ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ചാം ടെസ്റ്റിൽ നിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ പുറത്ത്. കഴിഞ്ഞ ആഴ്ച കോവിഡ് ബാധിതനായ രോഹിത് ഇതുവരെ രോഗമുക്തനാവാത്തതിനാൽ ഒഴിവാക്കിയതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. രോഹിതിന്റെ അഭാവത്തിൽ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൽ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുക.
മൂന്നര പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ഫാസ്റ്റ് ബൗളർ ഇന്ത്യയെ ടെസ്റ്റ് മത്സരത്തിൽ നയിക്കുന്നത്. കപിൽ ദേവാണ് ഇന്ത്യയെ അവസാനമായി നയിച്ച ഫാസ്റ്റ് ബൗളർ, ഇതോടെ 1987 ന് ശേഷം ആദ്യമായി ഇന്ത്യയെ നയിക്കുന്ന ഫാസ്റ്റ് ബൗളിംഗ് ക്യാപ്റ്റനായിരിക്കുകയാണ് ബുംറ.
ഈ വർഷം ആദ്യം, ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി ബുംറയെ നിയമിച്ചിരുന്നു.
രോഹിതിന്റെ അഭാവത്തിൽ ആര് ഓപ്പണറാകും എന്ന സംശയവും നിലനിൽക്കുന്നു. ഇന്ത്യയുടെ സ്റ്റാൻഡ്-ഇൻ ഓപ്പണർ ഹനുമ വിഹാരി ആകാം ചിലപ്പോൾ ഓപ്പണർ സ്ഥാനാത്തേക്ക് വരുക, അല്ലെങ്കിൽ ശ്രീകർ ഭാരതിന് അവസരം ഉണ്ടായേക്കാം.
ഹനുമ വിഹാരി മുമ്പ് എംസിജിയിൽ ഓപ്പൺ ചെയ്തിട്ടുണ്ട്, അന്ന് 8 ഉം 13 ഉം റൺസ് മാത്രമാണ് നേടാനായത്, ആദ്യ ഇന്നിംഗ്‌സിൽ 80 മിനിറ്റും രണ്ടാം ഇന്നിംഗ്‌സിൽ ഏകദേശം ഒരു മണിക്കൂറുമാണ് ക്രീസിൽ ചിലവഴിച്ചത്.
എന്നാൽ ഫോം നോക്കിയാൽ, ലെസ്റ്റർഷെയറിനെതിരായ സന്നാഹ മത്സരത്തിലെ രണ്ട് ഇന്നിങ്സിലും തിളങ്ങിയ കെഎസ് ഭരത്തിന് ആയിരിക്കും കൂടുതൽ സാധ്യത. ഒന്നാം ഇന്നിംഗ്‌സിൽ ഏഴാം നമ്പറിൽ ബാറ്റ് ചെയ്ത ഭരത് 70 റൺസുമായി പുറത്താകാതെ നിന്നു, രണ്ടാം ഇന്നിംഗ്‌സിൽ 43 റൺസ് നേടി. രോഹിത് ശർമ്മയുടെ അഭാവത്തിൽ ഇന്ത്യക്ക് വേണ്ടി ഓപ്പൺ ചെയ്ത ഭാരത്, ഓപ്പണിംഗ് വിക്കറ്റിൽ ശുഭ്മാൻ ഗില്ലിനൊപ്പം 62 റൺസ് കൂട്ടുകെട്ട് സ്വന്തമാക്കിയിരുന്നു.
രണ്ട് ഇന്നിംഗ്‌സുകളിലുമായി ഭരത് 209 പന്തുകൾ (ആദ്യത്തേതിൽ 111, രണ്ടാമത്തേതിൽ 98) ഭരത് നേരിട്ടു, ലെസ്റ്റർ ആക്രമണത്തിനെ അദ്ദേഹം നിസാരമായി നേരിട്ടു. എന്നാൽ ജെയിംസ് ആൻഡേഴ്സൺ, സ്റ്റുവർട്ട് ബ്രോഡ് എന്നിവരെ നേരിടുന്നത് തികച്ചും വ്യത്യസ്തമായിരിക്കും.
Also Read: കപിൽ ദേവിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറാകാൻ ബുംറ