ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലും ഇന്ത്യൻ വനിതകൾക്ക് തോൽവി. അഞ്ച് വിക്കറ്റിനാണ് സന്ദർശകർ ഇക്കുറി ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 112 റൺസെന്ന ചെറിയ വിജയലക്ഷ്യം ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അവസാന ഓവറിൽ മറികടക്കുകയായിരുന്നു. അർധ സെഞ്ചുറി നേടിയ ഡാനിയേൽ വൈറ്റിന്റെ ബാറ്റിങ് മികവിലായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയ്ക്കുകയായിരുന്നു. എന്നാൽ തുടക്കം മുതൽ ഇന്ത്യൻ കണക്ക് കൂട്ടലുകൾ പിഴച്ചു. ടീം സ്കോർ 24ൽ നിൽക്കെ 12 റൺസുമായി നായിക സ്‌മൃതി മന്ദാന മടങ്ങി. പിന്നാലെ എത്തിയ ജെമിമ രണ്ട് റൺസിലും മടങ്ങിയതോടെ ഇന്ത്യ തകർച്ച മുന്നിൽ കണ്ടു. മധ്യനിരയിൽ മിതാലിയും ദീപ്തിയും ഭാരതിയും ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും അധിക നേരം ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല.

വാലറ്റവും തകർന്നടിഞ്ഞതോടെ ഇന്ത്യൻ ഇന്നിങ്സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 111 റൺസിൽ അവസാനിച്ചു. ഇംഗ്ലണ്ടിന് വേണ്ടി കാതറിൻ ബ്രണ്ട് മൂന്ന് വിക്കറ്റും ലിൻസി സ്‌മിത്ത് രണ്ട് വിക്കറ്റും വീഴ്ത്തി.

ഇന്ത്യൻ സ്കോറേഴ്സ്: ഹാർലീൻ ഡിയോൾ-14, സ്മൃതി മന്ദാന-12, ജെമിമ റോഡ്രിഗസ്-2, മിതാലി രാജ്-20, ദീപ്തി ശർമ്മ-18, ഭാരതി-18, ശിഖ പാണ്ഡെ-3, താനിയ ഭാട്ടിയ-1, രാധ യാദവ്-3*, എക്ത ബിഷ്ത്-2*

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. ടീം സ്കോർ 50 ൽ എത്തിയപ്പോഴേക്കും മൂന്ന് മുൻ നിര ബാറ്റ്സ്‌മാന്മാർ കൂടാരം കയറി. എന്നാൽ ഒരറ്റത്ത് ഉറച്ച് നിന്ന വൈറ്റ് ഇംഗ്ലണ്ടിനായി പൊരുതി. കൂട്ടിന് വിൻഫീൾഡ് കൂടി എത്തിയപ്പോൾ ഇംഗ്ലണ്ട് ജയം ഉറപ്പിച്ചു. 29 റൺസുമായി വിൻഫീൾഡ് മടങ്ങിയെങ്കിലും വൈറ്റ് പുറത്താകാതെ നിന്നു. 55 പന്തിൽ 64 റൺസാണ് താരം അടിച്ചെടുത്തത്.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. നേരത്തെ ഏകദിന പരമ്പര ഇന്ത്യ നേടിയിരുന്നു. മാർച്ച് 9ന് ഗുവാഹത്തിയിലാണ് മൂന്നാം ടി20.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ