ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ 31 റണ്‍സിന്റെ വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് ഒന്നാം ടെസ്റ്റ് നഷ്ടമായത്. പക്ഷെ കേവലം 31 റണ്‍സിന്റെ അകലമല്ല ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലെന്നതാണ് വാസ്തവം. ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പെന്നാല്‍ വിരാട് കോഹ്ലി മാത്രമാണെന്നാണ് ഇംഗ്ലണ്ടിലെ പ്രകടനം കാണിച്ചു തരുന്നത്. അപ്പോള്‍ 31 റണ്‍സിനും മുകളിലാകും ഇരു ടീമുകളും തമ്മിലെ അന്തരം.

ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടി വിരാട് ഒറ്റയ്ക്ക് ഒരു ടീമായി മാറുകയായിരുന്നു. നായകന് പിന്തുണ നല്‍കാന്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് ശക്തിയ്ക്ക് കരുത്തുണ്ടായിരുന്നില്ല. വിരാടിനെ വീഴ്ത്തിയാല്‍ കളി ജയിച്ചെന്ന് ഉറപ്പുണ്ടായതിനാല്‍ ഇംഗ്ലണ്ടുകാര്‍ ശ്രമിച്ചത് അവനെ പുറത്താക്കാന്‍ മാത്രമായിരുന്നു. ബാക്കിയുള്ളവരെല്ലാം സ്വയം കുഴി കുഴിച്ച് അതില്‍ വീണവരാണ്.

‘നമ്മുടെ ബാറ്റിംഗ് നന്നാക്കേണ്ടതുണ്ട്. ഷോട്ട് സെലക്ഷനുകള്‍ നന്നാക്കണം. കുറേ കൂടി നന്നായി ബാറ്റ് കൊണ്ടും കളി നന്നാക്കണം. പക്ഷെ പോസിറ്റീവായ മനസോടെ മുന്നോട്ട് പോവുകയാണ് ഇപ്പോള്‍ വേണ്ടത്. വാലറ്റത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട് സത്യത്തില്‍.’ എന്നായിരുന്നു മത്സരശേഷം ഇന്ത്യന്‍ നായകന്‍ പറഞ്ഞത്.

അതേസമയം, അഡ്‌ലൈഡിലെ ഇന്നിംഗ്‌സ് കഴിഞ്ഞാല്‍ പിന്നെ തന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സായിരുന്നു ആദ്യ ഇന്നിംഗ്‌സില്‍ നേടിയ 149 റണ്‍സിന്റേതെന്നും വിരാട് പറഞ്ഞു. മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നുവെങ്കില്‍ ഇതാകുമായിരുന്നു ഏറ്റവും മികച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വളരെ ശക്തമായ മത്സരം തന്നെയായിരുന്നു നടന്നതെന്നും ഇംഗ്ലണ്ട് താരങ്ങള്‍ തങ്ങളെ നന്നായി ബുദ്ധിമുട്ടിച്ചെന്നും ഇന്ത്യന്‍ താരം വ്യക്തമാക്കി.

നായകന്‍ വിരാട് കോഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന് തടയിട്ട് വിജയം കരസ്ഥമാക്കി ഇംഗ്ലണ്ട്. അര്‍ധസെഞ്ച്വറി നേടിയതിന് പിന്നാലെ വിരാടിനെ പുറത്താക്കി ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സാണ് ഇംഗ്ലണ്ടിന് നിര്‍ണ്ണായ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 31 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇന്ത്യ 162 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

പിന്നാലെ വന്ന ഷമി ഉടനെ തന്നെ പുറത്തായി. ഇശാന്ത് ശര്‍മ്മയുമൊത്ത് ഹാര്‍ദ്ദിക് ഇന്നിംഗ്‌സ് പടുത്തുയര്‍ത്തുമെന്ന് കരുതിയെങ്കിലും ആവേശം കാണിച്ച് ബൗണ്ടറികള്‍ നേടിയതിന് പിന്നാലെ ഇശാന്തും പുറത്താവുകയായിരുന്നു. ഒരറ്റത്ത് ഹാര്‍ദ്ദിക് ഉള്ളതായിരുന്നു ഇന്ത്യയുടെ ഏക പ്രതീക്ഷ. എന്നാല്‍ ഹാര്‍ദ്ദികിന് ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook