കാണ്‍പൂർ: ഇന്ത്യ-ന്യൂസീലൻഡ് ആദ്യ ടെസ്റ്റിൽ ആവേശ സമനില. 280 റൺസ് വിജയലക്ഷ്യം തേടി അവസാന ദിനം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് അവസാന പന്തു വരെ പോരാട്ടം തുടര്‍ന്നു. ഒരു വിക്കറ്റ് മാത്രം ജയം അകലെ നില്‍ക്കെ മോശം വെളിച്ചം മൂലം കളി അവസാനിപ്പിക്കുകയായിരുന്നു. 91 പന്തില്‍ 18 റണ്‍സുമായി ഇന്ത്യയുടെ സ്പിന്‍ നിരയോട് പൊരുതിയ രച്ചിന്‍ രവീന്ദ്രയാണ് ന്യൂസിലന്‍ഡിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.
അഞ്ചാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ നാല് റൺസ് എന്ന നിലയിൽ ഇറങ്ങിയ ന്യൂസിലൻഡിന് ടോം ലാഥമും വില്യം സോമര്‍വില്ലും ചേർന്ന് നല്ല തുടക്കമാണ് നൽകിയത്. ഉച്ചഭക്ഷണത്തിനു പിരിയും വരെ വിക്കറ്റ് നഷ്ടപ്പെടുത്താതെ 76 റൺസ് ഇവർ നേടി. എന്നാൽ രണ്ടാം ശേഷന്റെ ആദ്യ പന്തിൽ തന്നെ സോമര്‍വില്ലിനെ ഉമേഷ് യാദവ് പുറത്താക്കി. 36 റൺസായിരുന്നു സമ്പാദ്യം.
പിന്നീടെത്തിയ ക്യാപ്റ്റൻ വില്യംസനൊപ്പം ചേർന്ന് ടോം ലാഥം സ്കോർ 100 കടത്തി. എന്നാൽ അധികം നേരം പിടിച്ചുനിൽക്കാൻ ലാഥത്തിന് ആയില്ല. അർദ്ധസെഞ്ചുറി കുറിച്ചതിനു പിന്നാലെ അശ്വിൻ ലാഥത്തെ പുറത്താക്കി. പിന്നാലെ എത്തിയ റോസ് ടെയ്ലറും നിലയുറപ്പിക്കും മുന്നേ പുറത്തായി. രണ്ട് റൺസെടുത്ത ടെയ്ലറെ ജഡേജ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു.
125-4 എന്ന നിലയില്‍ അവസാന സെഷന് തുടക്കമിട്ട ന്യൂസിലന്‍ഡ് ഇന്ത്യന്‍ സ്പിന്‍ നിരയ്ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ടെയ്ലറിന് ശേഷമെത്തിയ ഹെന്റി നിക്കോളാസിനെ അക്സര്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. വൈകാതെ തന്നെ വില്യംസണിനെ ജഡേജയുടെ പവലിയനിലേക്ക് മടക്കിയതോടെ ഇന്ത്യന്‍ ക്യാംപില്‍ വിജയ പ്രതീക്ഷകള്‍ ഉണര്‍ന്നു.
ടോം ബ്ലണ്ടലിനെ അശ്വിനും പുറത്താക്കിയതോടെ വാലറ്റം മാത്രമായി ഇന്ത്യയ്ക്കും വിജയത്തിനുമിടയില്‍. രച്ചിന്‍ രവീന്ദ്ര എന്ന യുവതാരം ശക്തമായ പ്രതിരോധമാണ് കാഴ്ച വച്ചത്. പക്ഷെ മറുവശത്ത് ജഡേജ തന്റെ മികവിലൂടെ മറുവശത്തെ വീഴ്ത്തി. കെയില്‍ ജാമിസണിനേയും, ടിം സൗത്തിയേയും ജഡേജയുടെ പന്തുകളാണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.
പക്ഷെ പതിനൊന്നാമനായി എത്തിയ അജാസ് പട്ടേലും രച്ചിന്‍ രവീന്ദ്രയും ചേര്‍ന്ന് ഇന്ത്യയുടെ മൂന്ന് സ്പിന്നര്‍മാരെയും നേരിട്ടു. ഒടുവില്‍ വെളിച്ചവും വില്ലനായി എത്തിയതോടെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. ഇന്ത്യയ്ക്കായി ജഡേജ നാലും, അശ്വിന് മൂന്നു വിക്കറ്റും നേടി. പരമ്പരയിലെ അവാസന ടെസ്റ്റ് ഡിസംബര്‍ മൂന്നിന് ആരംഭിക്കും.
ഇന്നലെ ആദ്യ സെഷനിലെ ബാറ്റിങ് തകര്‍ച്ചയ്ക്ക് ശേഷം ശ്രേയസ് അയ്യര്‍ – വൃദ്ധിമാന്‍ സാഹ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് തുണയായത്. ഇവരുടെ മികവിൽ ഇന്ത്യ 234-7 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. 125 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയാണ് അയ്യര്‍ മടങ്ങിയത്. കഴുത്ത് വേദന മൂലം കീപ്പിങ്ങിന് ഇറങ്ങാതിരുന്ന വൃദ്ധിമാന്‍ സാഹ 61 റൺസ് നേടി. 32 റണ്‍സെടുത്ത അശ്വിനും 28 റൺസ് നേടിയ അക്സര്‍ പട്ടേലും ലീഡ് ഉയർത്തുന്നതിന് ഇന്ത്യക്ക് നിർണായക സംഭാവന നൽകി.
നേരത്തെ അക്സര്‍ പട്ടേലിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ മികവില്‍ ന്യൂസിലന്‍ഡിനെ ഒന്നാം ഇന്നിങ്സില്‍ 296 റണ്‍സിന് പുറത്താക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ടോം ലാഥം (95), വില്‍ യങ് (89) എന്നിവര്‍ മാത്രമാണ് കിവീസ് നിരയില്‍ തിളങ്ങിയത്. 345 റണ്‍സാണ് ആതിഥേയര്‍ ഒന്നാം ഇന്നിങ്സില്‍ നേടിയത്. ഇന്ത്യയ്ക്കായി ശ്രേയസ് അയ്യര്‍ സെഞ്ചുറി നേടി.