ലോർഡ്സ്: 1983ൽ ​ക​പി​ലി​ന്‍റെ ചെ​കു​ത്താ​ന്മാ​ർ ആ​ദ്യ​മാ​യി പു​രു​ഷ ലോ​ക​ക​പ്പ് നേ​ടി​യ അ​തേ ലോ​ർ​ഡ്സി​ൽ ഇ​ന്ത്യ​യു​ടെ വ​നി​താ ടീ​മും ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. വ​നി​താ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ല്‍ ത​ങ്ങ​ളു​ടെ പേ​ര് സ്വ​ർ​ണ​ലി​പി​ക​ളി​ൽ‌ എ​ഴു​തു​ന്ന​തി​ന് ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​താ​ര​ങ്ങ​ൾ​ക്ക് ഒ​രു ജ​യം കൂ​ടി മതി. ക്രി​ക്ക​റ്റി​ന്‍റെ മ​ക്ക​യെ​ന്ന​റി​യ​പ്പെ​ടു​ന്ന ലോ​ര്‍ഡ്‌​സി​ല്‍ ഇ​ന്നു ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ടി​നെ ത​ക​ര്‍ക്കാ​നാ​യാ​ല്‍ ഇന്ത്യൻ വ​നി​താ ക്രി​ക്ക​റ്റി​ല്‍ പു​തി​യൊ​രു ച​രി​ത്ര​മാ​കും പി​റ​ക്കു​ക. ലോര്‍ഡ്സില്‍ ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിക്കാണ് ഫൈനല്‍.

വനിതാ ലോകകപ്പ് കിരീടത്തിന് ഇന്നോളം മൂന്നു രാജ്യങ്ങളേ അവകാശികളായിട്ടുള്ളു – ഓസ്ട്രേലിയയും ഇംഗ്ലണ്ടും ന്യൂസീലൻഡും. ഈ മൂന്നു ടീമുകളെയും തോൽപിച്ചാണ് ഇന്ത്യ ഫൈനലിലേക്കു മാർച്ച് ചെയ്തതെന്നത് കിരീടപ്രതീക്ഷകൾക്കു തിളക്കം കൂട്ടുന്നു. ആറുവട്ടം ചാംപ്യന്മാരായ ഓസ്ട്രേലിയയെ ഹർമൻദീപ് കൗർ എന്ന ബാറ്റിങ് ജീനിയസിന്റെ ഒറ്റയാൾ പോരാട്ടത്തിൽ വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.

മുന്നിൽ നിന്നു പട നയിക്കുന്ന ക്യാപ്റ്റൻ മിതാലി രാജ് വനിതാ ക്രിക്കറ്റിലെ സച്ചിൻ തെൻഡുൽക്കറാണ്. ഏറ്റവുമധികം ഏകദിന റൺസ് നേടിയ താരം. തുടർച്ചയായ ഏഴ് അർധസെഞ്ചുറികളോടെ ചരിത്രമെഴുതിയ വമ്പത്തി. മിതാലിയിൽനിന്നു തൽക്കാലത്തേക്കു ശ്രദ്ധ മാറിനിൽക്കുകയാണിപ്പോൾ. വനിതാ ക്രിക്കറ്റിലെ വീരേന്ദർ സേവാഗ്, വിരാട് കോഹ്‌ലി എന്നൊക്കെ അർഥശങ്കയ്ക്കിടയില്ലാതെ വിശേഷിപ്പിക്കാവുന്ന ഹർമൻദീപ് കൗർ ആണ് ഇന്ത്യയെ പ്രതീക്ഷയുടെ കൊടുമുടി കയറ്റി നിർത്തിയിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ സെമിയിൽ 171 റൺസ് നേടി പുറത്താകാതെ നിന്ന ഹർമൻദീപ് ആണ് ഇപ്പോൾ ലോക ക്രിക്കറ്റിലെതന്നെ ഹീറോയിൻ.

ഇംഗ്ലണ്ടിനെതിരായ വിജയത്തോടെയായിരുന്നു ടൂർണമെന്റിൽ ഇന്ത്യയുടെ തുടക്കം. ഇംഗ്ലണ്ടാകട്ടെ, ഇന്ത്യയോടു തോറ്റതിൽപിന്നെ മികച്ച ഫോമിലാണ്. സെമിയിൽ ദക്ഷിണാഫ്രിക്കയെ അവസാന ഓവറിൽ തോൽപിച്ചാണ് അവർ ഫൈനലിലെത്തിയത്. നാട്ടുകാരുടെ മുന്നിൽ വിജയം കൊണ്ടു കയറാൻ ഇംഗ്ലണ്ടും ശ്രമിക്കുമ്പോൾ കളി ആവേശകരമാകുമെന്ന് ഉറപ്പാണ്.

ആതിഥേയർക്കെതിരെ ലോകകപ്പ് ഫൈനൽ കളിക്കുന്നതു വെല്ലുവിളിയാണെന്നു മിതാലി സൂചിപ്പിച്ചു. ആദ്യകളികളിൽ തിളങ്ങിയെങ്കിലും പിന്നീടു ഫോം നഷ്ടമായ ഓപ്പണർ സ്മൃതി മന്ദാനയുടെ പ്രകടനം ഫൈനലിൽ നിർണായകമാകും. ഇംഗ്ലണ്ടിനെതിരായ വിജയത്തിൽ മന്ദാനയുടെ 90 റൺസിനു വലിയ വിലയുണ്ടായിരുന്നു. ജുലൻ ഗോസ്വാമി, ഏക്ത ബിഷ്ത്, ദീപ്തി ശർമ തുടങ്ങി ഇന്ത്യൻ ബോളർമാരെല്ലാം മികച്ച ഫോമിലാണെന്നതും ടീമിനു പ്രതീക്ഷ നൽകുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ