ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ലോകമെങ്ങും ആരാധക വൃന്ദമുണ്ട്. സ്വതസിദ്ധമായ തന്റെ ബാറ്റിങ് ശൈലിയിലൂടെയാണ് ഇന്ത്യൻ നായകൻ ലക്ഷക്കണക്കിന് പേരുടെ ഹൃദയം കീഴടക്കിയത്. മൈതാനത്ത് കട്ടക്കലിപ്പിൽ കോഹ്‌ലിയെ കാണാനാവുമെങ്കിലും ആരാധകരോട് താരം അങ്ങനെയല്ല. ഇന്ത്യയിലായാലും വിദേശത്തായാലും ആരാധകരോട് ഇടപെടാൻ കോഹ്‌ലി മടി കാട്ടാറില്ല. അതിനാൽതന്നെ കോഹ്‌ലിയെ ആരാധകർക്ക് ഇഷ്ടമാണ്.
ഗ്യാലറിയിൽ കളി കാണാനെത്തുന്നവർ പലപ്പോഴും ഓട്ടോഗ്രാഫിനായി കോഹ്‌ലിയെ സമീപിക്കാറുണ്ട്. താരം ഒരു മടിയും കൂടാതെ അവർക്കെല്ലാം ഓട്ടോഗ്രാഫ് നൽകാറുണ്ട്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. ഇത്തരത്തിൽ ഓട്ടോഗ്രാഫിനായി കാത്തുനിന്ന ആരാധികയെ നിരാശയാക്കാതെ കോഹ്‌ലി മടക്കിയതാണ് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കവരുന്നത്.
ഇംഗ്ലണ്ടിനെതിരെ ലീഡ്സിൽ അവസാന ഏകദിനത്തിനായി താമസ സ്ഥലത്തുനിന്നും ഇന്ത്യൻ ടീം പുറപ്പെടുകയായിരുന്നു. ഈ സമയത്ത് പുറത്ത് ഒരു ആരാധിക താരങ്ങളുടെ ഓട്ടോഗ്രാഫിനായി കാത്തുനിന്നു. ഇന്ത്യൻ കോച്ച് രവി ശാസ്ത്രി, എംഎസ്.ധോണി തുടങ്ങി പുറത്തുവന്ന പലരോടും ആരാധിക ഓട്ടോഗ്രാഫ് ചോദിച്ച് അടുത്തെത്തി. എന്നാൽ ആരും ഓട്ടോഗ്രാഫ് കൊടുക്കാൻ തയ്യാറായില്ല. എല്ലാവരും ടീം ബസിലേക്ക് കയറാനായി പോയി.
ഇവർക്കു പുറകേയാണ് വിരാട് കോഹ്‌ലി എത്തിയത്. കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലാതെ ആരാധിക കോഹ്‌ലിയുടെ അടുത്തെത്തി. എന്നാൽ കോഹ്‌ലി ആരാധികയ്ക്ക് ഓട്ടോഗ്രാഫ് നൽകിയശേഷമാണ് മടങ്ങിയത്. ബിസിസിഐ അവരുടെ ട്വിറ്റർ പേജിൽ ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Here we go for the ODI series decider match.#TeamIndia #ENGvIND pic.twitter.com/e91sG6TM7s
— BCCI (@BCCI) July 17, 2018
ആരാധകരോടുളള കോഹ്‌ലിയുടെ സ്നേഹ പ്രകടനം ഇതിനു മുൻപും പല തവണ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഐപിഎൽ സീസണിൽ കോഹ്‌ലിയുടെ ഓട്ടോഗ്രാഫിനായി ഹോട്ടലിൽ കാത്തുനിന്ന നാലു കുട്ടികളോട് കുശലം പറഞ്ഞശേഷമാണ് കോഹ്‌ലി ഓടട്ടോഗ്രാഫ് നൽകിയത്. ഇതിന്റെ വീഡിയോ കോഹ്‌ലി തന്റെ ട്വിറ്റർ പേജിൽ ഷെയർ ചെയ്തിരുന്നു.
അടുത്തിടെ അതിവേഗം 3,000 റൺസ് നേടുന്ന താരമെന്ന നേട്ടം കോഹ്‌ലി സ്വന്തമാക്കിയിരുന്നു. 49 ഇന്നിങ്സുകളിൽനിന്നായിരുന്നു ഇന്ത്യൻ നായകന്റെ നേട്ടം. ടി ട്വന്റിയിൽ അതിവേഗം 2,000 റൺസ് നേടുന്ന കളിക്കാരനും ആദ്യ ഇന്ത്യക്കാരനുമെന്ന നേട്ടം കോഹ്‌ലി നേടിയിരുന്നു. 56 ഇന്നിങ്സുകളിൽനിന്നായിരുന്നു കോഹ്‌ലിയുടെ നേട്ടം.