ന്യൂഡൽഹി: ഇംഗ്ലണ്ടിൽ ഏകദിന-ടെസ്റ്റ് പരമ്പരകൾ തോറ്റതിന് പിന്നാലെ താനുയർത്തിയ വിമർശനത്തിന് രവി ശാസ്ത്രിയുടെ മറുപടി അപക്വമാണെന്ന് വീണ്ടും സൗരവ് ഗാംഗുലി. കോഹ്‌ലിയുടെ ടീമായോ, ധോണിയുടെ ടീമായോ, ഗാംഗുലിയുടെ ടീമായോ അല്ല ഇന്ത്യൻ ടീമായാണ് കളിക്കുന്നതെന്ന് കോച്ച് ഓർക്കണമെന്ന് മുൻ ക്യാപ്റ്റൻ വിമർശിച്ചു.

മുൻ ഇന്ത്യൻ ടീമുകളേക്കാൾ മികച്ച ട്രാക് റെക്കോർഡാണ് ഇപ്പോഴത്തെ ഇന്ത്യൻ ടീമിന് വിദേശ പര്യടനങ്ങളിലുളളതെന്നാണ് രവി ശാസ്ത്രി മറുപടി നൽകിയത്. “അവസാന മൂന്ന് വർഷത്തെ കണക്കുകൾ പരിശോധിക്കൂ. ഞങ്ങൾ ഒൻപത് മത്സരങ്ങളും മൂന്ന് പരമ്പരകളും വിജയിച്ചു. കഴിഞ്ഞ 20 വർഷത്തിനിടെ അനേകം മികച്ച താരങ്ങൾ ഉണ്ടായിട്ടും മറ്റൊരു ഇന്ത്യൻ ടീമും ഇത്തരത്തിൽ കളിച്ചതായി ഞാൻ കണ്ടിട്ടില്ല”, എന്നാണ് രവി ശാസ്ത്രി മറുപടി നൽകിയത്.

“ഇതൊക്കെ അപക്വമായ സംസാരങ്ങളാണ്,” എന്നാണ് രവി ശാസ്ത്രിയുടെ മറുപടിയെ കുറിച്ച് ഗാംഗുലി പറഞ്ഞത്. “ഏത് തലമുറ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചാലും, ചേതൻ ശർമ്മയുടെ കാലത്തോ, എന്റെ കാലത്തോ, ധോണിയുടെ കാലത്തോ, കോഹ്‌ലിയുടെ കാലത്തോ ആയിക്കൊളളട്ടെ, ഇന്ത്യൻ ടീം എന്ന നിലയ്ക്കാണ് കളിക്കുന്നത്”, ഗാംഗുലി പറഞ്ഞു.

“വ്യത്യസ്ത കാലങ്ങളിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കുന്നുവെന്നത് മാത്രമാണ് ഞങ്ങൾ ഓരോ പേരുടെയും പ്രത്യേകത. ഒരു തലമുറയെ മറ്റൊന്നിനോട് താരതമ്യം ചെയ്യാൻ സാധിക്കില്ല. എനിക്കിനിയും കുറേക്കാര്യങ്ങൾ പറയാൻ സാധിക്കും. അത് നന്നായിരിക്കും എന്നെനിക്ക് തോന്നുന്നില്ല. വിരാട് കോഹ്‌ലിയും അദ്ദേഹത്തോടൊപ്പമുളള താരങ്ങളും നന്നായി പരിശ്രമിക്കുന്നുണ്ട്”, ഗാംഗുലി പറഞ്ഞു.

ഗാംഗുലിക്ക് പുറമെ രവി ശാസ്ത്രിയുടെ പ്രസ്‌താവന ഗവാസ്‌കറെയും ചൊടിപ്പിച്ചു. “ശ്രീലങ്കയിൽ ദീർഘകാലം ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പരകൾ ജയിച്ചിരുന്നില്ല. എന്നാൽ ഞങ്ങൾ വെസ്റ്റ് ഇൻഡീസിലും ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും മത്സരങ്ങൾ ജയിച്ചിട്ടുണ്ട്”, ഇന്ത്യ ടുഡേയോടാണ് സുനിൽ ഗവാസ്‌കർ ഇത് പറഞ്ഞത്.

“1980 ൽ ഞങ്ങളുൾപ്പെട്ട ടീം ഇംഗ്ലണ്ടിലും വെസ്റ്റ് ഇൻഡീസിലും വിജയിച്ചിരുന്നു. രാഹുൽ ദ്രാവിഡ് ക്യാപ്റ്റനായപ്പോൾ 2005 ൽ വെസ്റ്റ് ഇൻഡീസിലും 2007 ൽ ഇംഗ്ലണ്ടിലും പരമ്പരകൾ നേടിയിരുന്നു. ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടിൽ ചെന്ന് ആദ്യമായി തോൽപ്പിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലുളള ടീമാണ്”, ഗവാസ്‌കർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook