ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീം രണ്ടാം ടെസ്റ്റ് കളിക്കാനുളള ഒരുക്കത്തിലാണ്. എന്നാൽ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ടീം റൺവേട്ടയിൽ പരാജയപ്പെട്ടു. ആദ്യ ടെസ്റ്റ് തോറ്റെങ്കിലും നായകൻ തന്റെ വ്യക്തിഗത ഇന്നിങ്സിന്റെ മികവിൽ തല ഉയർത്തിപ്പിടിച്ച് തന്നെ നിന്നു.

എന്നാൽ രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോൾ, ഇന്ത്യയ്ക്ക് വെല്ലുവിളിയാകുന്നത് കോഹ്‌ലി ഒഴികെയുളള താരങ്ങൾ ബാറ്റിങ്ങിൽ മികച്ച സ്കോർ കണ്ടെത്തുമോയെന്നതാണ്. എന്നാൽ സമ്മർദ്ദത്തിന് കീഴ്‌പ്പെട്ടേക്കാവുന്ന ക്യാപ്റ്റന് ഉപദേശവുമായി എത്തിയിരിക്കുന്നത് സാക്ഷാൽ സച്ചിൻ തെൻഡുൽക്കറാണ്.

ഇഎസ്‌പിഎൻ ക്രിക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിരാട് കോഹ്‌ലിയോട് ഹൃദയം പറയുന്നത് മാത്രം കേൾക്കൂവെന്ന് സച്ചിൻ പറഞ്ഞത്. “അദ്ദേഹം നന്നായി കളിക്കുന്നുണ്ട്. അത് തുടരണമെന്നാണ് എനിക്ക് പറയാനുളളത്. ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് ശ്രദ്ധിക്കരുത്. എന്താണോ നേടേണ്ടത് അതിൽ മാത്രം ശ്രദ്ധ പതിപ്പിക്കൂ. ഹൃദയം പറയുന്നത് മാത്രം കേൾക്കൂ,” സച്ചിൻ പറഞ്ഞു.

ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ തന്നെ 149 റൺസ് നേടിയ കോഹ്‌ലി ഇംഗ്ലണ്ടിൽ സെഞ്ചുറിയെന്ന ദീർഘകാല അഭിലാഷമാണ് പൂർത്തിയാക്കിയത്. എന്നാൽ ഇതുകൊണ്ട് മാത്രം താരം തൃപ്തനായില്ല. ആദ്യ ടെസ്റ്റിൽ തോറ്റതാണ് താരത്തിന്റെ സന്തോഷത്തെ ബാധിച്ചത്.

“എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് തന്നെ ഞാൻ പറയാം, എത്ര കൂടുതൽ റൺസ് നമ്മൾ നേടിയാലും ചിലപ്പോൾ അത് മതിയായെന്ന് വരില്ല. അത് തന്നെയാണ് വിരാടിന്റെയും കാര്യം. എത്ര റൺസ് നേടിയാലും വിരാട് കോഹ്‌ലിക്ക് പിന്നെയും റൺസ് വേണമെന്നാണ്,” സച്ചിൻ പറഞ്ഞു.

“എപ്പോഴാണോ ഇതിൽ നിങ്ങൾക്ക് സംതൃപ്തി തോന്നുന്നത് അന്ന് നിങ്ങളുടെ കരിയർ താഴേക്ക് പോകും. സന്തോഷിക്കുന്നത് നല്ലതാണ്, പക്ഷെ ബാറ്റ്സ്‌മാന് ഒരിക്കലും സംതൃപ്തി പാടില്ല. ബോളർക്ക് പത്ത് വിക്കറ്റേ നേടാനാവൂ. എന്നാൽ ബാറ്റ്സ്‌മാന് പരിധികളില്ല. അതിനാൽ സംതൃപ്തി പാടില്ല, സന്തോഷം മാത്രമേ പാടുളളൂ,” സച്ചിൻ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook