വനിത ടി20 ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായി. സെമിയിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടാണ് ഇന്ത്യൻ വനിതകൾ ഫൈനൽ കാണാതെ ലോകകപ്പിൽ നിന്ന് പുറത്തായത്. 8 വിക്കറ്റിനാണ് ഇംഗ്ലീഷ് പട ഇന്ത്യയെ തകര്‍ത്തത്. ഏകദിന നായികയും ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിത ക്രിക്കറ്ററുമായ മിതാലി രാജ് ഇല്ലാതെയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്.
സെമിയിൽ പരാജയപ്പെടുകയും ചെയ്തതോടെ വലിയ വിമർശനമാണ് മിതാലിയെ ഒഴിവാക്കിയതിൽ ഇന്ത്യൻ ടീം കേൾക്കുന്നത്. എന്നാൽ ഇന്ത്യൻ ടീമിൽ ഇത്തരം നീക്കങ്ങൾ പതിവാണെന്നാണ് ഇന്ത്യൻ ടി20 നായിക ഹർമ്മൻപ്രീത് കൗറിന്റെ പക്ഷം. മത്സരശേഷമാണ് മിതാലിയെ ടീമിൽ ഉൾപ്പെടുത്താത്തതിൽ വിശദീകരണവുമായി ഇന്ത്യൻ നായിക രംഗത്തെത്തിയത്.
” ഞങ്ങളുടെ തീരുമാനമെല്ലാം ടീമിന് വേണ്ടിയാണ്. ചിലപ്പോൾ അത് നല്ലതുമാകാം, ചിലപ്പോൾ തിരിച്ചും. അതിൽ കുറ്റബോധമില്ല. ടൂർണമെന്റിലെ പ്രകടനത്തിൽ ഞാൻ സന്തുഷ്ടയാണ്. ഒരു യുവനിരയായത് കൊണ്ട് തന്നെ ഒരുപാട് കാര്യങ്ങൾ പഠിക്കാനായി,” ഹർമ്മൻപ്രീത് പറഞ്ഞു.
തോൽവിയറിയാതെയാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. ആദ്യ മത്സരത്തിൽ ന്യുസിലൻഡിനെ 34 റൺസിന് പരാജയപ്പെടുത്തിയ ഇന്ത്യ പാക്കിസ്ഥാനെ കെട്ടുകെട്ടിച്ചത് 7 വിക്കറ്റിനാണ്. അയർലൻഡിനെ 52 റൺസിനും ഓസ്ട്രേലിയായെ 48 റൺസിനും കീഴ്പ്പെടുത്തി.
ഇന്ത്യയുടെ രണ്ട് വിജയങ്ങളിലും നിർണ്ണായകമായത് മിതാലി രാജിന്റെ പ്രകടനമായിരുന്നു. രണ്ട് അർദ്ധ സെഞ്ചുറികളാണ് ടൂർണമെന്റിൽ മിതാലി സ്വന്തമാക്കിയത്. പാക്കിസ്ഥാനെതിരെയും അയർലണ്ടിനെതിരെയും ഇന്ത്യ അനായാസം വിജയിച്ചത് മിതാലിയുടെ ബാറ്റിലൂടെയായിരുന്നു.