വിരാട് കോഹ്ലി എന്ന ക്രിക്കറ്റർക്ക് മുന്നിൽ റെക്കോഡുകൾ ഒന്നൊന്നായി പഴങ്കഥയാവുകയാണ്. ഭാവി സച്ചിനെന്ന് ഒരിക്കൽ വാഴ്ത്തപ്പെട്ട താരത്തിന് “റൺ മെഷീൻ” എന്നായി പിന്നീട് വിശേഷണം. ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച താരം ബോളർമാരെ നിഷ്പ്രഭരാക്കി സെഞ്ചുറികളിലൂടെയാണ് റെക്കോഡ് കോട്ടകൾ തകർത്തത്.
എന്നാൽ താരത്തെ വിലയിരുത്താനായിട്ടില്ലെന്നാണ് ഇന്ത്യൻ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ വാദം. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് ഗാംഗുലി. ഒത്തുകളി വിവാദം ഇന്ത്യൻ ക്രിക്കറ്റിനെ ഒന്നുമല്ലാതാക്കിയ കാലത്ത് മുന്നിൽ നിന്ന് നയിച്ച് ക്രിക്കറ്റിലെ അതികായന്മാരായി ഇന്ത്യയെ വളർത്തിയെടുത്ത ഏറ്റവും അഗ്രസീവായ ക്യാപ്റ്റനായിരുന്നു അദ്ദേഹം.
പിന്നാലെയെത്തിയ മഹേന്ദ്രസിംഗ് ധോണി, സൗരവ് നിർത്തിയേടത്ത് നിന്നാണ് തുടങ്ങിയത്. പിന്നീട് കിരീടങ്ങളുടെ ഘോഷയാത്രയായി. ധോണിക്ക് പുറകിൽ ക്യാപ്റ്റനായി എത്തിയ വിരാട് കോഹ്ലിയെ നേരത്തേ തന്നെ അസാമാന്യ പ്രതിഭയെന്ന് സൗരവ് വിശേഷിപ്പിച്ചിരുന്നു. ക്യാപ്റ്റനായും മികച്ച ബാറ്റ്സ്മാനായും തിളങ്ങുന്ന താരത്തെ കുറിച്ച് അദ്ദേഹം ഇപ്പോൾ പറഞ്ഞിരിക്കുന്നത് മറ്റൊന്നാണ്.
“മികച്ച ബാറ്റ്സ്മാൻ എന്ന പേരിലാവില്ല. അയാൾ നല്ല കളിക്കാരനാണ്. കളിക്കുന്ന കാലത്തോളം അദ്ദേഹം റൺസ് നേടും. പക്ഷെ അതല്ല, ഇന്ത്യൻ ക്രിക്കറ്റിനെ എങ്ങിനെ അയാൾ മുന്നോട്ട് കൊണ്ടുപോകും എന്നതിനെ ആശ്രയിച്ചാവും അദ്ദേഹത്തെ ലോകക്രിക്കറ്റിൽ വാഴ്ത്തുന്നത്. അദ്ദേഹത്തിന്റെ ചുറ്റും അതിന് തക്ക മാർഗ്ഗനിർദ്ദേശം നൽകാൻ സാധിക്കുന്ന മികച്ച ആളുകൾ തന്നെയാണുളളതെന്ന് ഞാൻ കരുതുന്നു,” ഗാംഗുലി പറഞ്ഞു. ക്രിക്ബസിന് നൽകിയ ഇന്റർവ്യൂവിലാണ് ഗാംഗുലി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയെ 21 ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച നായകനാണ് ഗാംഗുലി. ഇതിനോടകം കോഹ്ലി ഈ നേട്ടം പൂർത്തിയാക്കി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അഞ്ച് ടെസ്റ്റുകളിൽ മാത്രമേ ഇന്ത്യ പരാജയപ്പെട്ടിട്ടുളളൂ. ഇപ്പോൾ 27 ടെസ്റ്റ് വിജയങ്ങളുളള ധോണിയാണ് കോഹ്ലിക്ക് മുന്നിലുളളത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് തന്നെ കോഹ്ലി ഗാംഗുലിയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.