ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ രണ്ടാം ഏകദിനം നാളെ. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യയ്ക്ക് പരമ്പരയിൽ ജിവൻ നിലനിർത്താൻ നാളെ ജയം അനിവാര്യമാണ്. ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ ഇന്ത്യൻ സമയം 7.30നാണ് മത്സരം ആരംഭിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ വലിയ വിജയലക്ഷ്യമൊരുക്കാനായെങ്കിലും പ്രതിരോധിക്കാൻ സാധിക്കാതെ പോയതാണ് ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചത്. അതുകൊണ്ട് തന്നെ ബോളിങ്ങിൽ മാറ്റത്തിന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ശ്രമം നടത്തിയേക്കും. യുവതാരം ഷാർദുൽ ഠാക്കൂർ മാത്രം കഴിഞ്ഞ മത്സരത്തിൽ വഴങ്ങിയത് 80 റൺസാണ്. കുൽദീപ് യാദവ് 84 റൺസും വഴങ്ങി. 9 ഓവറിലാണ് ഷാർദൂൽ 80 റൺസ് കിവീസിന് വിട്ടുനൽകിയത്. ന്യൂസിലൻഡിനെതിരെ 10 ഓവറിൽ താഴെയെറിഞ്ഞ് 80ലധികം റൺസ് വിട്ടുനൽകുന്ന ആദ്യ ഇന്ത്യൻ താരമായും ഷാർദുൽ മാറി.

ഇക്കാരണത്താൽ ഷാർദുലിന് രണ്ടാം ഏകദിനത്തിൽ പ്ലെയിങ് ഇലവനിൽ സ്ഥാനം നഷ്ടമായേക്കും. മികച്ച ഫോമിലുള്ള നവ്‌ദീപ് സൈനിയെ പേസ് നിരയിലെത്തിക്കും. രണ്ട് സ്‌പിന്നർമാരെ കളിപ്പിക്കാനാണ് തീരുമാനമെങ്കിൽ യുസ്‌വേന്ദ്ര ചാഹൽ മടങ്ങിയെത്തും. കുൽദീപിന് പകരം ചാഹലെത്തിയാലും അത്ഭുതമില്ല.

Also Read: തോൽവിക്ക് പിന്നാലെ പിഴയും; ഹാമിൽട്ടണിൽ ഇന്ത്യയ്ക്ക് ഇരട്ടിപ്രഹരം

കഴിഞ്ഞ മത്സരത്തിൽ തിളങ്ങാനായില്ലെങ്കിലും മായങ്കും പൃഥ്വി ഷായും തന്നെയായിരിക്കും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുക. മൂന്നാം നമ്പരിൽ നായകൻ കളിക്കുമ്പോൾ കന്നി സെഞ്ചുറി പ്രകടനവുമായി ഹാമിൽട്ടണിൽ തിളങ്ങി നാലാം നമ്പർ ഉറപ്പിച്ച ശ്രേയസ് അയ്യർ മധ്യനിരയുടെ കരുത്താകും. കെ.എൽ.രാഹുൽ ഒരിക്കൽ കൂടി വെടിക്കെട്ട് ഇന്നിങ്സുമായി തിളങ്ങിയാൽ ഇന്ത്യയെ പിടിച്ചുകെട്ടുക അസാധ്യമായിരിക്കും. രാഹുൽ തന്നെയായിരിക്കും നാളെയും വിക്കറ്റ് കീപ്പർ.

ജസപ്രീത് ബുംറ നയിക്കുന്ന ബോളിങ് നിര ശക്തമാണെങ്കിലും റൺസ് നിയന്ത്രിക്കുന്നതിൽ പലപ്പോഴും പരാജയപ്പെടുന്നുണ്ട്. പരുക്കിൽ നിന്ന് മുക്തനായി മടങ്ങിയെത്തിയെങ്കിലും പൂർണമായും ഫോമിലേക്ക് ഉയരാൻ ബുംറയ്ക്ക് സാധിച്ചട്ടില്ല. ഷമിയും വിക്കറ്റ് വീഴ്ത്തുന്നുണ്ടെങ്കിലും റൺസ് വഴങ്ങുന്നതിൽ ഉദാരമതിയാണ്.

Also Read: തോൽവിയിലും തലയുയർത്തി വിരാട് കോഹ്‌ലി; ഗാംഗുലിയെയും മറികടന്ന് കുതിപ്പ്

മറുവശത്ത് ടി20 പരമ്പരയിൽ വഴങ്ങിയ നാണംകെട്ട തോൽവിക്ക് ശേഷം ഹാമിൽട്ടണിലെ ജയത്തോടെ തിരിച്ചെത്തിയ ന്യൂസിലൻഡിന് അതുകൊണ്ട് അവസാനിപ്പിക്കാനാകില്ല. ഏകദിന പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് കിവികൾ മുന്നോട്ടുള്ള മത്സരങ്ങളെ കാണുന്നത്. കെയ്ൻ വില്യംസണിന് പകരം ടോം ലഥാമണ് കിവികളെ നയിക്കുന്നത്.റോസ് ടെയ്‌ലറിൽ തന്നെയാണ് ന്യൂസിലൻഡ് പ്രതീക്ഷ വയ്ക്കുന്നതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook