ബർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 84 റൺസ് കൂടി വേണം. ഇന്നലെ രണ്ടാം ഇന്നിങ്സിൽ  194 റൺസ് വിജലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റിന് 110 റൺസ് എന്ന നിലയിലാണ്. നായകൻ വിരാട് കോഹ്‌ലിക്ക് കൂട്ടായി വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ദിനേശ് കാർത്തിക്കാണ് ക്രീസിലുളളത്.

അതേസമയം പേസ് ബോളിങ്ങിന് കൂടുതൽ മൂർച്ച കൂടിയ പിച്ചിൽ വാലറ്റക്കാരുമായി ലക്ഷ്യം കാണാൻ ഇന്ത്യക്ക് സാധിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.  വിരാട് കോഹ്‍ലിയാണ് ഇന്ത്യയുടെ പ്രതീക്ഷ. മൂന്നു ബൗണ്ടറികൾ ഉൾപ്പെടെ 43 റൺസാണ് കോഹ്‌ലിയുടെ ഇതുവരെയുളള സമ്പാദ്യം. ദിനേശ് കാർത്തിക് 18 റൺസുമായി ക്രീസിലുണ്ട്.

രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് ആദ്യം നഷ്ടമായത് മുരളി വിജയ്‌യുടെ (6) വിക്കറ്റാണ്. പിന്നീട്, ശിഖർ ധവാൻ (13) ലോകേഷ് രാഹുൽ (13), അജിങ്ക്യ രഹാനെ (രണ്ട്) രവിചന്ദ്രൻ അശ്വിൻ (13) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി.

13 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡടക്കം 22 റൺസ് ലീഡുമായി മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 180 റൺസിന് പുറത്തായി. ഇശാന്ത് ശർമ്മ 51 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. അശ്വിൻ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി. കരിയറിലെ രണ്ടാം ടെസ്റ്റ് മത്സരം കളിക്കുന്ന സാം കുറാന്റെ അർദ്ധസെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിന്റെ നില ഭദ്രമാക്കിയത്.  കുറാൻ ഒൻപതു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 63 റൺസെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook