ഐപിഎല്ലിനിടെ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങൾ തമ്മിൽ സ്ഥാപിച്ച സൗഹൃദത്തിന് വരാനിരിക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ സ്ഥാനമുണ്ടായിരിക്കില്ലെന്ന് ഇംഗ്ലീഷ് താരം ജോസ് ബട്‌ലർ. “ഇന്ത്യൻ സംഘത്തിലെ ചിലർ എന്റെ ഐപിഎൽ കാലത്തുളള സുഹൃത്തുക്കളാണ്. പക്ഷെ അവരോട് സൗഹൃദം വച്ച് കളിക്കില്ല. എല്ലാവരും മത്സരബുദ്ധിയോടെ മാത്രമേ കളിക്കൂ,” ജോസ് ബട്‌ലർ പറഞ്ഞു.

2017 ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനൊപ്പം കളിച്ച ബട്‌ലർ ഇക്കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ തൊപ്പിയാണ് അണിഞ്ഞത്. ഹർദ്ദിക് പാണ്ഡ്യയ്ക്കും അജിങ്ക്യ രഹാനെയ്ക്കും ഒപ്പം ഡ്രസിങ് റൂം പങ്കിട്ടതിന്റെ പരിചയവുമായാണ് താരം കളിക്കാനിറങ്ങുന്നത്.

“ഐപിഎല്ലിൽ ഒപ്പം കളിച്ചവരുമായി ഇവിടെ വച്ച് സംസാരിക്കില്ലെന്ന് അതിനർത്ഥമില്ല. കളിക്കളത്തിൽ സംസാരിച്ചില്ലെങ്കിലും പുറത്ത് വച്ച് എന്തായാലും സംസാരിക്കുമെന്നാണ് കരുതുന്നത്. ആർസിബിയിലാണ് മൊയീൻ കളിച്ചത്. വിരാട് കോഹ്‌ലിയും യുസ്‌വേന്ദ്ര ചാഹലും അദ്ദേഹത്തിന്റെ സഹകളിക്കാരായിരുന്നു. അവർ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. ഞാനും ഹാർദിക്കും സംസാരിച്ചിട്ടുണ്ട്,” ജോസ് ബട്‌ലർ പറഞ്ഞു.

“താരങ്ങൾ ദേശീയ ടീമുകളിലേക്ക് എത്തുന്നത് അവരുടെ മത്സരബുദ്ധികൊണ്ടാണ്. അതിനാൽ തന്നെ സൗഹൃദങ്ങൾക്ക് കളിക്കളത്തിൽ സ്ഥാനം ഉണ്ടാകും എന്ന് കരുതരുത്,” അദ്ദേഹം വ്യക്തമാക്കി.

ഇക്കുറി ഐപിഎല്ലിൽ 13 മത്സരങ്ങൾ കളിച്ച ബട്‌ലർ 548 റൺസാണ് നേടിയത്. ഈ കളിമികവ് പരിഗണിച്ചാണ് അദ്ദേഹത്തെ പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിലേക്ക് ഇംഗ്ലണ്ട് തിരികെ വിളിച്ചത്.  2014 ൽ അരങ്ങേറ്റം കുറിച്ച ശേഷം ഇതുവരെ 20 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഒരു സെഞ്ചുറി പോലും നേടാനായിട്ടില്ലെന്നത് താരത്തിന്റെ ന്യൂനതയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook