ലണ്ടൻ: വനിത ലോകകപ്പ് ഫൈനലിൽ ഇംഗ്ലീഷ് മധ്യനിരയെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യയുടെ ജൂലൻ ഗോസ്വാമി. ഇന്ത്യൻ ടീമിലെ മുതിർന്ന അംഗമായ ജൂലൻ ഫൈനലിൽ ഇംഗ്ലണ്ടിന്റെ മൂന്ന് മുൻനിര വിക്കറ്റുകളാണ് നേടിയത്. 10 ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയാണ് ഗൂലൻ ഗോസ്വാമി 3 ഇംഗ്ലണ്ടിന്റെ 3 വിക്കറ്റുകൾ വീഴ്ത്തിയത്.

ഇംഗ്ലീഷ് മധ്യനിരയിൽ 42 റൺസ് എടുത്ത സേറ ടെയ്‌ലറാണ് ഗോസ്വാമിയുടെ ആദ്യ ഇര. സേറ ടെയ്‌ലറെ വിക്കറ്റ് കീപ്പർ സുഷമ വർമ്മയുടെ കൈകളിൽ എത്തിച്ചാണ് ജൂലൻ നിർണ്ണായക കൂട്ട് കെട്ട് പിരിച്ചത്. തൊട്ടടുത്ത പന്തിൽ ഫാനി വിൽസനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഗോസ്വാമി ഇംഗ്ലണ്ടിനെ വിറപ്പിച്ചു. റൺസ് എടുക്കും മുൻപാണ് ഫാനി വിൽസൺ പുറത്തായത്. അർധ സെഞ്ചുറി നേടിയ നാടാലി സ്ക്കീവറാണ് ഗോസ്വാമിയുടെ അടുത്ത ഇര. 68 പന്തിൽ 51 റൺസ് എടുത്ത സ്ക്കീവറെ വിക്കറ്റിന് മുന്നിൽ കുരുക്കിയാണ് ഗോസ്വാമി പവലിയനിലേക്ക് പറഞ്ഞയച്ചത്.

വനിത ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന് എതിരെ ഇന്ത്യക്ക് 229 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണ് എടുത്തത്. 51 റൺസ് നേടിയ സ്റ്റാലിൻ സ്ക്കീവറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ