സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ഒന്നിന് പിറകേ ഒന്നായി റെക്കോഡുകൾ കൊയ്യുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. ന്യൂസിലാന്റിനെതിരായ ആദ്യ എകദിനത്തിൽ മക്‌ലെയിൻ പാർക് സ്റ്റേഡിയത്തിലാണ് ഇന്ത്യൻ ക്യാപ്റ്റൻ ചരിത്രം കുറിച്ചത്.

ഇന്നത്തെ മത്സരത്തിൽ വ്യക്തിഗത സ്കോർ 21 ൽ എത്തിയപ്പോഴാണ് വിന്റീസ് ഇതിഹാസം ബ്രയാൻ ലാറയെ ഏകദിനത്തിലെ റൺവേട്ടക്കാരിൽ ആദ്യ പത്ത് റാങ്കുകളിൽ നിന്ന് വിരാട് കോഹ്ലി പുറത്താക്കിയത്. ലാറയെ മറികടന്നതോടെ ഏകദിനത്തിലെ ഏറ്റവും മികച്ച റൺവേട്ടക്കാരിൽ ഇപ്പോൾ പത്താം സ്ഥാനത്താണ് കോഹ്ലി.

മിച്ചൽ സാന്റ്നർ എറിഞ്ഞ 16ാം ഓവറിലാണ് ഇന്ത്യൻ ക്യാപ്റ്റൻ ചരിത്ര നേട്ടത്തിലെത്തിയത്. ലാറ തന്റെ കരിയറിൽ 299 മത്സരങ്ങളിൽ നിന്ന് ആകെ 10405 റൺസാണ് നേടിയത്. 40.48 ആയിരുന്നു ശരാശരി. എന്നാൽ തന്റെ 220ാമത്തെ മത്സരത്തിൽ ലാറയുടെ നേട്ടത്തെ മറികടന്നിരിക്കുകയാണ് റൺ മെഷീൻ.

ഏകദിനത്തിൽ 10000 റൺസ് തികയ്ക്കുന്ന 13ാമത്തെ ബാറ്റ്സ്മാനാണ് കോഹ്ലി. സച്ചിൻ ഗാംഗുലി, ദ്രാവിഡ്, ധോണി എന്നിവർക്ക് ശേഷം ഈ നേട്ടം കരസ്ഥമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായിരുന്നു കോഹ്ലി. 463 ഏകദിനങ്ങളിൽ നിന്ന് 18426 റൺസ് നേടിയ സച്ചിനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook