ഹാമിൽട്ടൺ: ടി20 പരമ്പരയിലെ ആധികാരിക ജയത്തിന് പിന്നാലെ ഏകദിനത്തിൽ കിവികളെ നേരിടാനൊരുങ്ങുകയാണ് കോഹ്‌ലിപ്പട. മൂന്ന് മത്സരങ്ങളുള്ള ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ ഹാമിൽട്ടണിൽ നടക്കും. ഇന്ത്യൻ സമയം രാവിലെ 7.30നാണ് മത്സരം ആരംഭിക്കുന്നത്. 2019 ഏകദിന ലോകകപ്പിന്റെ സെമിഫൈനലിൽ ഏറ്റുമുട്ടിയതിന് ശേഷം ഇതാദ്യമായാണ് ഇരു ടീമുകളും നേർക്കുനേർ എത്തുന്നത്.

ലോകകപ്പിന്റെ സെമിയിൽ ഇന്ത്യയെ പരാജയപ്പെടുത്തിയെങ്കിലും കലാശപോരാട്ടത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനോട് ന്യൂസിലൻഡ് കീഴടങ്ങിയിരുന്നു. എന്നാൽ ഏകദിന ലോകകപ്പിന് ശേഷം ഒരുപാട് മാറ്റങ്ങൾ ഇന്ത്യൻ ടീമിൽ വന്നു കഴിഞ്ഞു. മുൻ നായകൻ എം.എസ്.ധോണി ടീമിലേക്ക് ഇനിയും മടങ്ങിയെത്തിയിട്ടില്ല. കെ.എൽ.രാഹുലിന്റെ വളർച്ചയാണ് ഈ സമയം എടുത്ത് പറയേണ്ടത്.

Also Read: അണ്ടർ 19 ലോകകപ്പ്: പാക്കിസ്ഥാനെ പത്ത് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ

ഓപ്പണറുടെ റോളിലും മധ്യനിര ബാറ്റ്സ്മാന്റെ റോളിലും വിക്കറ്റ് കീപ്പറുടെ റോളിലുമെല്ലാം തിളങ്ങിയ രാഹുൽ ഒടുവിൽ നായകനായും മികവ് തെളിയിച്ചു. മധ്യനിരയിൽ ശ്രേയസ് അയ്യരും മനീഷ് പാണ്ഡെയും സ്ഥാനമുറപ്പിച്ച് കഴിഞ്ഞു. ബോളിങ് നിരയിൽ നവ്ദീപ് സൈനിയുടെയും ഷാർദുൽ ഠാക്കൂറിന്റെ ഉദയമാണ് പ്രധാനം.

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലൂടെ പൃഥ്വി ഷാ ഉൾപ്പടെയുള്ള യുവ താരങ്ങൾക്കും സീനിയർ ടീമിൽ സ്ഥാനമുറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരുക്കാണ് ടീമിനെ വലയ്ക്കുന്ന പ്രധാന പ്രശ്നം. ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ എന്നിവർക്ക് പിന്നാലെ ഓപ്പണർമാരായ രോഹിത് ശർമ, ശിഖർ ധവാൻ എന്നിവരും പരുക്ക്മൂലം ടീമിന് പുറത്തേക്ക് പോയി.

Also Read: കഴിഞ്ഞ 20 വർഷത്തിനിടെ കായിക ലോകത്ത് സംഭവിച്ചതിൽ ഏറ്റവും സുന്ദരമായ നിമിഷം ഇതോ?

രണ്ട് പുതിയ ഓപ്പണർമാർ ന്യൂസിലൻഡിനെതിരെ ഇന്ത്യൻ ഇന്നിങ്സിന് തുടക്കം കുറിക്കുന്ന മത്സരമായിരിക്കും നാളത്തേത്. രാഹുൽ മാധ്യനിരയിൽ കളിക്കുമെന്ന് നായകൻ കോഹ്‌ലി വ്യക്തമാക്കിയ സാഹചര്യത്തിൽ പൃഥ്വി ഷായും മായങ്ക് അഗർവാളും ഓപ്പണർമാരുടെ റോളിലെത്തും. മൂന്നാം നമ്പരിൽ വിരാട് കോഹ്‌ലി നാലാം നമ്പരിൽ ശ്രേയസ് അയ്യരും ബാറ്റ് വീശും. മനീഷ് പാണ്ഡെ, കേദാർ ജാദവ് എന്നിവരിൽ ഒരാൾ അഞ്ചാം നമ്പറിലേക്ക് മധ്യനിരയിലെത്തുമ്പോൾ ഓൾറൗണ്ടറുടെ റോളിൽ രവീന്ദ്ര ജഡേജ കളിക്കും.

വിക്കറ്റ് കീപ്പറായി ലോകേഷ് രാഹുൽ തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജസപ്രീത് ബുംറ നയിക്കുന്ന ബോളിങ് നിരയിൽ മുഹമ്മദ് ഷമിക്കൊപ്പം യുവതാരം നവ്ദീപ് സൈനി പേസിൽ കുന്തമുനയാകും. സ്‌പിന്നിൽ കുൽദീപ് യാദവിനാണ് സാധ്യത.

Also Read: ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി പൃഥ്വി ഷാ, ഏകദിനത്തിൽ രോഹിത്തിനുപകരം മായങ്ക്

മറുവശത്ത് പരുക്ക് തന്നെയാണ് ന്യൂസിലൻഡിനെയും വലയ്ക്കുന്ന പ്രധാന പ്രശ്നം. നാണംകെട്ട തോൽവിയിലേക്ക് പലപ്പോഴും ടീമിനെ തള്ളിവിട്ടതും പരിചയ സമ്പന്നരുടെ അഭാവം തന്നെ, പ്രത്യേകിച്ച് ബോളിങ് നിരയിൽ. നായകൻ കെയ്ൻ വില്യംസണും ഒടുവിൽ പരുക്കുകാരുടെ പട്ടികയിൽ ഇടംപിടിച്ചത് കിവികൾക്ക് ഇരട്ടി പ്രഹരമാണ്. ടോം ലഥാമായിരിക്കും നാളെ ന്യൂസിലൻഡിനെ നയിക്കുക. ജിമ്മി നീഷാം, കോളിൻ ഡി ഗ്രാൻഡ്ഹോം എന്നാ താരങ്ങൾ ന്യൂസിലൻഡ് സ്ക്വാഡിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook