ബേ ഓവൽ: വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോൽപിച്ചത്. ബാറ്റർമാർ നിറമങ്ങിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, 36.2 ഓവറില്‍ 134 റണ്‍സില്‍ ഓള്‍ഔട്ടായിരുന്നു. ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ബോളർമാർ ഒന്ന് പൊരുതിനോക്കിയെങ്കിലും തോൽവി വഴങ്ങുകയായിരുന്നു. 31.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു.
ഇന്ത്യ ഉയർത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ഇംഗ്ലണ്ടിനെ ജുലൻ ഗോസ്വാമിയുടെ നേതൃത്വത്തിൽ ബോളർമാർ ആദ്യ ഓവറുകളിൽ തന്നെ വെള്ളം കുടിപ്പിച്ചു. നാല് റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ട് കൂട്ടത്തകർച്ചയിലേക്കാണെന്നാണ് കരുതിയത്. എന്നാൽ അർധസെഞ്ചുറിയുമായി ക്യാപ്റ്റൻ ഹീതർ നൈറ്റ് ഇംഗ്ലീഷ് പടയെ വിജയത്തിലെത്തിച്ചു.
മൂന്നാം വിക്കറ്റിൽ നതാലിയ സീവറിനൊപ്പം നൈറ്റ് തീർത്ത അർദ്ധസെഞ്ചുറി കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് രക്ഷയായത്. ഇരുവരും ചേർന്ന് 65 റൺസ് സ്വന്തമാക്കി. തുടർന്ന് സീവർ 45 റൺസുമായി പുറത്തായി. പിന്നീടെത്തിയ ആമി ജോൺസ് (28 പന്തിൽ 10), സോഫിയ (21 പന്തിൽ 17), കാതറിൻ ബ്രന്റ് (0) എന്നിവരെല്ലാം പുറത്തായെങ്കിലും 72 പന്തിൽ 53 റൺസുമായി നൈറ്റ് ഒരിടത്ത് നിലയുറപ്പിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി മേഘ്ന സിങ് മൂന്നു വിക്കറ്റ് വീഴ്ത്തി. രാജേശ്വരി ഗെയ്ക്‌വാദ്, പൂജ വസ്ത്രകാർ എന്നിവർ ഓരോ വിക്കറ്റും നേടി.
കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ഇന്ത്യൻ ബാറ്റിങ് നിര 134 റൺസിന് തകർന്ന് വീഴുന്ന കാഴ്ചയാണ് ആദ്യ ഇന്നിങ്‌സിൽ കണ്ടത്. 58 പന്തിൽ 35 റൺസെടുത്ത ഓപ്പണർ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഹർമൻപ്രീത് കൗർ (26 പന്തിൽ 14), റിച്ച ഘോഷ് (56 പന്തിൽ 33), ജുലൻ ഗോസ്വാമി (26 പന്തിൽ 20) എന്നിവർ മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. യാസ്തിക ഭാട്യ (8), ക്യാപ്റ്റൻ മിതാലി രാജ് (ഒന്ന്), ദീപ്തി ശർമ (0), സ്നേഹ് റാണ (0), പൂജ വസ്ത്രകാർ (ആറ്), മേഘ്ന സിങ് (മൂന്ന്) എന്നിവർ അതിവേഗം മടങ്ങി.
23 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഷാർലറ്റ് ഡീനാണ് ഇന്ത്യയെ എറിഞ്ഞു വീഴ്ത്തിയത്. ഷ്രുബ്സോൾ രണ്ടു വിക്കറ്റും എക്ലസ്റ്റൺ, കെയ്റ്റ് ക്രോസ് എന്നിവർ ഓരോ വിക്കറ്റും നേടി.
Also Read: India vs Sri Lanka 3rd T20I: മൂന്നാം മത്സരത്തിലും തകർപ്പൻ ജയം; ടി20 പരമ്പര തൂത്തുവാരി ഇന്ത്യ