അഹമ്മദബാദ്: ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ ടി20 മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് ആതിഥേയരെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 15.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ജേസൺ റോയുടെയും, ജോസ് ബട്ട്ലറുടെയും വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. വാഷിങ്ടൺ സുന്ദറും യൂസ്വേന്ദ്ര ചാഹലുമാണ് വിക്കറ്റെടുത്തത്.
ജേസൺ റോയ് 32 പന്തിൽ നിന്ന് നാല് ഫോറും മൂന്ന് സിക്സറുമടക്കം 49 റൺസ് നേടി. ബട്ട്ലർ 24 പന്തിൽ നിന്ന് 28 റൺസ് നേടി. ഡേവിഡ് മലൺ 20 പന്തിൽ നിന്ന് 24 റൺസും, ജോണി ബെയർസ്റ്റോ 17 പന്തിൽ നിന്ന് 26 റൺസുമെടുത്തു.
Read More: രാജ്യാന്തര ക്രിക്കറ്റിൽ 10,000 റൺസ് തികച്ച് മിഥാലി; അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം
ഇന്ത്യക്ക് വേണ്ടി ശ്രേയസ് അയ്യർ അർദ്ധ സെഞ്ച്വറി നേടി. 48 പന്തിൽ നിന്ന് എട്ട് ബൗണ്ടറിയും ഒരു സിക്സറും അടക്കം 67 റൺസാണ് ശ്രേയസ്സ് നേടിയത്.റ റിഷഭ് പന്ത് 23 പന്തിൽ നിന്ന് 21 റൺസും ഹർദിക് പാണ്ഡ്യ 21 പന്തിൽ നിന്ന് 19 റൺസും നേടി. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല. ശിഖർ ധവാൻ നാല് റൺസും കെഎൽ രാഹുൽ ഒരു റണ്ണും നേടി പുറത്തായി. നായകൻ വിരാട് കോഹ്ലി റണ്ണൊന്നും നേടാതെ പുറത്തായി.
ഇംഗ്ലണ്ടിന് വേണ്ടി ജോഫ്രാ ആർച്ചർ മൂന്ന് വിക്കറ്റെടുത്തു. നാല് ഓവർ പന്തെറിഞ്ഞ ആർച്ചർ 23 റൺസ് വഴങ്ങിയപ്പോൾ ഒരു മെയ്ഡൻ ഓവറും സ്വന്തമാക്കി. ബെൻസ്റ്റോക്സ്, ആദിൽ റാഷിദ്, മാർക്ക് വുഡ്, ക്രിസ് ജോർദാൻ എന്നിവർ ഓരോ വിക്കറ്റെടുത്തു.
അഞ്ച് കളികളുള്ള ടി 20 പരമ്പരയിലെ ആദ്യ മത്സരം അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടന്നത്.
ടെസ്റ്റ് പരമ്പര 3-1 ന് സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ടി 20 പരമ്പരയ്ക്ക് ഇറങ്ങിയതെങ്കിലും ആദ്യ മത്സരം പരാജയപ്പെടുകയായിരുന്നു. ടി 20 ലോകകപ്പിനു മുന്നോടിയായുള്ള ഒരുക്ക മത്സരങ്ങളായി ഇന്ത്യയും ഇംഗ്ലണ്ടും ഈ പരമ്പരയെ കാണുന്നു.