ന്യൂഡൽഹി: ഫുട്ബോൾ ചരിത്രത്തിലാദ്യമായി ജോർദാനെതിരെ പോരാട്ടത്തിനിറങ്ങാൻ ഒരുങ്ങുകയാണ് ഇന്ത്യ. നവംബർ 17 ന് ജോർദാനിലെ അമ്മാനിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ജേഴ്സിയിൽ രണ്ട് മലയാളി താരങ്ങളുമുണ്ടാകും.
ഇന്ത്യൻ പ്രതിരോധത്തിന് കോട്ട കെട്ടാൻ സീനിയർ താരം അനസ് എടത്തൊടികയും. മധ്യനിരയിൽ തന്ത്രങ്ങൾ മെനയാൻ യുവതാരം ആഷിഖ് കരുണിയനും എത്തിയേക്കാം. ജോർദ്ദാനെതിരായ 30 അംഗ സാധ്യത ടീമിൽ ഇരുവരും ഇടംപിടിച്ചിട്ടുണ്ട്. മികച്ച ഫോമിലുള്ള അനസും ആഷിഖും അന്തിമ ടീമിലും ഇടം പിടിക്കുമെന്നാണ് കരുതുന്നത്.
30 probables for the forthcoming @FIFAcom friendly against @JordanFA. #AsianDream #BackTheBlue #WeAreIndia pic.twitter.com/IKBF8uk8S2
— Indian Football Team (@IndianFootball) November 2, 2018
കഴിഞ്ഞ മാസം ചൈനക്കെതിരെ നടന്ന മത്സരത്തിലും ഇരുവരും സ്ഥാനം കണ്ടെത്തിയിരുന്നു. അനസ് കളിച്ചിരുന്നെങ്കിലും ആഷിഖ് അന്ന് ബെഞ്ചിലായിരുന്നു.
കിങ് അബ്ദുളള II അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. രാത്രി 9.30 നാണ് കിക്കോഫ്. ലോകകപ്പ് റണ്ണേർസ് അപ്പായ ക്രൊയേഷ്യക്കെതിരെ നടന്ന അവസാന മത്സരത്തിൽ ജോർദാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റെങ്കിലും 110ാം റാങ്കിലുളള ജോർദാനെ സംബന്ധിച്ച് ഇത് അഭിമാനം ഉയർത്തുന്നതായിരുന്നു.
ഇന്ത്യ ഇപ്പോൾ 97ാം റാങ്കിലാണ്. ഈ വർഷം രണ്ട് തവണ അണ്ടർ 16 മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയതൊഴിച്ചാൽ, സീനിയർ ടീമുകൾ ഇതുവരെ നേർക്കുനേർ പോരടിച്ചിട്ടില്ല.
എഎഫ്‌സി ഏഷ്യ കപ്പിന് മുന്നോടിയായി കഴിഞ്ഞ തവണ ചൈനയ്ക്ക് എതിരെ ഇന്ത്യ ഏറ്റുമുട്ടിയിരുന്നു. ഈ മത്സരം സമനിലയിൽ കലാശിച്ചു. ജോർദാനെതിരെ മത്സരിക്കുന്നത്, ഏഷ്യ കപ്പിന് മുൻപ് ടീമിന്റെ ആത്മവിശ്വാസവും കരുത്തും വർദ്ധിക്കാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
നേരത്തെ ചൈനക്കെതിരെ നടന്ന മത്സരത്തിൽ ഇന്ത്യ സമനില നേടിയിരുന്നു. അന്ന് മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ ഇത്തവണ ജോർദ്ദാനെതിരെ വിജയിക്കാനുറച്ചാണ് ഇറങ്ങുന്നത്.