അണ്ടര്‍ 17 ലോകകപ്പ്; പ്രതീക്ഷകളും സ്വപ്‌നങ്ങളും അവസാനിച്ചു; ഘാനയോട് ഇന്ത്യയ്ക്ക് 4-0 ന്റെ തോൽവി

ഡല്‍ഹിയില്‍ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ കൗമാരങ്ങള്‍ ഘാനയെ നേരിടുന്നു

ന്യൂഡല്‍ഹി :  അണ്ടര്‍ 17 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ശക്തരായ ഘാനയ്ക്ക് എതിരെ ഇന്ത്യയ്ക്ക് കനത്ത തോൽവി. 4-0 നാണ് ഇന്ത്യ മത്സരത്തിൽ തോറ്റത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ഘാന രണ്ടാം പകുതിയിലാണ് ശേഷിച്ച മൂന്ന് ഗോളുകളും നേടിയത്. ആക്രമിച്ച് കളിച്ചെങ്കിലും ഒരു ഗോൾ പോലും നേടാൻ ഇന്ത്യൻ കൗമാര താരങ്ങൾക്കായില്ല.

ഇതോടെ എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ഘാന പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി.  ആദ്യ മത്സരത്തിൽ അമേരിക്കയോട് 3-0 നും രണ്ടാം മത്സരത്തിൽ കൊളംബിയയോട് 2-1 നും ഇന്ത്യ തോറ്റിരുന്നു. എങ്കിലും വീറുറ്റ പോരാട്ടം കാഴ്ചവച്ചതിന്റെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയാണ് കൗമാര ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തേക്ക് പോകുന്നത്.

ഇന്ത്യന്‍ XI : അമര്‍ജിത് കിയാം (ക്യാപ്റ്റന്‍), ധീരജ് സിങ് (ഗോള്‍കീപ്പര്‍ ), ബോറിസ്, ജിതേന്ദ്ര, അന്‍വര്‍ അലി, സഞ്ജീവ് സ്റ്റാലിന്‍, സുരേഷ് വാങ്ജം, ജെയ്ക്സന്‍, നോങ്ഡാമ്പ നവോറെം, രാഹുല്‍ കെപി, അനികേത് ജാദവ്.

ഘാന XI : എറിക് അയിയാഹ് (ക്യാപ്റ്റന്‍) ഡന്‍ലാഡ് ഇബ്രാഹിം, എഡ്മണ്ട് അര്കോ, നജീബ് യാകുബ, എറിക് അയിയാഹ്, ഇബ്രാഹിം സല്ലേയ്, ഗാബ്രിയേല്‍ ലെവെഹ്, ബിസ്മാര്‍ക്ക്, മെന്‍സ, റാഷിദ്, സാദിഖ്, ഇസാഖ് ഗ്യാംഫി

ഇപ്പോള്‍ ദേശീയഗാനങ്ങള്‍ക്ക് ശേഷം ഇരുരാജ്യങ്ങളും പരസ്പരം അഭിസംബോധന ചെയ്യുകയാണ്. പ്രതിരോധത്തില്‍ നമിത്തിനു പകരം ജിതേന്ദ്ര സിങ്ങിനെ ടീമിലേക്ക് തിരിച്ചുകൊണ്ടുവന്നതാണ് ടീമലെ എടുത്തു പറയേണ്ട മാറ്റം.

കിക്കോഫ്‌ !!

1- ആദ്യ മിനുട്ടില്‍ തന്നെ ഇന്ത്യയുടെ മുന്നേറ്റം കോര്‍ണറില്‍ കലാശിച്ചു. നല്ലൊരു കളി കാഴ്ചവെച്ചുവെങ്കിലും ഘാനയുടെ പ്രതിരോധം. ഒന്നാം മിനുട്ടില്‍ തന്നെ ഇന്ത്യയുടെ മികച്ചൊരു മുന്നേറ്റം ഉണ്ടായത് കാണികളില്‍ ഹര്‍ഷാരവം ഇരട്ടിപ്പിക്കുന്നുണ്ട്.

3- ഘാനയുടെ ശാരീരികമായ മേല്‍ക്കൊയ്മ തരണം ചെയ്യാന്‍ കൂടുതല്‍ പാസിങ്ങ് ഗെയിം ആണ് ഇന്ത്യ കാഴ്ചവെക്കുന്നത്. മൂന്നാം മിനുട്ടിലെത്തുമ്പോള്‍ അതിവേഗത്തിലുള്ള ഒരു കളി തന്നെയാണ് നീലപ്പട കാഴ്ചവെക്കുന്നത്.

4- ഘാന !! ഘാനയുടെ ഒരു കൗണ്ടര്‍ അറ്റാക്ക് ശ്രമം ഗോള്‍ പോസ്റ്റില്‍ കയറിയെങ്കിലും ഓഫ് സൈഡ് ഫ്ലാഗ് ഉയര്‍ന്നതിനാല്‍ ഇന്ത്യയ്ക്ക് ആശ്വസിക്കാം.

6- ഘാനയ്ക് ഇന്ത്യന്‍ പോസ്റ്റിനരികിലൊരു സെറ്റ് പീസ്‌. ലോങ്ങ്‌ ഷോട്ടിനു മുതിരാതെ പന്ത് പാസ് ചെയ്ത് ഷോട്ട് തുടുക്കാനുള്ള ശ്രമം. ധീരജിനെ സംബന്ധിച്ച് ഒരു ഈസി ക്യാച്ച് !!

7- ഇന്ത്യയ്ക്ക് ഫീല്‍ഡിന്‍റെ മറുപകുതിയിലൊരു സെറ്റ് പീസ്‌. സഞ്ജീവ് സ്റ്റാലിന്‍ എടുത്ത ഷോട്ട് ഘാനന്‍ പ്രതിരോധത്തിന്‍റെ കാലുകളിലേക്ക്

9- ഒമ്പത് മിനുട്ടാവുംബോഴേക്ക് ഘാനയ്ക്കെതിരെ മൂന്നാം തവണയും ഓഫ്സൈഡ് ഫ്ലാഗ് ഉയര്‍ന്നിരിക്കുന്നു. ഓഫ്സൈഡ് ട്രാപ് ഒരുക്കി ഘാനയുടെ അക്രമം പ്രതിരോധിക്കുന്നതില്‍ ഇന്ത്യ ഇതുവരെ വിജയിച്ചു എന്നുവേണം പറയാന്‍.

12- ഘാനായുടെ വേഗത്തെ പാസിങ് ഫുട്ബോളില്‍ കവച്ചുവെക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇന്ത്യയുടെ ഹാഫില്‍ വച്ച് ഘാനക്ക് ഒരു സെറ്റ് പീസ്‌. പന്ത് തട്ടിപ്പറിച്ച ധീരജിന്‍റെ സേവിനു പിന്നാലെ ഇന്ത്യ കൗണ്ടര്‍ അറ്റാക്കിനു ശ്രമിക്കുന്നു.

14- ഘാനാ ബോക്സില്‍ നിന്നും പത്തടി മാറി ഇന്ത്യയ്ക്കനുകൂല സെറ്റ് പീസ്‌. സന്ജീവിന്‍റെ ഷോട്ട് ബോക്സില്‍ കയറിയെങ്കിലും പ്രതിരോധിക്കാന്‍ ഘാനയ്ക് ആയില്ല. പന്ത് ഇപ്പോഴും ഇന്ത്യയ്ക്ക് അനുകൂലം.

16- ഇന്ത്യയ്ക്ക് അനുകൂലമായി റഫറിയുടെ വിധി വന്നുവെങ്കിലും ഘാനയുടെ ഒരു താരത്തിനു പരുക്ക്. അല്‍പ്പസമയത്തിനു ശേഷം കളി പുനരാരംഭിക്കുന്നു.

19- ധീരജിന്‍റെ ഡിസ്റ്റ്രിബ്യൂഷനു പിന്നാലെ ഇന്ത്യയുടെ മികച്ചൊരു മുന്നേറ്റം. പന്ത് ഘാനാ പോസ്റ്റ്‌ വരെ എത്തിയെങ്കിലും ദുര്‍ബലമായ ഷോട്ട് ഘാനന്‍ ഗോളിക്കെളുപ്പം

21- ഘാനയുടെ ഒന്നിലേറെ മുന്നേറ്റ ശ്രമം. ആദ്യ രണ്ട് ചാന്‍സുകള്‍ ഷോട്ടിലെത്തിയില്ലെങ്കിലും ഘാനയുടെ പുള്‍ബാക്ക് ഒരു ലോങ്ങ്ഷോട്ടിനു മുതിരുന്നു. ഇടതു ബോക്സില്‍ നിന്നല്‍പ്പം മാറിയായിരുന്നു ഷോട്ട് !!

25- ധീരജിന്‍റെ ലോങ്ങ്‌ ത്രോകള്‍ ഏതു ടീമും ഭയപ്പെടേണ്ടതുണ്ട്, തീര്‍ച്ച ! പകുതി ദൂരം താണ്ടുന്ന ത്രോകള്‍ നേരെ ഇന്ത്യന്‍ സ്ട്രൈക്കറിലേക്ക് എത്തുന്നു എന്നത് നല്ല സൂചനയാണ്.

27- ഷോട്ട് !! ഘാന !! ഘാനയുടെ മറ്റൊരു ലോങ്ങ്‌ ഷോട്ട് ഇഞ്ചുകള്‍ അകലത്തില്‍ പോസ്റ്റ്‌ താണ്ടി !

29- ഘാനയുടെ മറ്റൊരു മുന്നേറ്റത്തെ തടുക്കുന്ന ഇന്ത്യന്‍ ഡിഫണ്ടര്‍ ബോറിസ് രണ്ടു ഘാനന്‍ താരങ്ങളെ വെട്ടിച്ച് പന്ത് നായകന്‍ അമര്‍ജിത്തിനു കൈമാറുന്നു. ഘാനന്‍ വിങ്ങറെ തരണം ചെയ്യാന്‍ അമര്‍ജിത്തിനു സാധിച്ചുവെങ്കിലും മോശം പാസ് ത്രോവില്‍ കലാശിച്ചു.

31- ഘാനയുടെ വലതു വിങ്ങിലെ മുന്നേറിയ ഇന്ത്യന്‍ താരം ബോക്സിന്‍റെ നടുക്കേക്ക് പന്ത് കൈമാറുന്നു എങ്കിലും പന്ത് കാലിലൊതുക്കാന്‍ ആരും തന്നെയില്ല.

33- ഇന്ത്യന്‍ പുള്‍ബാക്ക് ബോറിസിനു മഞ്ഞക്കാര്‍ഡ്. ഇന്ത്യന്‍ ബോക്സിനരികില്‍ വച്ച് ഘാനയ്ക് ഫ്രീ കിക്ക്

34- ഇന്ത്യയുടെ പതിനൊന്നുപേരും ബോക്സില്‍ ഇടംപിടിച്ച ഫ്രീകിക്ക് ഘാനയുടെ അയ്യഹ മീറ്ററുകള്‍ മുകളിലൂടെ അടിച്ചു തെറിപ്പിക്കുന്നു.

37- ഇന്ത്യന്‍ പ്രതിരോധത്തിനിടയിലെ തരൂ ബോള്‍ കണ്ടെത്താനുള്ള ഘാനന്‍ ശ്രമം പരാജയം. ബോറിസിന്‍റെ ക്ലിയറന്‍സ്.

38- ഘാനയ്ക് മറ്റൊരു കോര്‍ണര്‍ ഇന്ത്യന്‍ പ്രതിരോധം എളുപ്പത്തില്‍ ക്ലിയര്‍ ചെയ്യുന്നു.

39- ഓ ധീരജ് !! ധീരജിനു പരുക്ക്.

40- ഇന്ത്യയുടെ രണ്ടു ഗോള്‍ കീപ്പറും വാമപ്പ് ചെയ്യുന്നതിനിടയില്‍ ചികിത്സയ്ക് ശേഷം കളിക്കാം എന്ന ശുഭാപ്തിവിശ്വാസത്തോടെ ധീരജ് വീണ്ടും ഗ്ലൗസണിയുന്നു.

42- ഗോള്‍ !! ഘാന !!

43- ആദ്യ പകുതിയവസാനിക്കാം ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഘാനക്കായി നായകന്‍ അഹയ്യ ഗോള്‍ കണ്ടെത്തുന്നു. വലതു വിങ്ങില്‍ നിന്നും നിയര്‍ പോസ്റ്റിലേക്ക് ഷൂട്ട്‌ ചെയ്ത ബോള്‍ തടുക്കാനുള്ള ധീരജിന്‍റെ ശ്രമം ബോക്സില്‍ ഇടം പിടിച്ചിരുന്നു ഘാനന്‍ നായകന്‍റെ കാലില്‍ ചെന്നെത്തിക്കുന്നു. സിമ്പിള്‍ ഷോട്ടില്‍ ഘാനയ്ക് മുന്‍തൂക്കം !

45+1- അധികസമയത്തിന്‍റെ ഒന്നാം മിനുട്ടില്‍ അനികേതിനെ ഫൗള്‍ ചെയ്ത ഘാനയുടെ റാഷിദ് അല്‍ ഹാസനു മഞ്ഞക്കാര്‍ഡ്. സെറ്റ് പീസിനെ ഉപയോഗപ്പെടുത്തുന്നതില്‍ ഇന്ത്യ വീണ്ടും പരാജയം.

45+3- ഓരോ തവണയും പന്ത് ഘാനയുടെ പകുതിയിലെത്തുമ്പോഴും പാസുനല്‍കാന്‍ ആളില്ലാതെ ഇന്ത്യന്‍ താരങ്ങള്‍ കുഴങ്ങുന്ന സ്ഥിതിവിശേഷമാണ് കണ്ടുകൊണ്ടിരിക്കുന്നത്.

45+4- ആദ്യപകുതിയുടെ അവസാനം ഘാനയ്ക് ലഭിച്ച കോര്‍ണര്‍ ഒന്നും തന്നെയാവുന്നില്ല.

ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ഘാനയോളം തന്നെ മികച്ച കളിയാണ് ഇന്ത്യ പുറത്തെടുത്തത് എങ്കിലും ഫോര്‍മേഷനിലും തന്ത്രങ്ങളിലുമുള്ള പാകപ്പിഴവുകള്‍ വ്യക്തമാണ്. എണ്ണത്തില്‍ ശക്തമായൊരു മധ്യനിരയുണ്ട് എങ്കിലും പന്ത് മുന്നോട്ടു പോകുമ്പോള്‍ കളിക്കനുസരിച്ചു മുന്നേറാവുന്ന രീതിയിലല്ല ഇന്ത്യന്‍ കോച്ച് തന്ത്രം മെനഞ്ഞിരിക്കുന്നത് എന്നത് ദൃശ്യമാവുന്നു. രണ്ടാം പകുതിയില്‍ വരുന്ന മാറ്റങ്ങള്‍ എന്തായാലും നിര്‍ണായകമാവും. എന്തൊക്കെ മാറ്റങ്ങളാണ് ഇന്ത്യയുടെ ഡ്രസ്സിങ് റൂമില്‍ ഒരുങ്ങുന്നത് എന്ന് കാത്തിരുന്നു കാണാം.

ധീരജിനേറ്റ പരുക്ക് സാരമാകില്ലെന്നു പ്രതീക്ഷിക്കാം. മികച്ച താരങ്ങള്‍ തന്നെയാണ് ഇന്ത്യയുടെ ബെഞ്ചിലുള്ളതും. ആദ്യ പകുതിയില്‍ ഇന്ത്യയ്ക്കുള്ള 46 ശതമാനം എന്നത് ടൂര്‍ണമെന്റിലെ തന്നെ ഇന്ത്യയുടെ മികച്ച പ്രകടനമാണ്. ഘാന പന്ത്രണ്ടു ഷോട്ടുകള്‍ തുടുത്തപ്പോള്‍ ഇന്ത്യയുടെ പേരിലും മൂന്നു ഷോട്ടുകളുണ്ട്. ഇരു ടീമുകള്‍ക്കും ഓരോ മഞ്ഞകാര്‍ഡും ലഭിച്ചിട്ടുണ്ട്.

രണ്ടാം പകുതിക്കായി ഇരുടീമുകളും മൈതാനത്തിലിറങ്ങിയിരിക്കുന്നു. ഏറ്റവും പെട്ടെന്നു തന്നെ സമനില കണ്ടെത്താനാവും ഇന്ത്യയുടെ ശ്രമം.

വിസില്‍ !

45- ആദ്യ ടച്ചിലെ ഘാനയുടെ മുന്നേറ്റ ശ്രമം അന്‍വര്‍ അലി ക്ലിയര്‍ ചെയ്യുന്നു.

46- ഘാനന്‍ താരത്തിന്‍റെ മോശം ഫൗളിള്‍ ഇന്ത്യന്‍ നായകന്‍റെ കൈക്ക് പരുക്ക്. അല്‍പ്പസമയത്തിനു ശേഷം കളി പുനരാരംഭിക്കുന്നു.

49- ഗോള്‍ കിക്കിനെ മുന്നേറ്റമാക്കി മാറ്റുവാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ധീരജ്കു കൃത്യമായി കൊടുക്കുന്ന ഷോട്ടുകളില്‍ ഒരു മുന്നേറ്റത്തിനു വഴിയൊരോക്കുന്നതോടൊപ്പം ഘാനയുടെ പ്രതിരോധത്തിനനുസരിച്ചു പിന്നോട്ടുവലിയാനും ഇന്ത്യ ശ്രമിക്കുന്നു.

51- ഗോള്‍ ! ഘാന

53-ഇടതു വിങ്ങില്‍ മുന്നേറിയ ഘാനന്‍ വിങ്ങര്‍ ആര്‍ക്കോ മെന്‍സ ഇന്ത്യന്‍ പ്രതിരോധനിരയെ വളച്ച ശേഷം പിന്നില്‍ ബോക്സിലേക്ക് പാഞ്ഞെത്തിയ നായകന്‍ അഹയ്യയ്ക്ക് പന്ത് കൈമാറുന്നു. നിയര്‍ പോസ്റ്റില്‍ നിലയുറപ്പിച്ച ധീരജിനു അവസരം ലഭിക്കുന്നതിനു മുമ്പ് അഹയ്യയുടെ ഷോട്ട് പോസ്റ്റിന്‍റെ വലതുകോര്‍ണറില്‍ തുളച്ചുകയറുന്നു ! അഹയ്യക്കിത് രണ്ടാം ഗോള്‍ !

57-ഇന്ത്യയ്ക്ക് സബ്സ്റ്റിറ്റ്യൂഷന്‍ പരുക്കേറ്റ നോങ്ഡാമ്പയ്ക്ക് പകരം നിങ്ങ്തോങ്താമ്പ മൈതാനത്തേക്ക്

58- കഴിഞ്ഞ രണ്ടു കളികളില്‍ നിന്നും മൂന്നു ഗോളുകള്‍ ലഭിച്ച അഹയ്യ വീണ്ടുമൊരു ഗോള്‍ കണ്ടെത്തി ലോകകപ്പിലൊരു ഹാട്രിക് എന്ന നേട്ടം കൂടി കൈവരിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യന്‍ പോസ്റ്റിലേക്ക് നിരന്തരം മുന്നേറുകയാണ് ഘാന.

61- ചാന്‍സ് !! സേവ് !! ധീരജിനു മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് ഗോലാക്കാനുള്ള ശ്രമത്തെ ധീരജ് ചാടി തടുക്കുന്നു.

62- നായകന്‍ അമര്‍ജിത്തിനു പകരം ഇന്ത്യ റഹീം അലിയെ ഇറക്കുന്നു

64- ഘാനയ്ക്ക് അനുകൂലമായി മറ്റൊരു കോര്‍ണര്‍. മോശം സെറ്റ് പീസ് ഇന്ത്യയ്ക്ക് ഗുണകരം. വീണ്ടും ഘാനയുടെ ഒരു ലോങ്ങ്‌ഷോട്ട് ഇഞ്ചകലത്തില്‍ ഇന്ത്യന്‍ പോസ്റ്റ്‌ മറികടക്കുന്നു.

66- ഒരുപാട് തവണ പന്ത് കാലില്‍ ലഭിക്കുന്നുണ്ട് എങ്കിലും മികച്ചൊരു കളി മെനഞ്ഞെടുക്കാന്‍ സാധിക്കുന്നില്ല എന്നത് ഇന്ത്യയ്ക്ക് പ്രതികൂലഘടകമാവുന്നു. കൂടുതല്‍ സമയം പന്ത് കാലില്‍ വെക്കാത്തിതത്തോളം ശാരീരിക ക്ഷമതയിലും വേഗതയിലും ഏറെ മുന്നില്‍ നില്‍ക്കുന്ന ഘാനയെ തളയ്ക്കുക ഇന്ത്യയ്ക്ക് ബുദ്ധിമുട്ടാവും.

67- ഒരു ഘാനന്‍ താരം കൂടി പരുക്കേറ്റ് ചികിത്സക്കായി പുറത്തേക്ക്. ഇന്ത്യയുടെ പ്രതിരോധത്തിലെ പിഴവു മുതലെടുക്കാനുള്ള ഘാനയുടെ മറ്റൊരു ശ്രമം മോശം ഷോട്ടില്‍ ഇന്ത്യയ്ക്ക് ആശ്വാസമായി ഭവിക്കുന്നു.

71- എഴുപതുമിനുട്ട് കഴിയുമ്പോഴേക്ക് ഇരു ടീമിലെ താരങ്ങള്‍ക്കും തളര്‍ച്ച അനുഭവപ്പെടുന്നു. ഘാനയിപ്പൊഴും മികച്ച മുന്നേറ്റങ്ങള്‍ നടത്തുമ്പോള്‍ ഇന്ത്യ എറെ തളര്‍ന്ന പ്രതീതിയാണ്

74- സബ്സ്റ്റിറ്റ്യൂഷന്‍ : ഘാന. ആര്‍ക്കോ മെന്‍സയ്ക്ക് പകരം മുഹമ്മദ്‌ മൈതാനത്തിലേക്ക്

76 രണ്ടാം പകുതി അവസാനിക്കാന്‍ പതിനഞ്ച് മിനുട്ട് മാത്രം ബാക്കയിരിക്കെ രണ്ടാം പകുതിയില്‍ ഇന്ത്യയ്ക്ക് കാര്യമായൊരു മുന്നേറ്റവും ഉണ്ടാക്കാന്‍ സാധിച്ചില്ല എന്നു വേണം പറയാന്‍. സ്ട്രൈക്കര്‍ അനികേതിനു പകരം ലാലന്‍മാവിയയെ ഇറക്കിക്കൊണ്ട് പരീക്ഷിക്കുകയാണ് ഇന്ത്യന്‍ കോച്ച്.

79- കഴിഞ്ഞ കുറച്ചു മിനുട്ടുകലായി ഇന്ത്യയ്ക്ക് കൂടുതല്‍ സമയം പന്ത് കൈവശം വെക്കാന്‍ സാധിച്ചിട്ടുണ്ട് എന്നത് മാത്രമാണ് പോസിറ്റീവായ ഒരു കാര്യം. രണ്ടു ഗോള്‍ നേടിയ അഹയ്യയ്ക്ക് പകരം ഡെന്‍സന്‍ മൈതാനത്തേക്ക്

80- ഷോട്ട് ! രാഹുല്‍ !! വലതു മിഡ്ഫീല്‍ദില്‍ നിന്നും മലയാളിതാരം രാഹുലിന്‍റെ ലോങ്ങ്‌ ഷോട്ട്. നിഷ്പ്രയാസം ഘാനന്‍ ഗോള്‍കീപ്പറുടെ കൈകളിലേക്ക്.

82- ഷോട്ട് !! ഇന്ത്യ !!
മികച്ച രീതിയില്‍ പന്ത് കൈമാറ്റം ചെയ്ത ശേഷം പകരക്കാരനായി ഇറങ്ങിയ ലാലന്‍മാവിയുടെ ലോങ്ങ്‌ ഷോട്ട്. ലക്ഷ്യത്തിലേക്ക് ചീറിയടുത്ത ഷോട്ട് തടുത്തുനിര്‍ത്താന്‍ ഘാനന്‍ ഗോളിക്ക് സാധിക്കുന്നു. മികച്ച ശ്രമം !

86- ഗോള്‍ !! ഘാന !!
അല്‍പ്പം മുമ്പ് എത്തിയ ഡെന്‍സന്‍ ആദ്യ ടച്ചില്‍ തന്നെ ഗോള്‍ നേടിയിരിക്കുന്നു

87- ഗോള്‍ !! ഘാന !!
നാണക്കേട് അവസാനിക്കുന്നില്ല. ഒന്നിനു പിന്നാലെ അടുത്തത്. ഇത്തവണയും പാളിയത് പ്രതിരോധം തന്നെ. സെന്‍റര്‍ ബാക്കിന്‍റെ വീഴ്ചയെ മുതലെടുത്തുകൊണ്ട് ഘാനയുടെ നാലാം ഗോള്‍. ഇന്ത്യ ഉറങ്ങി തന്നെ.. പകരക്കാരനായിറങ്ങിയ ഡാന്‍സോയാണ് ഗോള്‍ കരസ്ഥമാക്കിയത്.

90+1- അധികസമയത്തിന്‍റെ ഒന്നാം മിനിട്ടിലേക്ക് കടക്കുമ്പോള്‍ ഗോള്‍മുഖാത്ത് വീണ്ടുമൊരു അവസരമൊരുക്കാന്‍ ശ്രമിക്കുകയാണ് ഘാനന്‍ അക്രമനിര. ആഫ്രിക്കന്‍ കരുത്തിനു മുന്നില്‍ ഇന്ത്യ നിഷ്പ്രഭം !!

ഫുള്‍ടൈം.

ന്യൂഡല്‍ഹിയില്‍ ലോകകപ്പ് സ്വപ്‌നങ്ങള്‍ പേറിയിറങ്ങിയ ഇന്ത്യന്‍ ടീമിന് വിജയത്തില്‍ കുറഞ്ഞ ഒന്നും തന്നെ ഇന്നാഗ്രഹിക്കാനുണ്ടായിരുന്നില്ല. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത ഘാനയ്ക്കും മുന്നില്‍ അത് മാത്രമായിരുന്നു ലക്‌ഷ്യം. നാലു ഗോളുകളുടെ അപ്രമാദിത്വത്തോടെ ഗ്രൂപ്പില്‍ നിന്നും യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായ ഘാനയുടെ കരുത്തില്‍ നിന്നും ഇന്ത്യ പലതും ഉള്‍ക്കോള്ളേണ്ടതുണ്ട്. ആദ്യ രണ്ടു കളികളിലും പുറത്തെടുത്തത്ര മിക്കവ് ഇന്നത്തെ കളിയില്‍ കണ്ടില്ല എന്നു തന്നെ വേണം പറയാന്‍. പന്ത് കൈവശം വെക്കുന്നതിലും കളിമെനഞ്ഞെടുക്കുന്നതിലും ഇന്ത്യ പൂര്‍ണപരാജയമായിരുന്നു. ആദ്യ പകുതിയില്‍ കാണിച്ച അക്രമസ്വഭാവം രണ്ടാം പകുതിയില്‍ പാടേ ചോര്‍ന്നുപോയി. എന്തുതന്നെയിരുന്നാലും ഈ ലോകകപ്പനുഭവം ഇന്ത്യയ്ക്ക് പല പാഠങ്ങളും നല്‍കും എന്ന് തന്നെ പ്രതീക്ഷിക്കാം.

ഉറങ്ങിക്കിടക്കുന്ന ആ ഭൂതം ഉണരുമായിരിക്കും..

സൈനിങ് ഓഫ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs ghana football match live score updates fifa under 17 world cup 2017 jawaharlal nehru stadium delhi

Next Story
ധീരജ് സിങ്; അണ്ടര്‍ 17 ലോകകപ്പിന്‍റെ കണ്ടെത്തല്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com