണർമാർ 93 റൺസിന്റെ കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 41 റൺസെടുത്ത നിക്കോളാസിനെ യുസ്‌വേന്ദ്ര ചാഹൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ടോം ബ്ലണ്ടൽ ഗുപ്റ്റിലുമായി ചേർന്ന് സ്കോർബോർഡ് ഉയർത്താൻ ശ്രമിച്ചെങ്കിലും 22 റൺസെടുക്കുന്നതിനിടയിൽ ബ്ലണ്ടലിനെ ഠാക്കൂർ മടക്കി. പിന്നാലെ തന്നെ ഗുപ്റ്റിലും പുറത്തായി. 79 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സും അടക്കം 79 റൺസാണ് ഗുപ്റ്റിൽ സ്വന്തമാക്കിയത്.

ന്യൂസിലൻഡ് ടീം സ്കോറിൽ 40 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ അഞ്ച് ബാറ്റ്സ്മാന്മാരെ കൂടാരം കയറ്റി ഇന്ത്യൻ ബോളർമാർ കരുത്ത് കാട്ടിയെങ്കിലും പുറത്താകാതെ നിന്ന ടെയ്‌ലർ ലക്ഷകനാകുകയായിരുന്നു. ഒമ്പതാം വിക്കറ്റിൽ 76 റൺസിന്റെ കൂട്ടുകെട്ടാണ് കൈൽ ജാമിസണൊപ്പം ചേർന്ന് ടെയ്‌ലർ സൃഷ്ടിച്ചത്. ടെയ്‌ലർ 74 പന്തിൽ 73 റൺസ് നേടിയപ്പോൾ കൈൽ 24 പന്തിൽ 25 റൺസ് സ്വന്തമാക്കി. അവസാന ഓവറുകളിൽ കളി മറന്ന ഇന്ത്യൻ ബോളർമാരെ നിരന്തരം ബൗണ്ടറി കടത്താൻ കിവികൾക്കായി.

ഇന്ത്യയ്ക്കുവേണ്ടി യുസ്‌വേന്ദ്ര ചാഹൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാർദുൽ ഠാക്കൂർ രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. മുഹമ്മദ് ഷമിക്ക് പകരമെത്തിയ നവ്‌ദീപ് സൈനിയുടെയും രവീന്ദ്ര ജഡേജയുടെയും പ്രകടനമാണ് റൺസ് നിയന്ത്രിക്കുന്നതിൽ നിർണായകമായത്.

Also Read: വാതുവയ്പ്: പാക്കിസ്ഥാൻ താരത്തിന് ജയിൽ ശിക്ഷ

ടീമിൽ രണ്ട് മാറ്റവുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിൽ കിവികളെ നേരിടുന്നത്. ബോളിങ് നിരയിലാണ് വിരാട് കോഹ്‌ലി രണ്ട് മാറ്റം വരുത്തിയിരിക്കുന്നത്. മുഹമ്മദ് ഷമിക്ക് പകരം നവ്ദീപ് സൈനിയും കുൽദീപ് യാദവിന് പകരം യുസ്‌വേന്ദ്ര ചാഹലും പ്ലെയിങ് ഇലവനിലെത്തിയിട്ടുണ്ട്.

ഇന്ത്യ പ്ലെയിങ് XI: പൃഥ്വി ഷാ, മായങ്ക് അഗർവാൾ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, ഷാർദുൽ ഠാക്കൂർ, നവിദീപ് സൈനി, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചാഹൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook