ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ടോസ് നേടിയ ഹോങ്കോങ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ബോളിങ് ആണ് തങ്ങളുടെ ശക്തിയെന്ന് ഹോങ്കോങ് നായകന്‍ അനുഷ്മാന്‍ രാഥ് പറഞ്ഞു. പാക്കിസ്ഥാനെതിരായ ബാറ്റിങ് ഒരിക്കലും ന്യായീകരിക്കാനാവുന്നതല്ലെന്നും തെറ്റുകള്‍ തിരുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയ്ക്കെതിരെ പന്തെറിയുക എന്നത് എളുപ്പമല്ല, പക്ഷെ ബോളിങ്ങാണ് ഞങ്ങളുടെ ശക്തി, പുഞ്ചിരിയോടെ അത് ഭംഗിയാക്കാന്‍ ശ്രമിക്കും. മൈതാനം കണ്ടിട്ട് ചേസിങ് ആണ് നല്ലതെന്ന് തോന്നുന്നു’, ഹോങ്കോങ് ക്യാപ്റ്റന്‍ പറഞ്ഞു.

ഇന്ത്യ നന്നായി തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു. വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ രോഹിത് ശർമയാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ഇടംകൈയ്യൻ പേസർ ഖലീൽ അഹമ്മദ് ഇന്ന് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറും.

രോഹിത്-ധവാൻ സഖ്യമാണ് ഇന്ത്യയ്ക്ക് വേണ്ടി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. അന്പാട്ടി റായിഡുവും ദിനേശ് കാർത്തിക്കും അന്തിമ ഇലവനിൽ സ്ഥാനം പിടിച്ചപ്പോൾ കെ.എൽ.രാഹുൽ പുറത്തായി. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. പരുക്ക് മൂലം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പര നഷ്ടമായ ഭുവനേശ്വർ കുമാർ ടീമിൽ തിരിച്ചെത്തി. യുവതാരം ഷർദുൽ ഠാക്കൂറിനെയും ഇന്ത്യ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് ഹോങ്കോങ്ങിനെതിരേ വിജയിച്ചാൽ ഇന്ത്യയ്ക്ക് സൂപ്പർ ഫോറിൽ സ്ഥാനം നേടാം. ഹോങ്കോങ് ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് തോൽവി ഏറ്റുവാങ്ങിയിരുന്നു. ബുധനാഴ്ച ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ