ചെന്നൈ: ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് മികച്ച നിലയിൽ. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് നേടിയിട്ടുണ്ട്. നായകൻ ജോ റൂട്ട് ഇംഗ്ലണ്ടിനായി സെഞ്ചുറി നേടി. 197 പന്തിൽ 14 ഫോറും ഒരു സിക്സും സഹിതം 128 റൺസ് നേടിയ റൂട്ട് പുറത്താകാതെ നിൽക്കുന്നു. ടെസ്റ്റ് കരിയറിലെ 20-ാം സെഞ്ചുറിയാണ് റൂട്ട് ഇന്ന് സ്വന്തമാക്കിയത്. ടെസ്റ്റ് കരിയറിലെ നൂറാം മത്സരത്തിൽ സെഞ്ചുറി നേടുന്ന താരമെന്ന അപൂർവ നേട്ടവും റൂട്ടിന് സ്വന്തം. നൂറാം ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ഒൻപതാമത്തെ താരമാണ് റൂട്ട്.
ഇംഗ്ലണ്ടിനായി ഓപ്പണർ ഡൊമിനിക് സിബ്ലിയും മികച്ച പ്രകടനം നടത്തി. സിബ്ലി 286 പന്തിൽ 12 ഫോറുകളുടെ അകമ്പടിയോടെ 87 റൺസ് നേടിയാണ് പുറത്തായത്. രണ്ടാം സെഷനിൽ ഇംഗ്ലണ്ടിന് വിക്കറ്റുകളൊന്നും നഷ്ടമായില്ല്. ഇംഗ്ലണ്ടിന് ആദ്യ രണ്ട് വിക്കറ്റും ഒന്നാം സെഷനിലാണ് നഷ്ടമായത്. റോറി ബേൺസ് (33), ഡാനിയൽ ലോറൻസ് (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. സിബ്ലിയുടെ വിക്കറ്റ് നഷ്ടമായത് മൂന്നാം സെഷനിലും. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ രണ്ടും ആർ. അശ്വിൻ ഒരു വിക്കറ്റും നേടി. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യ പ്ലേയിങ് ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ, രവിചന്ദ്രൻ അശ്വിൻ, ഷഹബാസ് നദീം, ഇഷാന്ത് ശർമ, ജസ്പ്രീത് ബുംറ
ഇംഗ്ലണ്ട്: റോറി ബേൺസ്, ഡൊമിനിക് സിബ്ലി, ഡാനിയൽ ലോറൻസ്, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ഒലി പോപ്, ജോസ് ബട്ലർ, ഡൊമിനിക് ബെസ്, ജോഫ്ര ആർച്ചർ, ജാക് ലീച്, ജെയിംസ് ആൻഡേഴ്സൺ