ഈ കാഴ്ച കണ്ട് അന്തംവിട്ട് നിൽക്കുകയാണ് ക്രിക്കറ്റ് ലോകം. ഇന്നോളം കണ്ടിട്ടില്ലാത്ത വിധം വനിത ക്രിക്കറ്റിന് ലഭിച്ചിരിക്കുന്ന കാണികളുടെ എണ്ണമാണ് ആ അമ്പരപ്പിന് പിന്നിൽ. ഐസിസി വനിത ലോകകപ്പിന്റെ ഫൈനൽ മത്സരത്തിനായി കാണികൾ ഒഴുകിയെത്തിയതോടെ ലോർഡ്സിലെ മൈതാനം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.

ഇതാദ്യമായാണ് വനിത ക്രിക്കറ്റ് മത്സരത്തിന് ഇത്രയും കാണികളെ ലഭിക്കുന്നത്. ലോർഡ്സിന് പുറമേ, ടിവിയിലും ഇന്റർനെറ്റിലും തത്സമയം മത്സരം കാണുന്നവരുടെ എണ്ണവും അമ്പരപ്പിക്കുനന്നതാണ്.

ഇംഗ്ലണ്ട് ഫൈനലിൽ എത്തിയതല്ല ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യൻ വനിതകൾ സെമിയിൽ ഓസീസിനെ തകർത്ത് തരിപ്പണമാക്കിയതാണ് മത്സരത്തിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചത്. ഹർമൻപ്രീതിന്റെ വെടിക്കെട്ട് ബാറ്റിംഗിന് പിന്നിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ തുടരെ വീഴ്ത്തുകയും ചെയ്തതോടെ ലോർഡ്സിൽ ശക്തമായ മത്സരം നടക്കുമെന്ന പ്രതീക്ഷ സജീവമാകുകയായിരുന്നു.

തുടക്കത്തിൽ ഇന്ത്യൻ ബൗളർമാരെ ആക്രമിച്ച കളിച്ച ഇംഗ്ലീഷ് ബാറ്റിംഗ് നിരയിലെ മൂന്ന് മുൻനിര വിക്കറ്റുകൾ തുടരെ വീഴ്ത്തിയതോടെ ഇന്ത്യയ്ക്കനുകൂലമായാണ് ഇപ്പോൾ ആരാധകരുടെ വിലയിരുത്തൽ ഉണ്ടാകുന്നത്. വ്യക്തമായ ആധിപത്യത്തിൽ മുന്നോട്ട് പോയ ഇംഗ്ലീഷ് ഓപ്പണിംഗ് കൂട്ടുകെട്ടിനെ പിരിച്ചത് ഇന്ത്യയുടെ സൂപ്പർ സ്പിന്നർ രാജേശ്വരി ഗെയ്ക്വാദാണ്. തുടരെ മറ്റ് രണ്ട് വിക്കറ്റുകളും വീണതോടെ ഇംഗ്ലീഷ് നിര പ്രതിരോധത്തിലായി.

ഫീൽഡിംഗിലെ മികവാണ് ഇന്ത്യയ്ക്ക് മത്സരത്തിൽ മേൽക്കൈ നൽകിയിരിക്കുന്നത്. കൃത്യമായ ഫീൽഡിംഗ് പൊസിഷനിലൂടെ റണ്ണൊഴുക്ക് തടയുന്നതിൽ ഇന്ത്യ ശ്രദ്ധിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ