ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം രവിചന്ദ്രൻ അശ്വിൻ ആയിരുന്നു. ഇന്ത്യ 317 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കിയതിൽ അശ്വിന്റെ പങ്ക് വളരെ വലുതാണ്. രണ്ടാം ഇന്നിങ്സിൽ കിടിലൻ ഒരു സെഞ്ചുറിയും രണ്ട് ഇന്നിങ്സുകളിൽ നിന്നുമായി എട്ട് വിക്കറ്റും സ്വന്തമാക്കിയ അശ്വിനാണ് മത്സരത്തിലെ താരം.
ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരും ഇന്ത്യയ്ക്കു പുറത്തുള്ളവരും അശ്വിന്റെ മികച്ച പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ്. ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും മികച്ച ബാറ്റ്സ്മാൻമാർ പോലും ചെപ്പോക്കിൽ നിരാശപ്പെടുത്തിയപ്പോൾ വളരെ കൂളായാണ് അശ്വിൻ സെഞ്ചുറി നേടിയതെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നു. അശ്വിന്റെ മികച്ച പ്രകടനത്തിനു കെെയടിക്കുകയാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും (ഐസിസി). ഇന്ത്യ ചെപ്പോക്കിൽ വിജയം നേടിയതിനു പിന്നാലെ ഐസിസിയുടെ ഔദ്യോഗിക പേജിലെ കവർചിത്രം അശ്വിന്റേതാക്കി. രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ ശേഷം അശ്വിൻ ആഹ്ളാദപ്രകടനം നടത്തുന്ന ചിത്രമാണ് ഐസിസി തങ്ങളുടെ കവർചിത്രമാക്കിയിരിക്കുന്നത്.
അതേസമയം, തന്നെ അഭിനന്ദിച്ച എല്ലാവർക്കും അശ്വിൻ നന്ദി രേഖപ്പെടുത്തി. “കഴിഞ്ഞ ഏതാനും ദിവസങ്ങളായി എനിക്ക് ആശംസകൾ അറിയിക്കുന്ന എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. എനിക്കിപ്പോൾ എന്താണ് തോന്നുന്നതെന്ന് വിവരിക്കാൻ സാധിക്കുന്നില്ല. ചെപ്പോക്കിലെ എല്ലാ കാണികൾക്കും പ്രത്യേകം നന്ദി പറയുന്നു. ഒരു ഹീറോയെന്നവണ്ണം എനിക്ക് തോന്നി,” അശ്വിൻ പറഞ്ഞു.
വളരെ അസാധാരണമായ ഒരു നേട്ടത്തിന്റെ തൊട്ടരികെ എത്തിയിട്ടും അത് സ്വന്തമാക്കാൻ സാധിക്കാതെ പോയ താരം കൂടിയാകുകയാണ് അശ്വിൻ. ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സുകളിൽ നിന്നായി അശ്വിൻ വീഴ്ത്തിയത് എട്ട് വിക്കറ്റുകളാണ്. ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടുകയും ചെയ്തു. ഒരു ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറിയും പത്ത് വിക്കറ്റ് പ്രകടനവും സ്വന്തമാക്കുന്ന താരം എന്ന നേട്ടമാണ് അശ്വിന് സ്വന്തമാക്കാൻ സാധിക്കാതെ പോയത്. ഒന്നാം ഇന്നിങ്സിൽ അഞ്ചും രണ്ടാം ഇന്നിങ്സിൽ മൂന്നും വിക്കറ്റുകളാണ് അശ്വിൻ നേടിയത്. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകൾ നേടിയിരുന്നെങ്കിൽ അപൂർവ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതി അശ്വിൻ സ്വന്തമാക്കുമായിരുന്നു.
ഒരു ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറിയും പത്ത് വിക്കറ്റും എന്ന അപൂർവ നേട്ടം സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിൽ നാല് താരങ്ങളാണ് ഇതുവരെ ഉള്ളത്. അലൻ ഡേവിഡ്സൺ, ഇയാൻ ബോതം, ഇമ്രാൻ ഖാൻ, ഷാക്കിബ് അൽ ഹസൻ എന്നിവരാണ് ആ താരങ്ങൾ. ഈ പട്ടികയിൽ അഞ്ചാമത്തെയും ഇന്ത്യൻ താരങ്ങളിൽ ആദ്യത്തേയും ആകാനുള്ള സുവർണാവസരമാണ് അശ്വിന് നഷ്ടമായത്.