ബർമിങ്ഹാം: എഡ്‌ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യൻ നായകന്റെ ഒറ്റയാൾ പോരാട്ടത്തിന്റെയും 11-മനായി ക്രീസിലെത്തിയ ഉമേഷ് യാദവിന്റെ ചെറുത്തുനിൽപ്പിന്റെയും മികവിൽ ഇന്ത്യ 274 റൺസെടുത്തു. അവസാന വിക്കറ്റിൽ ഉറച്ച പിന്തുണ നൽകിയ ഉമേഷ് യാദവിനൊപ്പം 54 റൺസാണ് വിരാട് കോഹ്‌ലി ഇന്ത്യൻ സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്.

ഇന്ത്യയുടെ കേൾവികേട്ട ബാറ്റിങ് നിര കളിമറന്ന് പവലിയനിലേക്ക് തല താഴ്ത്തി മടങ്ങിയപ്പോൾ നായകന്റെ ക്ലാസിക് ഇന്നിങ്സാണ് വിരാട് കോഹ്‌ലി പുറത്തെടുത്തത്. സാം കുറാനും ബെൻ സ്റ്റോക്ക്സും തകർത്തുവിട്ട ഇന്ത്യൻ ബാറ്റിങ് നിരയിൽ ക്യാപ്റ്റൻ മാത്രം കുലുങ്ങാതെ നിന്നു.

രണ്ടു തവണ പുറത്താകലിൽ നിന്ന് രക്ഷപ്പെട്ട കോഹ്‌ലി കരിയറിലെ 22-ാമത്തെ സെഞ്ചുറി (149) തികച്ചു.  പത്താമനായി കോഹ്‌ലി വീഴുമ്പോൾ ഇന്ത്യ 274 റൺസ് നേടിയിരുന്നു. 13 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്  ആദ്യ വിക്കറ്റ് നഷ്ടമായി. അലസ്റ്റയർ കുക്ക് അശ്വിന്റെ പന്തിൽ ക്ലീൻ ബൗൾഡായി.

ഇംഗ്ലണ്ടിൽ  കോഹ്‌ലിയുടെ ആദ്യ സെഞ്ചുറിയാണിത്.  ധവാനും (26) വിജയും (20) ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഒരു മണിക്കൂറോളം ആൻഡേഴ്സണെയും ബ്രോഡിനെയും അവർ ചെറുത്തു നിന്നു. 70 പന്തിൽ അർധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്.

പൂജാരയ്ക്ക് പകരം ടീമിലെത്തിയ കെ.എൽ.രാഹുൽ വെറും നാല് റൺസ് മാത്രം നേടി മടങ്ങി. ദിനേശ് കാർത്തിക് പൂജ്യത്തിന് പുറത്തായി. രഹാനെയും ഹർദ്ദിക് പാണ്ഡ്യയും നിരാശ സമ്മാനിച്ച് മടങ്ങിയപ്പോൾ വിരാട് കോഹ്‌ലിയിൽ മാത്രമായി ഇന്ത്യയുടെ പ്രതീക്ഷ.

മാലയിൽ കൊരുത്തിയിട്ട വിവാഹമോതിരത്തിൽ ചുംബിച്ചാണ് കോഹ്‌ലി ഇംഗ്ലണ്ടിലെ ആദ്യ സെഞ്ചുറിയിലെ ആഹ്ലാദം പ്രകടിപ്പിച്ചത്.  ഇംഗ്ലണ്ടിനായി സാം കുറാൻ നാലും സ്റ്റോക്ക്സ്, ആൻഡേഴ്സൺ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി. വ്യക്തിഗത സ്കോർ 21ൽ കോഹ്‌ലിയെ ഡേവിഡ് മാലന്റെ പന്തിൽ രണ്ടാം സ്ലിപ്പിൽ ജയിംസ് ആൻഡേഴ്സൺ കൈവിട്ടു. അർധ സെഞ്ചുറി കടന്നയുടൻ അതേ പൊസിഷനിൽ മാലനും കോഹ്‌ലിക്കു ലൈഫ് നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook