scorecardresearch
Latest News

T20 World Cup 2022: സ്വപ്ന ഫൈനല്‍ ഇല്ല; ഇന്ത്യയെ സിമ്പിളായി തകര്‍ത്ത് ഇംഗ്ലണ്ട് കലാശപ്പോരിന്

T20 World Cup 2022: ജോസ് ബട്ലര്‍ (49 പന്തില്‍ 80), അലക്സ് ഹെയില്‍സ് (47 പന്തില്‍ 86) എന്നിവരാണ് മുന്‍ചാമ്പ്യന്മാരുടെ ജയം അനായാസമാക്കിയത്

T20 World Cup 2022: സ്വപ്ന ഫൈനല്‍ ഇല്ല; ഇന്ത്യയെ സിമ്പിളായി തകര്‍ത്ത് ഇംഗ്ലണ്ട് കലാശപ്പോരിന്

T20 World Cup 2022: India vs England Score Updates: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം 16 ഓവറില്‍ ഇംഗ്ലണ്ട് മറികടന്നു. ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ സമ്പൂര്‍ണ ആധിപത്യത്തില്‍ ഇന്ത്യ നാമാവശേഷമാവുകയായിരുന്നു. ജോസ് ബട്ലര്‍ (49 പന്തില്‍ 80), അലക്സ് ഹെയില്‍സ് (47 പന്തില്‍ 86) എന്നിവരാണ് മുന്‍ചാമ്പ്യന്മാരുടെ ജയം അനായാസമാക്കിയത്.

നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് ഇന്ത്യ നേടിയത്. ഹാര്‍ദിക് പാണ്ഡ്യ (33 പന്തില്‍ 63), വിരാട് കോഹ്ലി (41 പന്തില്‍ 50) എന്നിവരുടെ പ്രകടനമാണ് നീലപ്പടയ്ക്ക് തുണയായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ കെ എല്‍ രാഹുലിനെ നഷ്ടമായി. ക്രിസ് വോക്സിന്റെ അപ്രതീക്ഷിത ഷോര്‍ട്ട് ബോള്‍ രാഹുലിനെ ജോസ് ബട്ലറിന്റെ കൈകളിലെത്തിക്കുകയായിരുന്നു. അഞ്ച് പന്തില്‍ അഞ്ച് റണ്‍സ് മാത്രമായിരുന്നു രാഹുലിന്റെ സമ്പാദ്യം.

മൂന്നാമനായി എത്തിയ വിരാട് കോഹ്ലിയെ കൂട്ടുപിടിച്ച് നായകന്‍ രോഹിത് ശര്‍മ ഇന്നിങ്സ് പടുത്തുയര്‍ത്താനുള്ള ശ്രമമായിരുന്നു നടത്തിയത്. എന്നാല്‍ ഇരുവര്‍ക്കും സ്കോറിങ്ങിന് വേഗം കൂട്ടാനായില്ല. ക്രിസ് ജോര്‍ദാന്റെ പന്തില്‍ സിക്സറിന് ശ്രമിച്ചായിരുന്നു രോഹിത് പുറത്തായത്. 28 പന്തില്‍ 27 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ നേടിയത്.

കോഹ്ലി തനത് ശൈലിയില്‍ മധ്യഓവറുകളില്‍ ബാറ്റ് ചെയ്തു. ഇന്നിങ്സ് പാതി വഴിയില്‍ എത്തിയപ്പോള്‍ ഇന്ത്യ 62-2 എന്ന നിലയിലായിരുന്നു. നാലാം നമ്പറിലെത്തിയ സൂര്യകുമാര്‍ യാദവ് അതിവേഗം മടങ്ങി. 10 പന്തില്‍ ഒന്ന് വീതം സിക്സിന്റേയും ഫോറിന്റേയും അകമ്പടിയോടെ 14 റണ്‍സാണ് വലം കയ്യന്‍ ബാറ്റര്‍ നേടിയത്. ആദില്‍ റഷീദിനായിരുന്നു സൂര്യയുടെ നിര്‍ണായക വിക്കറ്റ്.

75-3 എന്ന നിലയില്‍ പരുങ്ങലിലായ ഇന്ത്യക്ക് ആശ്വാസമായത് കോഹ്ലി-പാണ്ഡ്യ കൂട്ടുകെട്ടായിരുന്നു. 15-ാം ഓവര്‍ വരെ വിക്കറ്റ് നഷ്ടപ്പെടാത്ത തരത്തില്‍ ബാറ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഇരുവരും ബൗണ്ടറികള്‍ കണ്ടെത്തി തുടങ്ങി. 18-ാം ഓവറില്‍ 50 റണ്‍സ് കൂട്ടുകെട്ട് പിറക്കുകയും ചെയ്തു. കേവലം 37 പന്തുകളില്‍ നിന്നായിരുന്നു 52 റണ്‍സ് ഇരുവരും ചേര്‍ത്തത്.

18-ാം ഓവറില്‍ ക്രിസ് ജോര്‍ദാന്റെ ആദ്യ രണ്ട് പന്തുകള്‍ പാണ്ഡ്യ സിക്സര്‍ പറത്തി. പിന്നാലെ കോഹ്ലി തന്റെ അര്‍ധ ശതകം തികച്ചു. 39 പന്തില്‍ നാല് ഫോറും ഒരു സിക്സും ഉള്‍പ്പെട്ടതായിരുന്നും ഇന്നിങ്സ്. അടുത്ത പന്തില്‍ ആദില്‍ റഷീദിന് ക്യാച്ച് നല്‍കി കോഹ്ലി മടങ്ങുകയും ചെയ്തു. സ്കോര്‍ 136-4

സാം കറണെറിഞ്ഞ 19-ാം ഓവറില്‍ ഇന്ത്യ ആധിപത്യം സ്ഥാപിച്ചു. മൂന്ന് ഫോറും ഒരു സിക്സുമടക്കം 19 റണ്‍സാണ് ഓവറില്‍ പിറന്നത്. ഇതില്‍ രണ്ട് ഫോറും ഒരു സിക്സും പാണ്ഡ്യയുടെ ബാറ്റില്‍ നിന്നായിരുന്നു. 29 പന്തില്‍ പാണ്ഡ്യ അര്‍ദ്ധ സെഞ്ചുറി തികയ്ക്കുകയും ചെയ്തു. പണ്ഡ്യയുടെ കരിയറിലെ മൂന്നാം അര്‍ദ്ധ ശതകമാണിത്.

അവസാന ഓവറിലെ ആദ്യ മൂന്ന് പന്തുകളില്‍ ഇന്ത്യക്ക് രണ്ട് റണ്‍സ് മാത്രമായിരുന്നു നേടാനായത്. ജോര്‍ദാന്റെ കണിശമായ ബോളിങ്ങില്‍ പന്തും പാണ്ഡ്യയും വിയര്‍ത്തു. പന്ത് റണ്ണൗട്ടാവുകയും ചെയ്തു. എന്നാല്‍ അടുത്ത രണ്ട് പന്തുകളില്‍ സിക്സും ഫോറും നേടി പാണ്ഡ്യ സ്കോര്‍ 168-ലേക്ക് എത്തിച്ചു. അവസാന പന്തില്‍ പണ്ഡ്യ ഹിറ്റ് വിക്കറ്റാവുകയായിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs england live score t20 world cup 2022