നേപ്പിയർ: ഇന്ത്യ-ന്യൂസിലാന്റ് ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം. ബാറ്റു കൊണ്ടും പന്തുകൊണ്ടും ഇന്ത്യയുടെ സർവാധിപത്യം കണ്ട മത്സരത്തില്‍ ഒരിക്കല്‍ പോലും കിവികള്‍ക്ക് വെല്ലുവിളി ഉയർത്താനായില്ല. കിവീസ് നിരയില്‍ നായകന്‍ കെയിന്‍ വില്യംസണ്‍ മാത്രമാണ് ചെറുത്തു നിന്നത്. വില്യംസണ്‍ അർധ സെഞ്ചുറി നേടി.

ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍. 103 പന്തുകളില്‍ നിന്നും ആറ് ഫോറടക്കം 75 റണ്‍സാണ് ധവാന്‍ നേടിയത്. നായകന്‍ വിരാട് കോഹ്ലി 45 റണ്‍സും അമ്പാട്ടി റായിഡു 13 റണ്‍സും നേടി. രോഹിത് ശര്‍മ്മ 11 റണ്‍സെടുത്ത് പുറത്തായെങ്കിലും ധവാന്‍ അനായാസം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

സാധാരണ വെളിച്ച കുറവ് മൂലമാണ് മത്സരം നിര്‍ത്തിവെക്കാറെങ്കില്‍ നേപ്പിയറില്‍ കളി നിര്‍ത്തി വച്ചത് വെളിച്ചക്കൂടുതല്‍ കാരണമായിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ അമ്പയറോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന് കളി നിര്‍ത്തിവെക്കുകയായിരുന്നു. അസ്തമയ സൂര്യന്‍ മുഖാമുഖം എത്തിയതോടെ കളിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ധവാന്‍ അറിയിക്കുകയായിരുന്നു. 30 മിനുറ്റോളം കളി നിര്‍ത്തി വെക്കുകയായിരുന്നു.

കളി പുനരാരംഭിച്ചപ്പോള്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമം പ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചു. 49 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 156 റണ്‍സാണ് വേണ്ടിയിരുന്നത്.ഈ ലക്ഷ്യം ഇന്ത്യ അനായാസം മറി കടക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലൻഡിന് 157 റൺസെടുക്കുന്നതിനിടയിൽ എല്ലാവരെയും നഷ്ടമായി. 64 റൺസെടുത്ത നായകൻ കെയ്ൻ വില്ല്യംസിന് മാത്രമാണ് ന്യൂസിലൻഡ് നിരയിൽ തിളങ്ങാനായത്. അഞ്ച് കിവി താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.

ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ, മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. യുസ്‍വേന്ദ്ര ചാഹൽ രണ്ടും കേദാർ ജദവ് ഒരു വിക്കറ്റും വീഴ്ത്തി. ടീം സ്കോർ 52 ൽ എത്തിയപ്പോഴെക്കും മൂന്ന് മുൻ നിര താരങ്ങളെ കിവികൾക്ക് നഷ്ടമായി. തുടക്കത്തിൽ തന്നെ ഓപ്പണർമാരെ രണ്ട്പേരെയും മടക്കി മുഹമ്മദ് ഷമി കളി ഇന്ത്യൻ വരുതിയിലാക്കുകയായിരുന്നു. അഞ്ച് റൺസിൽ മാർട്ടിൻ ഗുപ്റ്റിലിനെയും 18 റൺസിൽ മുൻറോയെയും ഷമി മടക്കി.

അഞ്ച് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയും ഇന്ത്യ ന്യൂസിലൻഡിൽ കളിക്കുക. ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇനിയുള്ള ഓരോ മത്സരങ്ങളും ഇരു ടീമുകൾക്കും നിർണായകമാണ്. പിഴവുകൾ തിരുത്താനും ആയുധങ്ങളുടെ മൂർച്ഛ കൂട്ടാനും കിട്ടുന്ന അവസരങ്ങൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ