ക്രിക്കറ്റ് മൈതാനത്ത് നല്ലൊരു ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറിനും ഒപ്പം നല്ലൊരു തമാശക്കാരൻ കൂടിയാണ് എം.എസ്.ധോണി. ക്രിക്കറ്റ് ആരാധകരിൽ പലർക്കും ഇത് അറിയില്ല. ക്രിക്കറ്റ് കളിക്കിടയിൽ ടീമിലെ അംഗങ്ങൾക്ക് പല നിർദേശങ്ങളും ധോണി നൽകാറുണ്ട്. ഇടയ്ക്ക് പല തമാശകളും ധോണി പറയാറുണ്ട്. ധോണിയുടെ ഹാസ്യാത്മകമായ ഈ കമന്റുകൾ പലപ്പോഴും സ്റ്റംപ് മൈക്ക് ഒപ്പിയെടുക്കാറുണ്ട്. ഇന്നലെ നടന്ന ഇന്ത്യ- ന്യൂസീലൻഡ് രണ്ടാം ഏകദിനത്തിലും ധോണിയുടെ നർമം കലർന്ന കമന്റുകൾ സ്റ്റംപ് മൈക്ക് പിടിച്ചെടുത്തു.
വിരാട് കോഹ്‌ലിയെ ‘ചീക്കു’ എന്നു വിളിച്ചാണ് ധോണി നിർദേശങ്ങൾ നൽകുന്നത്. കോഹ്‌ലിയെ ധോണി വിളിക്കുന്ന ചെല്ലപ്പേരാണ് ഇതെന്നാണ് വിഡിയോ കണ്ട ആരാധകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഹിന്ദിയിലാണ് ധോണി ടീമംഗങ്ങൾക്ക് നിർദേശം നൽകുന്നത്. കേദാർ ജാദവ് ബോളിങ് ചെയ്യുന്ന സമയത്ത് കോഹ്‌ലിയോട് ”ചീക്കു, രണ്ടോ മൂന്നോ ഫീൽഡർമാരെ അവിടെ നിർത്ത്” എന്നു ധോണി പറയുന്നുണ്ട്. കേദാറിന്റെ ബോളിങ്ങിനെയും ധോണി പ്രകീർത്തിക്കുന്നുണ്ട്. ”വളരെ നല്ല ബോളിങ് കേദൂ. ചില സമയത്ത് അയാൾക്കെതിരെ (ടോം ലാതം) ഇത് നല്ല രീതിയിൽ പ്രവർത്തിച്ചേക്കും. എല്ലാ മൂന്നാമത്തെ ബോളും ഇതേരീതിയിൽ ബോളിങ് ചെയ്യാമെന്നും” ധോണി പറയുന്നുണ്ട്.
ദിനേശ് കാർത്തിക്കിന്റെ ഫീൽഡിങ്ങിനെയും ധോണി അഭിനന്ദിക്കുന്നുണ്ട്. ധോണിയുടെ ഫീൽഡിങ് മികവിനെക്കുറിച്ച് ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ എൻഡിടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ധോണി ഭായ് ആണ് ഇപ്പോഴും ഞങ്ങളുടെ ക്യാപ്റ്റൻ. ചിലപ്പോൾ ഫീൽഡിൽ കോഹ്‌ലി ഞങ്ങളിൽനിന്നും വളരെ അകലെയായിരിക്കും. അപ്പോൾ അദ്ദേഹത്തെ ഞങ്ങളുടെ അടുത്തേക്ക് വിളിച്ചു വരുത്തി കാര്യങ്ങൾ പറയുക പ്രയാസമാണ്. ആ സമയത്ത് ധോണി കാര്യങ്ങൾ ഏറ്റെടുക്കും. കോഹ്‌ലിയോട് അവിടെനിൽക്കാനുംം കാര്യങ്ങൾ ഞാൻ കൈകാര്യം ചെയ്യാമെന്നും ധോണി സിഗ്നലിലൂടെ കോഹ്‌ലിയോട് പറയും. കോഹ്‌ലിക്ക് ആ സിഗ്നലിൽനിന്നും കാര്യങ്ങൾ മനസ്സിലാകുമെന്നും ചാഹൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.