10 വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ ക്രിക്കറ്റിൽ സുവർണലിപികളിൽ യുവ്‌രാജിന്റെ പേര് എഴുതപ്പെട്ട ദിവസമാണ് ഇന്ന്. 2007 സെപ്റ്റംബർ 19 യുവ്‌രാജിനു മാത്രമല്ല ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബോളർ സ്റ്റുവർട്ട് ബ്രോഡിനും മറക്കാനാവാത്ത ദിവസമാണ്. സ്റ്റുവർട്ടിന്റെ ബോളുകളെ ബാറ്റ് കൊണ്ട് യുവി തകർത്തദിനം.

ഐസിസി ടിട്വന്റി വേൾഡ്കപ്പിൽ ഇന്ത്യ-ഇംഗ്ലണ്ട് മൽസരത്തിലായിരുന്നു കാണികളെ അമ്പരപ്പിച്ച് യുവി തന്റെ മാസ്മരിക പ്രകടനം പുറത്തെടുത്തത്. സ്റ്റുവർട്ട് ബ്രോഡ് ആയിരുന്നു ബോളിങ്ങിനായി എത്തിയത്. ആദ്യ ബോളിൽതന്നെ യുവി സിക്സർ ഉയർത്തി. രണ്ടാമത്തെയും മൂന്നാമത്തെയും ബോളുകൾ സിക്സർ ഉയർത്തിയപ്പോൾ സ്റ്റുവർട്ട് ഒന്ന് അമ്പരന്നു. എന്തു ചെയ്യണമെന്നറിയാതെ സ്റ്റുവർട്ട് ഒന്നു പരുങ്ങി. സ്റ്റുവർട്ട് എങ്ങനെ എറിഞ്ഞിട്ടും നാലാമത്തെയും അഞ്ചാമത്തെയും ബോളും യുവി സ്ക്സർ അടിച്ചു. അവസാനത്തെ ബോളെങ്കിലും യുവി വെറുതെ വിടുമെന്ന് സ്റ്റുവർട്ട് കരുതിയെങ്കിലും അതും നടന്നില്ല. ആറാമത്തെ ബോളും സിക്സർ ഉയർത്തി യുവി പുതിയ ചരിത്രം എഴുതി.

ഓരോ സിക്സ് അടിക്കുമ്പോഴും യുവ്‌രാജ് തന്റെ പേര് ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണലിപികളിൽ എഴുതുകയായിരുന്നു. 20 ഓവറിൽ യുവിയുടെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യ അടിച്ചുകൂട്ടിയത് 219 റൺസായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 200 റൺസ് നേടാനേ ആയുളളൂ. 18 റൺസിന് ഇന്ത്യ വിജയിച്ചു.

വെസ്റ്റ് ഇൻഡീസിന്റെ ഗാരി സോബേഴ്സ് ആയിരുന്നു ഔരു ഓവറിൽ ആറു സിക്സ് എന്ന നേട്ടം ആദ്യം കൈവരിച്ചത്. ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരവും ഇപ്പോഴത്തെ കോച്ചുമായ രവി ശാസ്ത്രിയാണ് ആറു ബോളിൽ ആറു സിക്സ് എന്ന നേട്ടം രണ്ടാമതായി കൈവരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ