എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിലേക്ക് ഇന്ത്യൻ സംഘം യാത്ര പുറപ്പെടുമ്പോൾ എല്ലാ ക്രിക്കറ്റ് ആരാധകരും ഒന്നുപോലെ ഉറ്റുനോക്കിയത് വിരാട് കോഹ്‌ലിയെന്ന റൺ മെഷീനിലേക്കാണ്. നാല് വർഷം മുൻപ് ഇതേ രാജ്യത്ത് പര്യടനത്തിന് എത്തിയപ്പോൾ നിറംമങ്ങിപ്പോയ വിരാട് കോഹ്‌ലി ആ പ്രതീക്ഷ കാത്തു. അയാൾ കാത്തിരുന്ന, ആരാധകർക്ക് കാത്തുവച്ച ആ സെഞ്ചുറിയും പിറന്നു.

കരിയറിലെ 22-ാം സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കോഹ്‌ലി നേടിയത്. 149 റൺസുമായി പത്താമനായാണ് ഇന്ത്യൻ ക്യാപ്റ്റൻ മടങ്ങിയത്.  ഇന്ത്യന്‍ ഇന്നിസിനെ തനിച്ച് തോളിലേറ്റി ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ച കോഹ്‌ലി അക്ഷരാർത്ഥത്തിൽ നായകന്റെ കളി പുറത്തെടുത്തു.

അഞ്ചു ടെസ്റ്റില്‍ നിന്ന് വെറും 13.40 ശരാശരിയില്‍ 134 റണ്‍സ് മാത്രം സ്വന്തമാക്കി തലകുനിച്ച് മടങ്ങിയ കോഹ്‌ലിയല്ല ഇനി. അന്ന് കേട്ട എല്ലാ വിമർശനങ്ങൾക്കും ഇക്കുറി ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ തന്നെ മാറ്റിവായിപ്പിച്ചു കോഹ്‌ലി.

ഇംഗ്ലണ്ടിനെതിരെ ആയിരം റൺസ് ടെസ്റ്റിൽ തികയ്ക്കുന്ന 13-ാമത്തെ ബാറ്റ്സ്മാൻ എന്ന ഖ്യാതിക്കും ഇന്നലെ കോഹ്‌ലി പാത്രമായി. വ്യക്തിഗത സ്കോർ 22 ൽ എത്തിയപ്പോഴാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്.

172 പന്തില്‍ നിന്നാണ് വിരാട് കോഹ്‌ലി സെഞ്ചുറി തികച്ചത്. ഒരറ്റത്ത് വിക്കറ്റുകള്‍ നിലംപ്പെത്തിയപ്പോൾ ലീഡ് വഴങ്ങാതിരിക്കാന്‍ സ്കോറിങ് വേഗം കൂട്ടിയ കോഹ്‌ലി, ആദില്‍ റഷീദിന്‍റെ പന്തില്‍ ബ്രോഡിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. അപ്പോഴേക്കും 225 പന്തില്‍ 149 റണ്‍സ് അദ്ദേഹം നേടിയിരുന്നു. അതിൽ 22 ഫോറുകളും ഒരു സിക്സും ആ ബാറ്റില്‍ നിന്ന് പിറന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook