India vs New Zealand 1st T20 Live Score Updates: ഓക്‌ലൻഡ്: ന്യൂസിലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ന്യൂസിലൻഡ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം ഇന്ത്യ ഒരു ഓവർ ബാക്കി നിൽക്കെ മറികടന്നു. ആറു വിക്കറ്റിനായിരുന്നു ആതിഥേയർക്കെതിരെ സന്ദർശകരുടെ വിജയം. ഓപ്പണർ രാഹുലിന്റെയും നാലാമനായി ഇറങ്ങിയ ശ്രേയസ് അയ്യരുടെയും വെടിക്കെട്ട് ഇന്നിങ്സാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. 45 റൺസുമായി വിരാട് കോഹ്‌ലിയും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഏഴ് റൺസുമായി വെടിക്കെട്ട് വീരൻ രോഹിത് ശർമ കൂടാരം കയറി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന രാഹുൽ – കോഹ്‌ലി സഖ്യം ഇന്ത്യൻ പ്രതീക്ഷകൾക്ക് ചിറകു നൽകി. സെഞ്ചുറിക്കടുത്ത് വരെയെത്തിയ കൂട്ടുകെട്ട് തകർത്തത് രാഹുലിനെ പുറത്താക്കി കൊണ്ട് ഇഷ് സോദിയായിരുന്നു. 27 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പടെ 56 റൺസെടുത്ത ശേഷമാണ് രാഹുൽ മടങ്ങിയത്.

india vs new zealand, ie malayalam

പിന്നാലെ തന്നെ കോഹ്‌ലിയും പുറത്തായപ്പോൾ ഇന്ത്യൻ ആരാധകരിൽ വീണ്ടും ആശങ്കയുണർന്നു. 32 പന്തിൽ 45 റൺസുമായി കോഹ്‌ലി പുറത്താകുമ്പോൾ ഇന്ത്യൻ ടീം സ്കോർ 121 റൺസ്. വിജയലക്ഷ്യത്തിന് 83 റൺസ് പിറകിൽ. എന്നാൽ ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത ശ്രേയസ് ഓരോ പന്തും ശ്രദ്ധാപൂർവം നേരിട്ടു. 28 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ തിളങ്ങിയ ശ്രേയസ് ഇന്ത്യയെ വിജയത്തിലേക്കും നയിച്ചു. ടിം സൗത്തിയെറിഞ്ഞ 19-ാം ഓവറിന്റെ അവസാന പന്ത് ബൗണ്ടറിയിലേക്കാണ് ശ്രേയസ് പായിച്ചതെങ്കിലും അത് ന്യൂസിലൻഡിന്റെ തലയിൽ ഇന്ത്യ തറച്ച ആദ്യ ആണികൂടിയായി.

india vs new zealand, ie malayalam

204 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിൽ ന്യൂസിലൻഡ് ഉയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 203 റൺസിലെത്തിയത്. ഓപ്പണർമാർ മികച്ച തുടക്കം നൽകിയതിന് പിന്നാലെ ക്രീസിലെത്തിയ കെയ്ൻ വില്യംസണും റോസ് ടെയ്‌ലറും തകർത്തടിച്ചതാണ് ന്യൂസിലൻഡ് കൂറ്റൻ സ്കോറിലെത്തിയത്.

india vs new zealand, ie malayalam

ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. തുടക്കം മുതൽ അക്രമിച്ച് കളിച്ച കിവി ഓപ്പണർമാർ ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തു. ടീം സ്കോർ 80 എത്തിയപ്പോഴാണ് ന്യൂസിലൻഡിന് ആദ്യ വിക്കറ്റ് നഷ്ടമായത്. 30 റൺസുമായി മാർട്ടിൻ ഗുപ്റ്റിൽ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ കെയ്ൻ വില്യംസൺ ബാറ്റിങ് ഇത്തരവാദിത്വം ഏറ്റെടുത്തു. ഇതിനിടയിൽ അർധസെഞ്ചുറി തികച്ച കോളിൻ മുൻറോ കൂടാരം കയറി. 42 പന്തിൽ നിന്ന് 59 റൺസാണ് താരം സ്വന്തമാക്കിയത്. നാലമാനായി ക്രീസിലെത്തിയ കോളിൻ ഡി ഗ്രാൻഡ്ഹോം അക്കൗണ്ട് തുറക്കാതെ മടങ്ങിയെങ്കിലും കിവികളെ പിടിച്ചുകെട്ടാൻ ഇന്ത്യൻ ബോളർമാർക്കായില്ല.

Also Read: ലോകകപ്പിലേക്കുള്ള വഴി തെളിച്ച് ഇന്ത്യ; അവസരം കാത്ത് യുവതാരങ്ങൾ

റോസ് ടെയ്‌ലറും കെയ്ൻ വില്യംസണും ചേർന്ന് നിരവധി തവണ പന്ത് ബൗണ്ടറി കടത്തി. 26 പന്തിൽ നാല് വീതം ഫോറും സിക്സും പായിച്ച് 51 റൺസുമായി കെയ്ൻ വില്യംസൺ ക്രീസ് വിടുമ്പോൾ ന്യൂസിലൻഡ് സ്കോർ 178 ൽ എത്തിയിരുന്നു. 18-ാം ഓവറിൽ ടിം സെയ്ഫർട്ടിനെ അതിവേഗം മടക്കിയെങ്കിലും റോസ് ടെയ്‌ലർ ടീം സ്കോർ 200 കടത്തുകയായിരുന്നു. 27 പന്തിൽ മൂന്ന് വീതും സിക്സും ഫോറും പറത്തി 54 റൺസാണ് ടെയ്‌ലർ ന്യൂസിലൻഡ് സ്കോറിൽ കൂട്ടിച്ചേർത്തത്.

india vs new zealand, ie malayalam

ഇന്ത്യൻ നിരയിൽ ബോളർമാരെല്ലാം കണക്കിന് വാങ്ങിക്കൂട്ടി. മൂന്ന് ഓവറെറിഞ്ഞ ഷാർദുൽ ഠാക്കൂർ മാത്രം 44 റൺസ് വിട്ടുനൽകിയപ്പോൾ നാല് ഓവറിൽ ഷമിക്കെതിരെ 53 റൺസാണ് ന്യൂസിലൻഡ് താരങ്ങൾ സ്വന്തമാക്കിയത്. നാല് ഓവറിൽ 31 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ബുംറ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഷാർദുൽ ഠാക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ഇന്ത്യൻ ടീം

രോഹിത് ശർമ, കെ.എൽ.രാഹുൽ (വിക്കറ്റ് കീപ്പർ), വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, ശാർദുൽ ഠാക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, മുഹമ്മദ് ഷമി

ന്യൂസിലൻഡ് ടീം

കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), മാർട്ടിൻ ഗുപ്റ്റിൽ, കോളിൻ മൺറോ, ടിം സെയ്ഫർട്, റോസ് ടെയ്‌ലർ, കോളിൻ ഡി ഗ്രാൻഡ്ഹോമെ, മിച്ചൽ സാന്റ്നർ, ഇഷ് സോധി, ടിം സൗത്തി, ബ്ലെയർ ടിക്‌‌നർ, ഹാമിഷ് ബെന്നറ്റ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook