അഹമ്മദാബാദ്: മൊട്ടേര ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് അവസാനിച്ചു. 48.4 ഓവറിൽ 112 റൺസിന് ഇംഗ്ലണ്ട് ഓൾഔട്ടായി. ഇന്ത്യയ്‌ക്കായി അക്ഷർ പട്ടേൽ ആറ് വിക്കറ്റുകൾ വീഴ്‌ത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് തുടക്കംമുതലേ പിഴച്ചു. ടീം ടോട്ടൽ രണ്ട് റൺസിൽ നിൽക്കുമ്പോൾ ആദ്യ വിക്കറ്റ് വീണു. പിന്നീടങ്ങോട്ട് ഇംഗ്ലണ്ട് പതറുന്ന കാഴ്‌ചയാണ് മൊട്ടേരയിൽ കണ്ടത്.

ടീം ടോട്ടൽ നൂറ് റൺസിൽ എത്തുന്നതിനു മുൻപ് ഇംഗ്ലണ്ടിന് എട്ട് വിക്കറ്റുകൾ നഷ്‌ടമായി. അർധ സെഞ്ചുറി നേടിയ സാക് ക്രാവ്‌ലി മാത്രമാണ് ആതിഥേയർക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയത്. 84 പന്തിൽ പത്ത് ഫോർ സഹിതം 53 റൺസാണ് ക്രാവ്‌ലി നേടിയത്. മറ്റാർക്കും ഇന്ത്യയ്‌ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല.

ക്രാവ്‌ലിക്ക് പുറമേ നായകൻ ജോ റൂട്ട് (17 റൺസ്), ബെൻ ഫോക്‌സ് (12 റൺസ്), ജോഫ്ര ആർച്ചർ (11 റൺസ്) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്.

Image

അക്ഷർ പട്ടേൽ

ബെൻ ഫോക്‌സ്, ജോഫ്ര ആർച്ചർ എന്നിവരെ അക്ഷർ പട്ടേൽ ബൗള്‍ഡ് ആക്കി. ക്രാവ്‌ലി, ബെയർസ്റ്റോ, ബെൻ സ്റ്റോക്‌സ് എന്നിവരെ അക്ഷർ പട്ടേൽ എൽബിഡബ്ള്യുവിന് മുന്നിൽ കുടുക്കുകയും ചെയ്‌തു. സ്റ്റുവർട്ട് ബോർഡ് അക്ഷർ പട്ടേലിന്റെ പന്തിൽ ജസ്‌പ്രീത് ബുംറയ്‌ക്ക് ക്യാച്ച് നൽകിയും പുറത്തായി. രവിചന്ദ്രൻ അശ്വിൻ മൂന്നും ഇഷാന്ത് ശർമ ഒരു വിക്കറ്റും നേടി.

കരിയറിലെ നൂറാം ടെസ്റ്റ് മത്സരത്തിനായി കളത്തിലിറങ്ങിയ ഇന്ത്യയുടെ ഇഷാന്ത് ശർമയ്‌ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഇംഗ്ലണ്ടിനെതിരെ മൊട്ടേര സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്‌ക്കായി ആദ്യ വിക്കറ്റ് വീഴ്‌ത്തിയത് ഇഷാന്ത് ശർമയാണ്. ടോസ് ലഭിച്ച ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറിൽ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്‌ടമായി. ഇന്നിങ്സിലെ തന്റെ രണ്ടാം ഓവറിലാണ് ഇഷാന്ത് ശർമ ഇംഗ്ലണ്ട് ഓപ്പണർ ഡൊമിനിക് സിബ്‌ലിയെ മടക്കിയത്. ഇഷാന്തിന്റെ പന്തിൽ സിബ്‌ലി സ്ലിപ്പിൽ രോഹിത് ശർമയ്‌ക്ക് ക്യാച്ച് നൽകുകയായിരുന്നു. റൺസൊന്നുമെടുക്കാതെയാണ് സിബ്‌ലി മടങ്ങിയത്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്‌ക്കായി ആദ്യ ഓവർ എറിഞ്ഞതും ഇഷാന്ത് ശർമയാണ്.

നൂറാം ടെസ്റ്റ് കളിക്കാനിറങ്ങിയ ഇഷാന്ത് ശർമയെ രാജ്യം ആദരിച്ചു. മൊട്ടേര സ്റ്റേഡിയത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ എത്തിയിരുന്നു. രാഷ്ട്രപതി ഇഷാന്തിന് പ്രത്യേക ഉപഹാരം നൽകി. നൂറാം ടെസ്റ്റിന്റെ ഭാഗമായുള്ള പ്രത്യേക ക്യാപ്പ് ഇഷാന്തിന് നൽകിയത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഇഷാന്തിനെ അഭിനന്ദിച്ചു.

Read Also: മോട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ഇനി നരേന്ദ്ര മോദി സ്റ്റേഡിയം

 

നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇപ്പോൾ 1-1 എന്ന നിലയിലാണ്. ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയം സ്വന്തമാക്കി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫെെനലിൽ പ്രവേശിക്കാൻ ഇരു ടീമുകൾക്കും ശേഷിക്കുന്ന മത്സരങ്ങളിൽ വിജയം അനിവാര്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook