ഓവല്‍: അരങ്ങേറ്റത്തില്‍ അര്‍ധസെഞ്ചുറി നേടി താരമായി മാറിയിരിക്കുകയാണ് ഹനുമാന് വിഹാരി. അര്ധസെഞ്ചുറിയേക്കാള് അത് നേടിയ സാഹചര്യമാണ് വിഹാരിയുടെ ഇന്നിങ്സിന്റെ പ്രത്യേകതയുള്ളതാക്കി മാറ്റുന്നത്. മുന്‍ നിര തകര്‍ന്ന മത്സരത്തില്‍ കൈ വിട്ടു പോയ കളി വിഹാരി ഇന്ത്യയ്ക്ക് തിരികെ നല്‍കുകയായിരുന്നു. ഇതുപോലൊരു ഇന്നിങ്സിന് തന്നെ സഹായിച്ചത് മെന്ററായ രാഹുല്‍ ദ്രാവിഡിന്റെ വാക്കുകളാണെന്ന് കോഹ്ലി പറയുന്നു.
”എന്റെ അരങ്ങേറ്റത്തിന് മുമ്പായി ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. അദ്ദേഹമെന്നോട് കുറേ നേരം സംസാരിച്ചു. അത് എന്റെ ടെന്‍ഷന്‍ കുറേ മാറ്റി എന്നാണ് തോന്നുന്നത്. അദ്ദേഹമൊരു ഇതിഹാസ താരമാണ്. ബാറ്റിങ്ങില്‍ ആ വാക്കുകള്‍ എനിക്ക് ഒരുപാട് ഉപകരിച്ചിട്ടുണ്ട്” ഇന്ത്യ എ ടീമിന്റെ കോച്ചായ രാഹുലിനെ കുറിച്ച് വിഹാരി പറയുന്നു.
‘നിനക്ക് കഴിവുണ്ട്. മനഃസാന്നിധ്യമുണ്ട്. അതുകൊണ്ട് പോയി സ്വയം ആസ്വദിച്ച് കളിക്കുക എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കാരണം എ ടീമിനൊപ്പമുള്ള യാത്ര ഇവിടെ വരെ എത്താന്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിർദേശങ്ങളാണ് എന്നെ നല്ല കളിക്കാരനാക്കി മാറ്റിയത്” വിഹാരി കൂട്ടിച്ചേര്‍ക്കുന്നു.
കളിക്കളത്തില്‍ വിരാടിന്റെ നിർദേശങ്ങളും നിലയുറപ്പിക്കാന്‍ തന്നെ സഹായിച്ചെന്ന് വിഹാരി പറയുന്നു. അതേസമയം താന്‍ കളിക്കളത്തില്‍ ബാറ്റു കൊണ്ടാണ് മറുപടി പറയാന്‍ ഇഷ്ടപ്പെടുന്നതെന്നും വിഹാരി പറഞ്ഞു. സ്റ്റോക്ക്സില്‍ നിന്നുമുണ്ടായ പ്രകോപനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. സ്റ്റോക്ക്സിനെ സിക്സ് പറത്തിയതിന് പിന്നാലെയായിരുന്നു വിഹാരിയ്ക്കെതിരെ സ്റ്റോക്ക്സ് പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രകടനം നടത്തിയത്.
തന്റെ കന്നി ടെസ്റ്റ് ഇന്നിങ്സില്‍ 56 റണ്‍സാണ് വിഹാരി നേടിയത്. രവീന്ദ്ര ജഡേജയുമൊത്ത് 77 റണ്‍സാണ് വിഹാരി പടുത്തുയര്‍ത്തിയത്. ഈ കൂട്ടുകെട്ടിന്റെ ബലത്തിലാണ് ഇന്ത്യ 292 എന്ന ഭേദപ്പെട്ട നിലയിലെത്തിയത്.