‘ബട്ട്‌ലർ ഷോ’; ഇന്ത്യയെ നിലംപരിശാക്കി ഇംഗ്ലണ്ട്, കോഹ്‌ലിയുടെ ഒറ്റയാൾ പ്രകടനം വിഫലം

ഇതോടെ അഞ്ച് മത്സരങ്ങളുടെ ടി 20 പരമ്പര 2-1 ന് ഇംഗ്ലണ്ട് ലീഡ് ചെയ്യുന്നു. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജയിച്ചാൽ മാത്രമേ ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കൂ

അഹമ്മദബാദ്: ‘ബട്ട്‌ലർ ഷോ’യിൽ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടി 20 ജയിച്ച് ഇംഗ്ലണ്ട്. എട്ട് വിക്കറ്റിന്റെ അനായാസ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം 18.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ ടി 20 പരമ്പര 2-1 ന് ഇംഗ്ലണ്ട് ലീഡ് ചെയ്യുന്നു. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജയിച്ചാൽ മാത്രമേ ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കൂ.

ഓപ്പണറും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാനുമായ ജോസ് ബട്ട്‌ലർ 52 പന്തിൽ 83 റൺസ് നേടി പുറത്താകാതെ നിന്നു. തുടക്കം മുതൽ ഇന്ത്യൻ ബൗളർമാരെ ആക്രമിച്ചു കളിക്കുകയായിരുന്നു ബട്ട്‌ലർ. അഞ്ച് ഫോറും നാല് സിക്‌സും നേടിയ ബട്ട്‌ലർ 26 പന്തിൽ നിന്നാണ് അർധ സെഞ്ചുറി തികച്ചത്. 28 പന്തിൽ 40 റൺസുമായി പുറത്താകാതെ നിന്ന ജോണി ബെയർസ്റ്റോ ബട്ട്‌ലർക്ക് മികച്ച പിന്തുണ നൽകി. അഞ്ച് ഫോറാണ് ബെയർസ്റ്റോ നേടിയത്. ഒൻപത് റൺസെടുത്ത ജേസൻ റോയ്, 18 റൺസെടുത്ത ഡേവിഡ് മലാൻ എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യയ്‌ക്കായി ശർദുൽ താക്കൂറും ഹാർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് നേടി. ഇന്ത്യയുടെ മോശം ഫീൽഡിങ്ങും ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാക്കി.

Buttler fifty keeps England ahead
ജോസ് ബട്ട്‌ലറും ഡേവിഡ് മലാനും ബാറ്റിങ്ങിനിടെ

ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടപ്പെടുത്തി 156 റൺസാണ് നേടിയത്. രണ്ടാം ടി 20 യിൽ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം നടത്തിയ നായകൻ വിരാട് കോഹ്‌ലി തന്നെയാണ് ഇന്നും രക്ഷകനായത്. കോഹ്‌ലി 46 പന്തിൽ നിന്ന് 77 റൺസുമായി പുറത്താകാതെ നിന്നു. നാല് സിക്‌സും എട്ട് ഫോറും കോഹ്‌ലി നേടി. ടി 20 ക്രിക്കറ്റിലെ 27-ാം അർധ സെഞ്ചുറിയാണ് കോഹ്‌ലി ഇന്ന് സ്വന്തമാക്കിയത്.

 

ആദ്യ രണ്ട് ടി 20 മത്സരങ്ങളിൽ കളിക്കാതിരുന്ന രോഹിത് ശർമ ഇന്ന് ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങി. രോഹിത്തിനൊപ്പം കെ.എൽ.രാഹുലാണ് ഇന്നിങ്സ് ഓപ്പൺ ചെയ്‌തത്. എന്നാൽ, ഇരുവരും നിരാശപ്പെടുത്തി. നാല് പന്ത് നേരിട്ട് റൺസൊന്നും എടുക്കാൻ സാധിക്കാതെ കെ.എൽ.രാഹുൽ ആദ്യം മടങ്ങി. ആദ്യ രണ്ട് ടി 20 യിലും രാഹുൽ നിറം മങ്ങിയ പ്രകടനമാണ് കാഴ്‌ചവച്ചത്. രോഹിത് ശർമ 17 പന്തിൽ 15 റൺസുമായി പുറത്തായി. രണ്ടാം ടി 20 യിൽ ഇന്ത്യയ്‌ക്കായി അരങ്ങേറി മികച്ച പോരാട്ടം കാഴ്‌ചവച്ച ഇഷാൻ കിഷൻ നാല് റൺസുമായി പുറത്തായി. തുടക്കത്തിൽ ഇന്ത്യയുടെ റൺറേറ്റും വളരെ മോശമായിരുന്നു.

Read Also: വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനം; ഈ അഞ്ച് പേർ ഇന്ത്യൻ സെലക്ടർമാർക്ക് നൽകുന്നത് വ്യക്തമായ സന്ദേശം

പിന്നീട് നായകൻ വിരാട് കോഹ്‌ലിയും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ റിഷഭ് പന്തും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും റൺസിനായുള്ള ഓട്ടത്തിനിടെ പന്തിന് വിക്കറ്റ് നഷ്‌ടമായി. 20 പന്തിൽ 25 റൺസിൽ നിൽക്കുമ്പോഴാണ് പന്ത് റൺഔട്ടായത്. മൂന്ന് ഫോർ സഹിതമാണ് പന്ത് 25 റൺസ് നേടിയത്. പിന്നീട് വന്ന ശ്രേയസ് അയ്യർ ഒൻപത് റൺസുമായി പുറത്തായി.

Image
അർധ സെഞ്ചുറി നേടിയ ശേഷം കോഹ്‌ലിയുടെ സന്തോഷം

ഒരുവശത്ത് വിക്കറ്റുകൾ നഷ്ടമായപ്പോഴും നായകൻ കോഹ്‌ലി ഒറ്റയാൾ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. 37 പന്തിലാണ് കോഹ്‌ലി അർധ സെഞ്ചുറി തികച്ചത്. 18-ാം ഓവറിൽ മാർക് വുഡിനെ രണ്ട് സിക്‌സും ഒരു ഫോറും പറത്തി ഇന്ത്യയുടെ റൺറേറ്റ് ഉയർത്താൻ കോഹ്‌ലിക്ക് സാധിച്ചു. ആറാം വിക്കറ്റിൽ ഹാർദിക് പാണ്ഡ്യയെ കൂട്ടുപ്പിടിച്ചാണ് കോഹ്‌ലി രക്ഷാപ്രവർത്തനം നടത്തിയത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 70 റൺസ് നേടി. 15 പന്തിൽ 17 റൺസുമായി ഹാർദിക് പാണ്ഡ്യ അവസാന ഓവറിലെ അവസാന പന്തിലാണ് പുറത്തായത്.

ഇംഗ്ലണ്ടിന് വേണ്ടി മാർക് വുഡ് മൂന്നും ക്രിസ് ജോർദാൻ രണ്ടും വിക്കറ്റ് നേടി. നേരത്തെ ടോസ് ലഭിച്ച ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs england t 20 series third match live score updates

Next Story
വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനം; ഈ അഞ്ച് പേർ ഇന്ത്യൻ സെലക്ടർമാർക്ക് നൽകുന്നത് വ്യക്തമായ സന്ദേശംvijay hazare trophy, vijay hazare trophy best players, vijay hazare trophy india team, prithvi shaw, devdutt padikkal, krunal pandya, വിജയ് ഹസാരെ ട്രോഫി, വിജയ് ഹസാരെ ട്രോഫി മികച്ച കളിക്കാർ, വിജയ് ഹസാരെ ട്രോഫി ഇന്ത്യ ടീം, പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, കൃണാൽ പാണ്ഡ്യ, ക്രിക്കറ്റ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com