ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് പരാജയപ്പെടാൻ കാരണം ഓഫ് സ്പിന്നർ ആർ.അശ്വിനാണെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. സതാംപ്ടണിൽ നടന്ന നാലാം ടെസ്റ്റിൽ 60 റൺസിനാണ് ഇന്ത്യ ആതിഥേയരോട് പരാജയപ്പെട്ടത്. ഇംഗ്ലണ്ടിന്റെ മൊയിൻ അലി കൂടുതൽ വിക്കറ്റുകൾ കണ്ടെത്തി ഇംഗ്ലണ്ട് വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചിടത്താണ് ഇന്ത്യൻ സ്പിന്നർ വിക്കറ്റുകൾക്കായി ബുദ്ധിമുട്ടിയതെന്ന് ഹർഭജൻ കുറ്റപ്പെടുത്തി.
ഹർഭജന്റെ വാക്കുകൾ ഇങ്ങനെ -“ഓഫ് സ്പിന്നേഴ്‍സിനെ തുണയ്ക്കുന്ന പിച്ചായിരുന്നു സതാംപ്ടണിലേത്. സ്പിന്നർമാർക്ക് വിക്കറ്റുകൾ വീഴ്‍ത്താനും എളുപ്പമായിരുന്നു, അതാണ് മൊയിൻ അലി ചെയ്‍തത്. അശ്വിനെക്കാൾ മികച്ച രീതിയിൽ മൊയിൻ അലി പന്തെറിഞ്ഞതുകൊണ്ടാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യമായാണ് ഇന്ത്യൻ സ്പിന്നർമാരെക്കാൾ മികച്ച രീതിയിൽ ഇംഗ്ലീഷ് താരങ്ങൾ പന്തെറിയുന്നത് കാണുന്നത്.”
ഇംഗ്ലണ്ടിനായി സതാംപ്ടൺ ടെസ്റ്റിൽ മൊയിൻ അലി ആദ്യ ഇന്നിങ്സിലെ അഞ്ച് വിക്കറ്റ് നേട്ടം ഉൾപ്പടെ ഒമ്പത് വിക്കറ്റുകളാണ് നേടിയത്. ഇന്ത്യൻ ടീമിലെ ഏക സ്പിൻ സാന്നിധ്യമായ അശ്വിനാകട്ടെ മൂന്ന് വിക്കറ്റുകൾ മാത്രമാണ് നേടാനായത്. നാലാം ടെസ്റ്റിന് മുൻപേ അശ്വിനെ പരുക്ക് അലട്ടിയിരുന്നു, പരുക്ക് ഭേദമായി കായികക്ഷമത വീണ്ടെടുത്തുവെന്ന് താരം തന്നെ പറഞ്ഞിടുത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ട ഉത്തരവാദിത്വം അശ്വിനുണ്ടായിരുന്നെന്നും ഹർഭജൻ പറഞ്ഞു.
അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി കഴിഞ്ഞു. ഒരു മത്സരം കൂടി ബാക്കി നിൽക്കെ 3-1 ന് ഇന്ത്യ പരമ്പര അടിയറവ് വയ്ക്കുകയായിരുന്നു. സെപ്റ്റംബർ 11ന് ഓവലിലാണ് അവസാന മത്സരം. ഒരു വിജയം കൂടി അവർത്തിച്ച് പരമ്പരയിൽ സമ്പൂർണ്ണ ആധിപത്യം നേടാനാണ് ഇംഗ്ലണ്ട് ശ്രമിക്കുന്നത്. എന്നാൽ പരാജയത്തിന്റെ ആഘാതം കുറയ്ക്കാനാകും ഇന്ത്യൻ താരങ്ങൾ ഓവലിൽ ഇറങ്ങുക.