ഓസ്ട്രേലിയക്കെതിരായ ചരിത്ര വിജയത്തിനുശേഷം ഇംഗ്ലണ്ടിനെ സ്വന്തം മണ്ണിൽ നേരിടാനൊരുങ്ങുകയാണ് ടീം ഇന്ത്യ. പെറ്റേണിറ്റി ലീവിന് ശേഷം മടങ്ങിയെത്തുന്ന വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡും പ്രഖ്യാപിച്ചിരിക്കുകയാണ്. 16 അംഗ ടീമിൽ ബെൻ സ്റ്റോക്സും ജോഫ്ര ആർച്ചറും മടങ്ങിയെത്തിയിട്ടുണ്ട്.

ശ്രീലങ്കയ്ക്കെതിരെ മിന്നും പ്രകടനവുമായി തിളങ്ങിയ ജോ റൂട്ട് നയിക്കുന്ന ടീമിൽ കോവിഡ് ബാധിച്ച മൊയിൻ അലിയും ഇടംപിടിച്ചിട്ടുണ്ട്. ശ്രീലങ്കൻ പര്യടനത്തിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മുക്തനായ മൊയിൻ അലി ഇപ്പോൾ വിശ്രമത്തിലാണ്.

Also Read: വാട്സന്റെ പകരക്കാരനാകാൻ ഉത്തപ്പ; ചെന്നൈ സൂപ്പർ കിങ്സിന്റെ കണക്കുകൂട്ടലുകൾ ഇങ്ങനെ

ആൻഡേഴ്സണും ബ്രോഡും നയിക്കുന്ന ലോകോത്തര ബോളിങ് നിരയ്ക്ക് കരുത്ത് കൂട്ടാൻ സാധിക്കുന്ന ആർച്ചറും സ്റ്റോക്സും ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ സജീവമാക്കുന്നു. റൂട്ട് തന്നെയാണ് ടീമിലെ പ്രധാന ബാറ്റിങ് കരുത്ത്.

ഇംഗ്ലണ്ട് ടീം: ജോ റൂട്ട്, ജോഫ്ര ആർച്ചർ. മൊയ്ൻ അലി, ജെയിംസ് ആൻഡേഴ്സൺ, ഡോം ബെസ്, സ്റ്റുവർട്ട് ബ്രോഡ്, റോറി ബൺഡ്, ജോസ് ബട്‌ലർ, ജാക് ചൗളി, ബെൻ ഫോക്സ്, ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെൻ സ്റ്റോക്സ്, ഒല്ലി സ്റ്റോൻ, ക്രിസ് വോക്സ്

മൂന്ന് ഫോർമാറ്റിലും ഇംഗ്ലണ്ട് ഇന്ത്യയെ നേരിടുന്ന പരമ്പര ഫെബ്രുവരി അഞ്ചിനാണ് ആരംഭിക്കുന്നത്. നവീകരിച്ച അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിലായിരിക്കും രണ്ട് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും നടക്കുക. പൂനെ ഏകദിന മത്സരങ്ങൾക്ക് വേദിയാകുമ്പോൾ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ ചെന്നൈയിലാണ് സംഘടിപ്പിക്കപ്പെടുന്നത്. മൂന്ന് ഏകദിന മത്സരവും നാല് ടെസ്റ്റും അഞ്ച് ടി20 പോരാട്ടങ്ങളും ഉൾപ്പെടുന്നതാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook