ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് കൂറ്റൻ സ്കോറിൽ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 555 റൺസെന്ന നിലയിലാണ് സന്ദർശകർ. ഇരട്ട സെഞ്ചുറി നേടിയ നായകൻ ജോ റൂട്ടിന്റെ തകർപ്പൻ ഇന്നിങ്സാണ് ഇംഗ്ലണ്ടിനെ വമ്പൻ സ്കോറിലെത്തിച്ചത്. 28 റൺസുമായി ഡൊമിനിക് ബെസ്സും ആറു റൺസുമായി ജാക്ക് ലീച്ചും പുറത്താകാതെ നിൽക്കുകയാണ്.
രണ്ടാം ദിനം 263 റൺസുമായി കളി പുനഃരാരംഭിച്ച ഇംഗ്ലണ്ടിന് ഇന്ന് സ്റ്റോക്സിന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. വെടിക്കെട്ട് താരം ബെൻ സ്റ്റോക്സ് മികച്ച പിന്തുണ കൊടുത്തതോടെ നായകൻ റൂട്ട് അനായാസം സ്കോർബോർഡ് ഉയർത്തി. 118 പന്തി പത്ത് ഫോറും മൂന്ന് സിക്സും അടക്കം 82 റൺസാണ് സ്റ്റോക്സ് നേടിയത്.
Also Read: റൂട്ട് കാലുളുക്കി ഗ്രൗണ്ടിലിരുന്നു; ആദ്യം ഓടിയെത്തിയത് കോഹ്ലി, പിന്നാലെ സ്ട്രെച്ചിങ്
ഒലി പോപ്പും നായകന് മികച്ച പിന്തുണ നൽകിയതോടെ റൂട്ട് ഇരട്ട ശതകം തികച്ചു. 377 പന്തിൽ 19 ഫോറും രണ്ട് സിക്സും അടക്കം 218 റൺസാണ് റൂട്ട് സ്വന്തമാക്കുന്നത്. താരത്തിന്റെ നൂറാം ടെസ്റ്റ് മത്സരം കൂടിയാണിത്. ഇത് അഞ്ചാം തവണയാണ് ടെസ്റ്റിൽ റൂട്ട് ഇരട്ട സെഞ്ചുറി തികയ്ക്കുന്നത്.
എന്നാൽ ഒലി പോപ്പിനെ അശ്വിനും അടുത്ത ഓവറിൽ റൂട്ടിനെ നദീമും വീഴ്ത്തിയതോടെ ഇന്ത്യ മത്സരത്തിലേക്ക് മടങ്ങി വന്നു. പോപ്പ് 34 റൺസിന് പുറത്തായപ്പോൾ 30 റൺസെടുത്ത ബട്ലറിനെ ഇഷാന്താണ് കൂടാരം കയറ്റിയത്. ആർച്ചറിനെ അക്കൗണ്ട് തുറക്കാനും ഇഷാന്ത് അനുവദിച്ചില്ല. നേരിട്ട ആദ്യ പന്തിൽ തന്നെ ഇംഗ്ലിഷ് പേസറും മടങ്ങി.
Also Read: ഐപിഎൽ കളിക്കാൻ അർജുൻ ടെൻഡുൽക്കറും; താരലേല പട്ടികയിൽ പ്രതീക്ഷയോടെ ശ്രീശാന്ത്
ഇംഗ്ലണ്ടിനായി ഓപ്പണർ ഡൊമിനിക് സിബ്ലിയും മികച്ച പ്രകടനം നടത്തി. സിബ്ലി 286 പന്തിൽ 12 ഫോറുകളുടെ അകമ്പടിയോടെ 87 റൺസ് നേടിയാണ് പുറത്തായത്. രണ്ടാം സെഷനിൽ ഇംഗ്ലണ്ടിന് വിക്കറ്റുകളൊന്നും നഷ്ടമായില്ല്. ഇംഗ്ലണ്ടിന് ആദ്യ രണ്ട് വിക്കറ്റും ഒന്നാം സെഷനിലാണ് നഷ്ടമായത്. റോറി ബേൺസ് (33), ഡാനിയൽ ലോറൻസ് (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് ആദ്യ ദിനമായ ഇന്നലെ നഷ്ടമായത്.
ഇന്ത്യയ്ക്കുവേണ്ടി ഇഷാന്ത് ശർമ, ജസ്പ്രീത് ബുംറ, അശ്വിൻ, ഷഹബാസ് നദീം എന്നിവർ രണ്ട് വിക്കറ്റഅ വീതം വീഴ്ത്തി.