/indian-express-malayalam/media/media_files/uploads/2018/06/chhetri-1.jpg)
Intercontinental Cup 2018 Final IND vs KEN Live : മുംബൈ: ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് കെനിയയെ തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്. നായകന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്.
എട്ടാം മിനുട്ടില്‍ അനിരുദ്ധ് ഥാപ്പയെടുത്ത കോര്‍ണര്‍ കിക്ക് പോസ്റ്റിലേക്ക് അടിച്ച് കയറ്റിയായിരുന്നു ആദ്യ ഗോള്‍. ഇരുപത്തിയെട്ടാം മിനുട്ടില്‍ ഛേത്രി തന്നെ ഗോള്‍ നില ഇരട്ടിപ്പിച്ചു.
മലയാളി താരം അനസ് ഇടത്തോടിക്കയാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. അനസ് നല്‍കിയ നീണ്ട പാസില്‍ പന്ത് കൈവശപ്പെടുത്തിയ ഛേത്രി ബോക്സ് ലക്ഷ്യമാക്കി കുതിച്ചു. കെനിയന്‍ ഗോള്‍ കീപ്പറെ കവച്ചുവച്ച് കൊണ്ട് പോസ്റ്റിന്റെ വലത് കോര്‍ണറിലേക്ക് പന്ത് അടിച്ചുകയറ്റുകയായിരുന്നു.
മുംബൈ ഫുട്‌ബോള്‍ അരീന സ്‌റ്റേഡിയത്തിലായിരിക്കും കലാശപ്പോരാട്ടം നടക്കുന്നത്. തുടക്കം മുതല്‍ തന്നെ മൂര്‍ച്ചയേറിയ മുന്നേറ്റങ്ങളാണ് നീല കടുവകള്‍ പുറത്തെടുത്തത്. സുനില്‍ ഛേത്രിയും ഉദാന്താ സിങ്ങും ജെജെയുമടങ്ങുന്ന മുന്നേറ്റ നിര കെനിയന്‍ പ്രതിരോധത്തെ കടുത്ത സമ്മര്‍ദത്തിലാഴ്ത്തി.
മധ്യനിരയില്‍ പ്രണോയ് ഹാള്‍ഡര്‍ ഡിഫന്‍സീവ് റോള്‍ ഏറ്റെടുത്തപ്പോള്‍ സുനില്‍ ഛേത്രിയും ജേജെയുമായി യുവതാരം അനിരുദ്ധ് ഥാപ്പ കണ്ടെത്തിയ പങ്കാളിത്തം എടുത്ത് പറയേണ്ടതാണ്. സന്ദേശും അനസും അടങ്ങുന്ന പ്രതിരോധനിരയെ അല്‍പം പോലും സമ്മര്‍ദ്ദത്തിലാക്കാന്‍ കെനിയയ്ക്ക് ആയില്ല.
രണ്ടാം പകുതിയില്‍ കെനിയയില്‍ കൂടുതല്‍ കരുത്തോടെയുള്ള പ്രകടനമാണ് കെനിയ പുറത്തെടുത്തത്. ഇരുവിങ്ങുകളും കേന്ദ്രീകരിച്ചാണ് കെനിയന്‍ മുന്നേറ്റം. ഇന്ത്യന്‍ ബോക്സിലേക്ക് നിരന്തരം ഇരച്ചുകാരാനും പ്രതിരോധത്തില്‍ സമ്മര്‍ദം ചെലുത്താനും കെനിയയ്ക്ക് കഴിഞ്ഞു.
അറുപതാം മിനുട്ടില്‍ ജേജെക്ക് പകരക്കാരനായി ബല്‍വന്ത് സിങ്ങിനേയും നാസരിക്ക് പകരക്കാരനായി റോളിന്‍ ബോര്‍ജസും ഇറങ്ങി. തൊണ്ണൂറ് മിനുട്ടും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒരു ഗ്ഗോള്‍ പോലും നേടാന്‍ കെനിയയ്ക്ക് ആയില്ല.
ഇന്ത്യന്‍ ടീം: ഗുര്‍പ്രീത് സിങ് സന്ധു, സുഭാശിഷ് ബോസ്, പ്രീതം കോട്ടല്‍, അനസ് എടത്തോടിക, സന്ദേശ് ജിങ്കന്‍, ഉദാന്ത സിങ്, ആഷിഖ് കുരുണിയന്‍, അനിരുദ്ധ് ഥാപ്പ, ഹാലിചരണ്‍ നാസരി, ജേജെ ലാല്‍പെഖുല, സുനില്‍ ഛേത്രി.
കെനിയന്‍ ടീം; പാട്രിക് മറ്റാസി, ജോക്കിന്‍സ് അറ്റുഡോ, മൂസ മുഹമ്മദ്, ഡെന്നീസ് ഒദിയാമ്പോ, എറിക്ക് ഔമ, മിഷേല്‍ കിബ്വാജ്, കെന്നെത്ത് മുഗുന, ഡങ്കന്‍ ഒട്ടീനോ, പട്ടീല ഒമോട്ടോ, , ഒവെല്ല ഒങ്കിയെങ്, പിസ്റ്റണ്‍ മുത്താമ്പ.
ന്യൂസിലാന്റിനോട് 2-1ന്റെ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയെങ്കിലും നേരത്തെ തന്നെ ഫൈനല്‍ ടിക്കറ്റെടുത്താണ് ഇന്ത്യയിന്ന് കെനിയയെ കലാശപോരാട്ടത്തില്‍ നേരിട്ടത്. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ നേരത്തെ ഇന്ത്യയും കെനിയയും ഏറ്റുമുട്ടിയ മത്സരം ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ പ്രധാന ഏടുകളിലൊന്നാണ്.
സുനില്‍ ഛേത്രിയുടെ ആരാധകരോടുള്ള അഭ്യര്‍ഥനയും ആ വീഡിയോ കണ്ട് ഇന്ത്യയുടെ കളി കാണാന്‍ സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആരാധകരും ചരിത്രമാണ്. നായകന്‍ ഛേത്രിയുടെ ഇരട്ട ഗോളടക്കം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യ കെനിയയെ പരാജയപ്പെടുത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.