ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. കിവീസ് ഉയര്‍ത്തിയ 109 വിജയ ലക്ഷ്യം 20.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അനായാസം മറികടന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യ സ്വന്തമാക്കി.
മറപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് രോഹിത് ശര്‍മ്മ- ശുഭ്മാന്‍ ഗില്‍ സഖ്യം നല്‍കിയത്. 50 പന്തില്‍ അര്‍ധസെഞ്ചുറിയോടെ 51 റണ്‍സെടുത്ത് രോഹിത് പുറത്താകുമ്പോള്‍ ഇന്ത്യ 72 ന് ഒന്ന് എന്ന സുരക്ഷിത നിലയിലായിരുന്നു. പിന്നീട് 11 പന്തില്‍ നിന്ന് 9 റണ്‍സ് നേടി വിരാട് കോഹ്ലി പുറത്തായി. സാറ്റ്നറിനായിരുന്നു വിക്കറ്റ്. 53 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയ ഗില്ലും 8 റണ്‍സ് നേടിയ ഇഷാന് കിഷനും ചേര്‍ന്നാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
നേരത്തെ 34.3 ഓവറില്‍ 108 റണ്‍സില്‍ കിവീസ് നിരയിലെ എല്ലാവരും പുറത്തായി. മൂന്നു വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് ഇന്ത്യക്ക് നിര്‍ണായകമായത്. 52 പന്തില്‍ നിന്ന് 36 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്സാണ് കിവീസിന്റെ ടോപ് സ്കോറര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിറങ്ങിയ ന്യൂസിലന്‍ഡ് തുടക്കം മുതല്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടു. 10.3 ഓവറില്‍ സ്കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് ചേര്‍ക്കുന്നതിനിടെ കിവീസിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഓപ്പണര്‍ ഫിന് അലന്റെ (0) നെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ന്യൂസിലന്‍ഡിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീട് ആറാം ഓവറില്‍ ഹെന്റി നിക്കോള്‍സിനെ (2) മടക്കി മുഹമ്മദ് സിറാജും ബ്രേക്ക് ത്രൂ നല്കി. . ഏഴാം ഓവറില്‍ ഡാരില്‍ മിച്ചലിനെ (1) മടക്കി ഷമി രണ്ടാം വിക്കറ്റ് സ്വന്തമാക്കി. തുടര്‍ന്ന് ഡെവോണ്‍ കോണ്‍വെയെ (7) ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. ക്യാപ്റ്റന്‍ ടോം ലാഥമിനെ (1) മടക്കി ശാര്‍ദുല്‍ താക്കൂര്‍ കിവീസിനെ പൂര്‍ണമായും പ്രതിരോധത്തിലാക്കി.
പിന്നീട് ചെറിയ ചെറുത്ത് നില്പ് നടത്തിയെങ്കിലും 34.3 ഓവറില്‍ 108 റണ്‍സില്‍ എല്ലാവരും പുറത്തായി. 56 ന് ആറ്, 103-7, 103-8, 105-9, 108-10 എന്നിങ്ങനെ വിക്കറ്റുകള്‍ വീണു. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ഹാര്‍ദ്ദീക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റും കുല്‍ദീപ് യാദവ്, മുഹ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.