ഇംഗ്ലണ്ട് പര്യടനത്തില്‍ ആതിഥേയര്‍ക്കെതിരായ ആദ്യ ട്വന്റി 20 മൽസരത്തിന് ഇന്ത്യ ചൊവ്വാഴ്‌ച ഇറങ്ങും. മൂന്ന് ട്വന്റി 20 മൽസരങ്ങള്‍, മൂന്ന് ഏകദിനം, അഞ്ച് ടെസ്റ്റ് എന്നീ മൽസരങ്ങളിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ എതിരിടുക. ഇംഗ്ലണ്ടിനെതിരായ ഡ്രസ് റിഹേഴ്സല്‍ കണക്കെ അയര്‍ലന്‍ഡിനെ നേരിട്ട ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്.

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡിലാണ് മൽസരം നടക്കുന്നത്. അയര്‍ലന്‍ഡിനെതിരായ മൽസരത്തിലും മികച്ച പ്രകടനം കാണിച്ച ഇന്ത്യ ശക്തമായ ഫോമിലാണ്. ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ഫോമില്‍ തുടരുന്നത് ഇന്ത്യയ്‌ക്ക് ഊര്‍ജം പകരുന്നു. വെളളിയാഴ്‌ച മികച്ച പ്രകടനം കാഴ്‌ച വച്ച കെ.എല്‍.രാഹുലും ഇന്ത്യയ്‌ക്ക് ആത്മവിശ്വാസം നല്‍കുന്നു. അയര്‍ലന്‍ഡിനെതിരായ മൽസരങ്ങളില്‍ മധ്യനിര പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ സുരേഷ് റെയ്ന, ദിനേഷ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ഫോം തുടരുമെന്നാണ് വിശ്വാസം. വിശ്വസ്‌തനായ ധോണിയും കൂട്ടിനുണ്ട്.

അതേസമയം ഇന്ത്യയുടെ കുന്തമുനയായ ജസ്പ്രീത് ബുമ്ര ട്വന്റി 20യില്‍ കളിക്കുന്നില്ല. എങ്കിലും ഭുവനേശ്വര്‍ കുമാറിന്റെ നേതൃത്വത്തിലുളള ബോളിങ് സംഘം ശക്തരാണ്. യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഇംഗ്ലണ്ടിന് വെല്ലുവിളി ഉയര്‍ത്താന്‍ പോന്നവരാണ്.

ഏകദിനത്തില്‍ ഓസ്ട്രേലിയയെ 5-0ത്തിന് കെട്ടുകെട്ടിച്ച ഇംഗ്ലണ്ട് മാരക ഫോമിലാണ്. അലക്‌സ് ഹൈല്‍സ്, ജോണി ബൈര്‍സ്റ്റോ, ജൈസണ്‍ റോയ്, ഇയോണ്‍ മോര്‍ഗന്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ കരുത്ത്.

ഇന്ത്യന്‍ ടീം:

വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, കെ.എല്‍.രാഹുല്‍, സുരേഷ് റെയ്ന, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, എം.എസ്.ധോണി (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ, ബുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, സിദ്ധാര്‍ത്ഥ് കൗള്‍, ഉമേഷ് യാദവ്

ഇംഗ്ലണ്ട് ടീം:

ഇയോണ്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോണി ബൈര്‍സ്റ്റോ, ജൈക്ക് ബോള്‍, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍) സാം കൂരന്‍, ടോം കൂരന്‍, അലക്സ് ഹൈല്‍സ്, ക്രിസ് ജോഡന്‍, ലിയാം പ്ലങ്കറ്റ്, ആദില്‍ റാഷിദ്, ജോ റൂട്ട്, ജൈസണ്‍ റോയ്, ഡേവിഡ് വില്ലി, ഡേവിഡ് മലാന്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook